| Saturday, 1st January 2022, 1:48 pm

ഈ രാക്ഷസനും സംഘത്തിനും അടിപൊളി 2022 ആയിരിക്കട്ടെ; മോണ്‍സ്റ്ററിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ആന്റണി പെരുമ്പാവൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ പുലിമുരുകന് ശേഷം മോഹന്‍ലാല്‍-വൈശാഖ് ടീം ഒന്നിക്കുന്ന സിനിമയായ ‘മോണ്‍സ്റ്ററി’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂരാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

”വിഷിങ് യു ഓള്‍ എ ഫന്റാബുലസ് 2022- ടീം മോണ്‍സ്റ്റര്‍” എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് നിര്‍മാതാവ് കുറിച്ചത്.

ഒരു ഷെഫിന്റെ വേഷത്തില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഒരു ഫണ്ണി ചിത്രമാണ് പോസ്റ്ററിലുള്ളത്.

ചിത്രത്തിന് ആശംസകളുമായി നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

ഉദയകൃഷ്ണ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് നിര്‍മിച്ചിരിക്കുന്നത്.

അല്‍പസമയം മുമ്പ് മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘എലോണ്‍’ എന്ന ചിത്രത്തിന്റെ പോസ്റ്ററും ആന്റണി പെരുമ്പാവൂര്‍ പങ്കുവെച്ചിരുന്നു.

തലക്കെട്ട് സൂചിപ്പിക്കുന്ന പോലെ, ഒരു മുറിയില്‍ തനിച്ച് പുറത്തേക്ക് നോക്കിയിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്റര്‍. ”ടീം എലോണ്‍, വിഷിങ് എവരിവണ്‍ എ വെരി ഹാപ്പി ന്യൂ ഇയര്‍,” എന്നാണ് പോസ്റ്ററിനൊപ്പം എഴുതിയിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി തന്നെയാണ് എലോണും നിര്‍മിച്ചിരിക്കുന്നത്.

രാജേഷ് ജയരാമന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദന്‍ രാമാനുജം ആണ്. ജേക്‌സ് ബിജോയിയുടെതാണ് സംഗീത സംവിധാനം.

മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം ബറോസ് ആണ് ഇവരുടെ കൂട്ടുകെട്ടിലൊരുങ്ങുന്ന മറ്റൊരു ചിത്രം.

പുതുവര്‍ഷത്തില്‍ ഡിസംബര്‍ 31 ന് രാത്രി 12 മണിക്ക് ബറോസിലെ തന്റെ പുതിയ ലുക്ക് മോഹന്‍ലാല്‍ പുറത്ത് വിട്ടിരുന്നു. ആന്റണി പെരുമ്പാവൂരും ഇതേ ചിത്രം പങ്കുവെച്ചിരുന്നു.

മൊട്ടയടിച്ച് നീട്ടിവളര്‍ത്തിയ താടിയും മുടിയും വെച്ചാണ് മോഹന്‍ലാല്‍ ബറോസിന്റെ പുതിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലോകനിലവാരത്തിലുള്ള ഒരു ത്രീഡി ചിത്രമായിട്ടാണ് ബറോസ് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ ജിജോ ആണ്. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

വാസ്‌കോഡ ഗാമയുടെ നിധി അതിന്റെ അവകാശിക്കായി കാത്തൂസൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരവും ബറോസില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: First look poster of Vyshakh- Mohanlal movie Monster is out

Latest Stories

We use cookies to give you the best possible experience. Learn more