ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യപ്പെട്ട് തിങ്കളാഴ്ച നടന്ന ഇന്ത്യ സഖ്യത്തിന്റെ റാലിയില്‍ ബാരിക്കേഡിന് കേടു വരുത്തിയെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആറുമായി ദല്‍ഹി പൊലീസ്.
അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയെന്നും ട്രക്ക് ഉപയോഗിച്ച് ബാരിക്കേഡുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയെന്നും പറഞ്ഞ് രണ്ട് എഫ്.ഐ.ആറുകള്‍ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാരഖംബ റോഡ്, തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനുകളിലായാണ് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തത്.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സി.പി.ഐ.എം നേതാവ് എം.എ. ബേബി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവരടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
സുപ്രീം കോടതിയിലേക്കായിരുന്നു ദല്‍ഹി ചലോ എന്ന പേരില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്നും എസ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പതിനായയിരക്കണക്കിന് പേര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.
ബാരഖംബ റോഡില്‍ നിന്നായിരുന്നു റാലി ആരംഭിച്ചത്. സുപ്രീം കോടതിയ്ക്ക് 600 മീറ്റര്‍ അകലെ വെച്ച് ഭഗ്വാന്‍ ദാസ് റോഡിന് സമീപം ബാരിക്കേഡ് വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ ബാരിക്കേഡിന് മുകളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും ബാരിക്കേഡുകള്‍ മറിച്ചിടുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും എസ്.ഐ.ആറിനുമെതിരെ രാഹുല്‍ ഗാന്ധിയും ഇന്ത്യ മുന്നണി നേതാക്കളും കോടതിയില്‍ ഇന്നലെ ഹരജി സമര്‍പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഹരജി സ്വീകരിക്കാന്‍ കോടതി തയ്യാറായില്ലെന്ന് ഇന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
14 പിഴവുകള്‍ ഉണ്ടെന്നാരോപിച്ച് കോടതി രജിസട്രി ഹരജി ഫയലില്‍ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കോടതി ഫീസില്‍ 220 രൂപയുടെ കുറവുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പിന് വ്യക്തതയില്ലെന്നടക്കമുള്ള വാദങ്ങളാണ് രജിസ്ട്രി പറയുന്നത്.
ഈ പോരായ്മകള്‍ പരിഗണിക്കാതെ ഹരജി വാദത്തിനായി പരിഗണിക്കില്ലെന്നും രജിസ്ട്രി പറയുന്നു. ഫയലിങ് ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് രജിസ്ട്രി പറയുന്നത്. ഹരജി സമര്‍പ്പിച്ച ഒമ്പതു നേതാക്കളുടെ വക്കാലത്ത് ഒപ്പിടാത്തതോ വിട്ടുപോയതോ ആയ നിലയിലാണെന്നും അവര്‍ അവകാശപ്പെടുന്നു. സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സഞ്ജയ് റാവത്ത്, എം.എ ബേബി, ഡി രാജ, മഹുവ, സുപ്രിയ സുലെ, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരുടെ അധികാരപത്രങ്ങളിലാണ് കോടതി ഈ പ്രശ്‌നം പറഞ്ഞതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Content Highlight: FIRs filed over Rahul Gandhi-led India bloc protest, ‘barricade damage’ in Delhi