| Thursday, 5th November 2020, 5:01 pm

കോടികള്‍ മുടക്കി സിനിമ വരെ എടുക്കുന്നു, ഇനിയും വിമര്‍ശിക്കണം, അതാണ് എനിയ്ക്കും വേണ്ടത്: ഫിറോസ് കുന്നംപറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്‍ റിയാസ് ഖാന്റെ പുതിയ ചിത്രമായ മായക്കൊട്ടാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ പോസ്റ്ററിനെയും പോസ്റ്ററിലെ വാചകത്തേയും ചുറ്റിപ്പറ്റി ചില ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നു.

‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി’ എന്നായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ വാചകം.

സിനിമയുടെ ആദ്യ പോസ്റ്റര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെയും ചേര്‍ത്ത് വെച്ച് ട്രോളുകളും സജീവമായിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഫിറോസ്.

വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാറില്ലെന്നും ഒരുപറ്റം ആളുകള്‍ തന്നെ കൂട്ടമായി ആക്രമിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നുമായിരുന്നു ഫിറോസ് കുന്നംപറമ്പില്‍ പ്രതികരിച്ചത്.

ഇവര്‍ക്ക് വേണ്ടത് തന്റെ രാഷ്ട്രീയവും മതവും ആണെങ്കില്‍ അവരുടെ മുന്‍പില്‍ മുട്ടുമടക്കാന്‍ താത്പര്യമില്ലെന്നും താന്‍ കള്ളപ്പണം വെളുപ്പിക്കുകയോ സ്വര്‍ണം കടത്തുകയോ മയക്കുമരുന്ന് വില്‍ക്കുകയോ ചെയ്തിട്ടില്ലെന്നും നിര്‍ദ്ധനനായവരെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഫിറോസ് പറഞ്ഞു.

‘എനിക്കെതിരെ എന്ത് അന്വേഷണവും വരട്ടെ, അന്വേഷിക്കുന്നുണ്ടല്ലോ, ഇനി സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെങ്കില്‍ അന്വേഷിക്കട്ടെ. എല്ലാവരും പറയുന്ന പോലെയല്ല ഫിറോസ് കുന്നംപറമ്പിലിന്റെ മടിയില്‍ കനമില്ല.

ഇത് പറയുമ്പോള്‍ ചിലര്‍ക്ക് സുഖിക്കില്ല. നിങ്ങള്‍ നിങ്ങളുടേതായി രീതിയില്‍ പോയ്‌ക്കോളൂ. വിമര്‍ശിക്കുന്നവര്‍ വിമര്‍ശനം കുറയ്ക്കരുത്. നിങ്ങള്‍ വിമര്‍ശിക്കും തോറും പൊതുസമൂഹം എന്നെ ഏറ്റെടുക്കും. നിങ്ങള്‍ ഒരു വലിയൊരു ഗ്രൂപ്പുണ്ട്. അവര്‍ ഇപ്പോള്‍ സിനിമ വരെ ഇറക്കാന്‍ പോകുന്നു. ലക്ഷങ്ങളും കോടികളും മുടക്കി സിനിമ എടുത്ത് തേജോവധം ചെയ്യുകയാണ്. നിങ്ങള്‍ക്ക് ഇതൊരു ബിസിനസാണ്.

എന്നാല്‍ നിങ്ങളുടെ ബിസിനസിനിടയില്‍ നിങ്ങള്‍ കാണാത്ത നിങ്ങളെ വിശ്വസിക്കുന്ന വിഡ്ഡികളായ കുറേ ആളുകളുണ്ട്. നിങ്ങളെ വിശ്വസിച്ച് മരുന്നിന് വകയില്ലാതെ ബുദ്ധിമുട്ടിലായവര്‍ ഉണ്ട്. നിങ്ങളുടെ പ്രസ്ഥാനത്തിന്റെ പേര് പറയുന്നില്ല. അത്തരം ആളുകള്‍ എന്നെപ്പോലുള്ളവരെ കാത്തിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോള്‍ എന്താണോ ചെയ്യുന്നത് അത് ഇനിയും ചെയ്തുകൊണ്ടിരിക്കും. നിങ്ങള്‍ അടിച്ചു താഴെയിടുന്നതുവരെ ഞാന്‍ മുന്നോട്ട് പോകും.

വിവാദങ്ങള്‍ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കണം. എനിക്കെതിരെ പറയാനുള്ളത് പ്രചരിപ്പിച്ചുകൊണ്ടേയിരിക്കണം. അപ്പോഴാണ് കൂടുതല്‍ ഫണ്ട് വരുന്നത്. കൂടുതല്‍ ആളുകളിലേക്ക് എന്റെ വീഡിയോകള്‍ എത്തിക്കാന്‍ കഴിയുന്നത്. അത് നിര്‍ത്തരുത്. അഭ്യര്‍ത്ഥിക്കുകയാണ്. തമാശയ്ക്ക് പറയുകയല്ല. നിങ്ങള്‍ എനിക്കെതിരെ ശക്തമായി മുന്നോട്ടുവരണം. നിങ്ങള്‍ അത്രമാത്രം ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട്. അത് ഞാന്‍ കാണുന്നുണ്ട്.

ഫിറോസ് കുന്നംപറമ്പലിനേയും ഓണ്‍ലൈന്‍ ചാരിറ്റിയേും തകര്‍ക്കാന്‍ കോടിക്കണക്കിന് രൂപ ഇറക്കാന്‍ ഇവര്‍ക്കാക്കും. എന്നെ നിങ്ങള്‍ എന്തിന് പേടിക്കുന്നു.. കുറേ രോഗികളെ ചേര്‍ത്തുപിടിക്കുന്നവരെ, ആര്‍ക്കും വേണ്ടാത്തവര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്നവരെ നിങ്ങള്‍ എന്തിന് ഭയപ്പെടണം’ ഫിറോസ് ഫേസ്ബുക്ക് വീഡിയോയില്‍ ചോദിച്ചു.

അതേസമയം നല്ല രീതിയില്‍ ഓണ്‍ലൈന്‍ ചാരിറ്റി ചെയ്യുന്നവരെ ആക്ഷേപിക്കാന്‍ അല്ല സിനിമയെന്നും തട്ടിപ്പ് നടത്തുന്നവരെ മാത്രം ലക്ഷ്യമിട്ട്, അത്തരത്തിലൊരു കഥാപാത്രത്തെ മുന്‍നിര്‍ത്തിയുള്ള സിനിമാണിതെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ ഇന്നലെ വ്യക്തമാക്കിയത്.

‘ആ പോസ്റ്റര്‍ കാണുമ്പോള്‍ ഇത് ചില ആളുകളെ ഉദ്ദേശിച്ചല്ലേ എന്ന് നമുക്ക് തോന്നും. അതേസമയം അങ്ങനെ ചിന്തിച്ചോട്ടെ എന്ന് കരുതിയുമാണ് ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ ഇറക്കിയത്’, എന്നാണ് നടന്‍ റിയാസ് ഖാന്‍ പ്രതികരിച്ചത്.

കെ.എന്‍ ബൈജുവാണ് മായക്കൊട്ടാരം സംവിധാനം ചെയ്യുന്നത്. ബൈജു തന്നെയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കന്നഡ താരം ദിഷ പൂവയ്യയാണ് നായിക. മാമുക്കോയ, ജയന്‍ ചേര്‍ത്തല, സാജു കൊടിയന്‍, കേശവദേവ്, കുളപ്പുള്ളി ലീല, നാരായണന്‍കുട്ടി, തമിഴ് നടന്‍ സമ്പത്ത് രാമന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Firoz Kunnamparambil about movie Mayakkottaram

We use cookies to give you the best possible experience. Learn more