മലയാള സിനിമാ മേഖലയിലെ യുവ തലമുറ അണിയിച്ചൊരുക്കുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് നസ്‌ലെന്‍ നായകനായി അഭിനയിച്ച മോളിവുഡ് ടൈംസ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന തന്റെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ വലിയ രീതിയില്‍ മലയാള സിനിമയില്‍ ശ്രദ്ധേയനായ അഭിനവ് സുന്ദര്‍ നായകിന്റെ സംവിധാനം തന്നെയായിരുന്നു ചിത്രത്തിനായി കാത്തിരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
പ്രതീക്ഷകളെല്ലാം കാത്തുസൂക്ഷിച്ച് തന്നെയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനകളാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഒരു സോളോ ഹീറോ എന്ന നിലയില്‍ നസ്‌ലെന് ലഭിക്കുന്ന മികച്ച ചിത്രമാണ് മോളിവുഡ് ടൈംസെന്നും ഇത് താരം കൃത്യമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധായകന്റെ ആദ്യ ചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സുമായി ചിത്രത്തിന്റെ കഥ പറച്ചില്‍ രീതികള്‍ക്ക് ബന്ധമുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു.
മോളിവുഡ് ടൈംസ് . Photo: X.com
മലയാളത്തിലെ യുവതാരങ്ങള്‍ക്കിടയില്‍ നസ്‌ലെന്‍ തന്റെ സ്ഥാനം ഭദ്രമാക്കിയിട്ടുണ്ടെന്നും അഭിനയപ്രാധാന്യമുള്ള പല രംഗങ്ങളും താരം ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ടെന്നുമാണ് റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം മലയാളത്തില്‍ ആട് 3 മുതല്‍ ദൃശ്യം 3വരെ തുടരുന്ന വിജയയാത്ര മോളിവുഡ് ടൈംസിന് തുടരാന്‍ സാധിക്കുമെന്നാണ് പലരും വിലയിരുത്തുന്നത്.
ഒരു സിനിമാക്കാരനാകാന്‍ അതീവമായി ആഗ്രഹിക്കുകയും തന്റെ ആഗ്രഹം നിറവേറ്റാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത വിനീത് മാധവന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ നസ്‌ലെന്‍ വേഷമിടുന്നത്. റിലീസിന് മുമ്പ് ട്രെയ്‌ലര്‍ പുറത്ത് വിട്ടിരുന്നില്ലെങ്കിലും ചിത്രത്തിന്റെതായി പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗാനവും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മോളിവുഡ് ടൈംസ് . Photo: X.com
മോളിവുഡ് ടൈംസ് താന്‍ നസ്‌ലെനായി എഴുതിയ കഥയാണെന്നും താരം സമ്മതം മൂളിയില്ലായിരുന്നെങ്കില്‍ ചിത്രം താന്‍ എഴുതില്ലായിരുന്നുവെന്നും അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ജഗദീഷ്, ഷറഫുദ്ദീന്‍, അലക്‌സാണ്ടര്‍ പ്രദീപ്, സംഗീത് പ്രതാപ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: First response of Abhinav Sunder Nayak’s Mollywood Times starring Naslen out