കൊച്ചി: ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ എ.ഐ അധിഷ്ഠിത നവോത്ഥാന ചിന്തയും സാങ്കേതിക വൈദഗ്ധ്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ Kokos.ai രാജ്യത്തെ ആദ്യത്തെ സ്‌കൂള്‍ തല എ.ഐ. ഹാക്കത്തോണ്‍ NERDS 1.0 പ്രഖ്യാപിച്ചു.
7, 8, 9 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്ന ഈ ദേശീയതല മത്സരം, വിദ്യാര്‍ത്ഥികള്‍ക്ക് എ.ഐ. കോഡിങ്, ഡിസൈന്‍ തിങ്കിങ്, പ്രശ്‌നപരിഹാരശേഷി എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കുന്നതിനൊപ്പം ഭാവിയിലെ സാങ്കേതിക നേതാക്കളെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്.
ലോകമെമ്പാടും എ.ഐ വിവിധ മേഖലകളെ മാറ്റിമറിക്കുന്ന ഈ കാലഘട്ടത്തില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ എ.ഐ. സാങ്കേതികവിദ്യ പരിചയപ്പെടുത്തുകയും, സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഹാരങ്ങള്‍ കണ്ടെത്താന്‍ പ്രാപ്തരാക്കുകയും ചെയ്യുകയാണ് NERDS 1.0ന്റെ പ്രധാന ലക്ഷ്യം.
ഒരു സാധാരണ മത്സരമെന്നതിലുപരി, പഠനം, പരിശീലനം, മെന്ററിങ്, നവീകരണം എന്നിവയെ ഒരുമിച്ച് ഉള്‍ക്കൊള്ളുന്ന സമഗ്രമായ പഠനാനുഭവമാണ് ഈ ഹാക്കത്തോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.
Kokos.ai സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി എ.ഐ, കോഡിങ്, റോബോട്ടിക്‌സ് എന്നീ മേഖലകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം എത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര എഡ്‌ടെക് സ്ഥാപനങ്ങളിലൊന്നാണ്.
ഇന്ന് മൂന്ന് ഭൂഖണ്ഡങ്ങളിലായി ഏഴ് രാജ്യങ്ങളിലെ 150ലധികം സ്‌കൂളുകളിലായി 50,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ കോകോസ് എ.ഐ.യുടെ പാഠ്യപദ്ധതി പിന്തുടരുന്നു.
ഇന്ത്യയ്ക്കു പുറമെ പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും സ്ഥാപനത്തിന്റെ എ.ഐ. വിദ്യാഭ്യാസ പദ്ധതികള്‍ വ്യാപിച്ചിട്ടുണ്ട്. വ്യവസായ വിദഗ്ധര്‍ തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍, ക്ലൗഡ് അധിഷ്ഠിത എ.ഐ. ലേണിങ് വര്‍ക്ക്‌ബെഞ്ച്, റോബോട്ടിക്‌സ് ലാബുകള്‍, അധ്യാപക പരിശീലന പരിപാടികള്‍ എന്നിവയിലൂടെ ഭാവി സാങ്കേതികവിദ്യകള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതില്‍ കോകോസ് എ.ഐ. ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. NERDS 1.0 ഈ ദൗത്യത്തിന്റെ ഏറ്റവും പുതിയ ദേശീയ സംരംഭമായി വിലയിരുത്തപ്പെടുന്നു.
നാല് ഘട്ടങ്ങളിലായുള്ള ഹാക്കത്തോണ്‍
ഓണ്‍ലൈന്‍ ടീം രജിസ്‌ട്രേഷനോടെയാണ് പരിപാടിക്ക് തുടക്കമാകുന്നത്. ഓരോ സ്‌കൂളിനും രണ്ട് ടീമുകള്‍ വരെ രജിസ്റ്റര്‍ ചെയ്യാം. ഓരോ ടീമിലും രണ്ട് മുതല്‍ നാല് വരെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
തുടര്‍ന്ന്, പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മാസത്തെ വിദഗ്ധ പരിശീലനം ലഭിക്കും. എ.ഐ., കോഡിങ്, ഡിസൈന്‍ തിങ്കിങ്, പ്രോജക്ട് വികസനം, പ്രശ്‌നപരിഹാര രീതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ വ്യവസായ വിദഗ്ധര്‍ പരിശീലനം നല്‍കും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് യഥാര്‍ത്ഥ ജീവിതത്തിലെ വെല്ലുവിളികള്‍ക്ക് സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിക്കാനുള്ള കഴിവ് കൈവരിക്കാനാകും.
പരിശീലനത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെ പ്രകടനം വിദഗ്ധ സമിതി വിലയിരുത്തും. അതില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകള്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെടും.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍, മുന്‍കൂട്ടി തയ്യാറാക്കിയ പ്രോജക്ടുകള്‍ അവതരിപ്പിക്കുന്നതിന് പകരം, മത്സരദിവസം തന്നെ പ്രഖ്യാപിക്കുന്ന പുതിയ ഒരു എ.ഐ. ചലഞ്ച് നിശ്ചിത സമയത്തിനുള്ളില്‍ പരിഹരിക്കേണ്ടതായിരിക്കും. വിദ്യാര്‍ത്ഥികള്‍ കണ്ടെത്തുന്ന പരിഹാരങ്ങള്‍ പ്രമുഖ വ്യവസായ വിദഗ്ധരും അക്കാദമിക് മേഖലയിലെ പ്രമുഖരും ഉള്‍പ്പെടുന്ന ജൂറി വിലയിരുത്തി വിജയികളെ തിരഞ്ഞെടുക്കും.
ഭാവിയിലെ എ.ഐ. ഇന്നൊവേറ്റര്‍മാരെ വളര്‍ത്താന്‍
‘എ.ഐ ഇനി ഭാവിയുടെ സാങ്കേതികവിദ്യ മാത്രമല്ല, ഭാവി തലമുറയുടെ അടിസ്ഥാന നൈപുണ്യമാണ്. വിദ്യാര്‍ത്ഥികളില്‍ നവീകരണ ചിന്തയും സാങ്കേതിക ആത്മവിശ്വാസവും വളര്‍ത്തുന്നതിനും, യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക പരിഹാരങ്ങള്‍ കണ്ടെത്താന്‍ അവരെ പ്രാപ്തരാക്കുന്നതിനുമാണ് NERDS 1.0 ആരംഭിച്ചിരിക്കുന്നത്,’ എന്ന് കോകോസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷെഫീക്ക് റഹ്‌മാന്‍ പറഞ്ഞു.
‘സ്‌കൂള്‍ തലത്തില്‍ തന്നെ ലോകോത്തര നിലവാരത്തിലുള്ള എ.ഐ. വിദ്യാഭ്യാസവും പ്രായോഗിക അനുഭവവും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ദീര്‍ഘകാല ലക്ഷ്യം. NERDS 1.0 അതിലേക്കുള്ള നിര്‍ണായക ചുവടുവെയ്പ്പാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ യുവ പ്രതിഭകളുടെ സംഗമം
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ NERDS 1.0ല്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. 7, 8, 9 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ദേശീയതല എ.ഐ. ഹാക്കത്തോണില്‍ പങ്കെടുക്കാം. സാങ്കേതികവിദ്യയോടുള്ള താത്പര്യവും നവീകരണ ചിന്തയും വളര്‍ത്തുന്നതിനൊപ്പം, വ്യവസായ വിദഗ്ധരുമായി സംവദിക്കാനും ഭാവിയിലെ തൊഴില്‍ സാധ്യതകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ഈ വേദി അവസരമൊരുക്കും.
സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് എ.ഐ സങ്കേതിക വിദ്യയെ പ്രായോഗികമായി ഉള്‍ക്കൊള്ളിക്കുന്നതിലൂടെ, ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സ്‌കൂള്‍ തല എ.ഐ. ഹാക്കത്തോണായി NERDS 1.0 മാറുമെന്നാണ് പ്രതീക്ഷ.
പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്‌കൂളുകള്‍ https://kokos.ai/hackathonRegistration.htmlഎന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 2026 ആഗസ്റ്റ് 15 ആണ് രജിസ്‌ട്രേഷനുള്ള അവസാന തീയ്യതി.
രാജ്യത്തെ വിദ്യാര്‍ത്ഥികളില്‍ നവീകരണ ചിന്തയും എ.ഐ. വൈദഗ്ധ്യവും വളര്‍ത്താന്‍ ലക്ഷ്യമിടുന്ന ഈ ദേശീയ സംരംഭത്തിന്റെ ഭാഗമാകാന്‍ സംഘാടകര്‍ എല്ലാ സ്‌കൂളുകളെയും ക്ഷണിച്ചിട്ടുണ്ട്.
Content Highlight: First AI Hackathon for School Students in India: NERDS 1.0 Kicks Off