ടെഹ്‌റാന്‍: ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ദല്‍ഹിയിലെത്തി. 110 പേരടങ്ങുന്ന സംഘത്തെയാണ് ദല്‍ഹിയിലെത്തിച്ചത്.
യാത്രക്കാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ഉന്നത ഉദ്യോഗസ്ഥരടക്കമെത്തിയിരുന്നു. ജമ്മു കശ്മീരില്‍ നിന്നുള്ള 90 വിദ്യാര്‍ത്ഥികളും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം.
ഉര്‍മിയ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ആദ്യം ഒഴിപ്പിച്ച വിദ്യാര്‍ത്ഥി സംഘത്തെയും അര്‍മേനിയ, ദോഹ വഴിയാണ് ഇന്ത്യയിലെത്തിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാനിലെ സ്ഥിതി വളരെ മോശമാണെന്നും ചെറിയ കുട്ടികളടക്കമുള്ളവരാണ് ദുരിതമനുഭവിക്കുന്നതെന്നും വിമാനത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പറഞ്ഞു. നിലവില് ചില വിദ്യാര്‍ത്ഥികള്‍ അവിടെ ഉണ്ടെന്നും അവര്‍ക്ക് സഹായം ലഭിക്കേണ്ടതുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
‘ഓപ്പറേഷന്‍ സിന്ധു’ മുഖേനയാണ് വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ‘ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യ ഓപ്പറേഷന്‍ സിന്ധു ആരംഭിച്ചു. ജൂണ്‍ 17ന് ഇറാനില്‍ നിന്നുള്ള 110 വിദ്യാര്‍ത്ഥികളെ ഇന്ത്യ അര്‍മേനിയയിലേക്ക് മാറ്റിയിരുന്നു. അവര്‍ ഒരു പ്രത്യേക വിമാനത്തില്‍ യെരേവനില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. 2025 ജൂണ്‍ 19ന് പുലര്‍ച്ചെ ന്യൂദല്‍ഹിയില്‍ എത്തിച്ചേരും,’ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞിരുന്നു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആദ്യ വിമാനം യെരേവനിലെ സ്വാര്‍ട്ട്നോട്ട്സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെട്ടത്. നേരത്തെ ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍മേനിയയിലേക്ക് കടക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം ടെഹ്‌റാനിലെ ആഭ്യന്തര ആസ്ഥാനം തകര്‍ത്തതായി ഇസ്രഈല്‍ അവകാശപ്പെടുന്നുണ്ട്. സൈനിക ഇടപെടല്‍ സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്തുന്നുണ്ടെന്ന് ട്രംപും അറിയിച്ചിരുന്നു.
ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാനിലെ 639 പേര്‍ കൊല്ലപ്പെടുകയും 1320 ഓളം പേര്‍ക്ക് പരിക്കേറ്റതായും വാഷിങ്ടണ്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന അറിയിച്ചിരുന്നു. എന്നാല്‍ ഇറാന്റെ ആരോഗ്യ മന്ത്രാലയത്തിലെ അവസാന അപ്‌ഡേറ്റ് 224 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു.
Content Highlight: First flight of Indians from Iran arrives in Delhi