| Monday, 1st June 2026, 11:01 am

ആദ്യ ഒരു കോടിയും 25 കോടിയും മമ്മൂക്കയുടെ പേരില്‍, അമ്പതും, എഴുപത്തിയഞ്ചും, നൂറും തൂക്കി ലാലേട്ടന്‍; മലയാളത്തില ആദ്യ കോടി ക്ലബ്ബ് ചിത്രങ്ങള്‍ ഇവയെല്ലാം

അശ്വിന്‍ രാജേന്ദ്രന്‍

എന്നും നല്ല ചിത്രങ്ങള്‍ കൊണ്ട് ഇന്ത്യന്‍ സിനിമയ്ക്ക് മുമ്പില്‍ തലയുയര്‍ത്തി നിന്ന ഫിലിം ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. അഭിനയമികവ് കൊണ്ട് സാധാരണ മനുഷ്യരുമായി അടുത്ത് നില്‍ക്കുന്ന കഥാതന്തു കൊണ്ടും മലയാളികളുടെ സാമൂഹ്യ ഉന്നമനത്തിലും മലയാള സിനിമ ഭാഗമായിരുന്നു. മറ്റ് പലയിടങ്ങളിലും നടക്കാറുള്ളതുപോലെ കോടി ക്ലബ്ബുകളുടെ മേനി പറച്ചില്‍ പലപ്പോഴും മലയാള സിനിമയ്ക്ക് അന്യം നിന്നിരുന്നു. എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി കോടികളുടെ ബിസിനസാണ് ഇപ്പോള്‍ മോളിവുഡില്‍ നടന്നു കൊണ്ടിരിക്കുന്നത്.

ബോളിവുഡിനും ടോളിവുഡിനും സ്വപ്‌നം കാണാന്‍ സാധിക്കാത്തത്ര ചെറിയ ബജറ്റില്‍ ചിത്രങ്ങള്‍ നിര്‍മിച്ച് പോസിറ്റീവ് ലഭിച്ചാല്‍ ഈ ചിത്രങ്ങള്‍ നൂറും ഇരുനൂറും കോടി നേടാനുള്ള പൊട്ടന്‍ഷ്യലിലേക്ക് മലയാള സിനിമ വളര്‍ന്നിരിക്കുകയാണ്. കഴിഞ്ഞയാഴ്ച്ച തിയേറ്ററുകളിലേക്കെത്തിയ മോഹന്‍ലാല്‍ നായകനായ ദൃശ്യം 3, 200 കോടിയും കടന്ന് ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്. മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ലോകഃയുടെ റെക്കോര്‍ഡ് ദൃശ്യം 3യ്ക്ക് തകര്‍ക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ച് വിശ്വിസിക്കുന്നത്.

ആ രാത്രി. Photo: Malayalam Latest Movies

മികച്ച പ്രതികരണങ്ങള്‍ ഒരു ചിത്രത്തിന് ലഭിച്ചാല്‍ 400 കോടി വരെ നേടാന്‍ ഇന്ന് കെല്‍പ്പുള്ള മലയാള സിനിമയിലെ ആദ്യ 1, 25, 50, 75, 100 കോടി ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കുകയാണ് സിനിമാ പ്രേക്ഷകര്‍. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു കോടി കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടത്തിലെത്തിയത് മലയാളികളുടെ സ്വന്തം മമ്മൂട്ടി നായകനായെത്തിയ ആ രാത്രി എന്ന ചിത്രമാണ്. മലയാളത്തിലെ ഹിറ്റ് ഡയറക്ടര്‍ ജോഷി സംവിധാനം ചെയ്ത ചിത്രം 1983ലായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്.

മലയാള സിനിമയിലെ മറ്റൊരു നാഴികക്കല്ലായ 25 കോടിയും പിന്നിട്ടത് മമ്മൂട്ടിയുടെ ചിത്രമാണെന്ന് കാണാം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ മാസ് മസാല ആക്ഷന്‍ ചിത്രം രാജമാണിക്യത്തിലൂടെയായിരുന്നു മമ്മൂക്ക ഈ നേട്ടം സ്വന്തമാക്കിയത്. മലയാളത്തിലെ തന്നെ ക്ലാസിക് ചിത്രങ്ങളിലൊന്നായി ചിത്രം മാറുകയും ചെയ്തിരുന്നു. രണ്ടരക്കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ് എന്നതും ശ്രദ്ധേയമാണ്.

പുലിമുരുകന്‍. Photo: Scroll.in

എന്നാല്‍ പിന്നീടങ്ങോട്ടുള്ള അമ്പത് കോടി ക്ലബ്ബിലും എഴുപത്തിയഞ്ച് കോടി ക്ലബ്ബിലും നൂറ് കോടി ക്ലബ്ബിലും മോഹന്‍ലാലിന്റെ ആധിപത്യത്തിനായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. മലയാളത്തിലെ കള്‍ട്ട് ക്ലാസിക്കായ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമായിരുന്നു ആദ്യമായി അമ്പത് കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന ചിത്രം. പിന്നാലെ 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ 75കോടിയിലും ആദ്യ നൂറ് കോടിയിലും പേരെഴുതിച്ചേര്‍ത്ത് ലാലേട്ടന്‍ ചരിത്രം കുറിക്കുകയായിരുന്നു.

Content Highlight: First crore club movies of Mollywood

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more