| Friday, 12th September 2025, 7:48 pm

പന്നിയെ പൊരിക്കാമോ എന്ന് ചോദിച്ച് ഇഷ്ടം പോലെ കമന്റുകള്‍ വരാറുണ്ട്, അതിനെല്ലാം ഒന്നേ പറയാനുള്ളൂ; ഫിറോസ് ചുട്ടിപ്പാറ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യൂട്യൂബ് ചാനലിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് ഫിറോസ് ചുട്ടിപ്പാറ. ദുബായ്‌യിലെ ജോലി മതിയാക്കി നാട്ടില്‍ വന്ന് ചില സംരംഭങ്ങള്‍ ആരംഭിച്ചെങ്കിലും അതില്‍ ലാഭം കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പിന്നീട് യൂട്യൂബില്‍ പാചക വീഡിയോകളിലൂടെ പതിയെ ശ്രദ്ധ നേടുകയായിരുന്നു.

വില്ലേജ് ഫുഡ് ചാനല്‍ എന്ന പേരിലാരംഭിച്ച ചാനല്‍ ലോക്ക്ഡൗണ്‍ കാലഘട്ടത്തിലാണ് കൂടുതല്‍ ജനപ്രിയമായത്. വിവിധതരം ഭക്ഷണങ്ങള്‍ വലിയ അളവിലുണ്ടാക്കുന്ന വീഡിയോ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. പാലക്കാടന്‍ ശൈലിയിലെ അവതരണവും ചാനലിനെ വ്യത്യസ്തമാക്കിയിരുന്നു. ജോലിസംബന്ധമായ കാരണങ്ങളാല്‍ യൂട്യൂബ് വീഡിയോ കുറക്കുന്നു എന്ന് ഫിറോസ് ചുട്ടിപ്പാറ അടുത്തിടെ അറിയിച്ചിരുന്നു.

ആഴ്ചയില്‍ ഒരു വീഡിയോ വീതം ചെയ്തുകൊണ്ടിരുന്ന വില്ലേജ് ഫുഡ് ചാനല്‍ മാസത്തില്‍ ഒന്ന് എന്ന നിലയിലേക്ക് മാറി. യൂട്യൂബ് ചാനല്‍ കാരണം എവിടെ പോയാലും ആളുകള്‍ തിരിച്ചറിയുമെന്ന് പറയുകയാണ് ഫിറോസ് ചുട്ടിപ്പാറ. തായ്‌ലന്‍ഡില്‍ പാചകത്തിന് പോയപ്പോള്‍ ബാംഗ്ലൂര്‍ സ്വദേശിയായ ഒരാള്‍ തന്നെക്കണ്ട് ഓടിവന്നെന്ന് അദ്ദേഹം പറഞ്ഞു.

‘എവിടെപ്പോയാലും ഇപ്പോള്‍ ആളുകളറിയും. സൗദി അറേബ്യയില്‍ ജോലിയുടെ ആവശ്യത്തിന് ഈയിടക്ക് പോയിരുന്നു. ലിഫ്റ്റില്‍ കയറിയപ്പോള്‍ ഒരു അറബി എന്നെത്തന്നെ നോക്കിക്കൊണ്ടു നിന്നു. പിന്നീട് അറബിയില്‍ എന്നോട് സംസാരിച്ചു. അഞ്ച് വര്‍ഷത്തോളം അവിടെ താമസിച്ചതുകൊണ്ട് എന്താണ് പറഞ്ഞതെന്ന് മനസിലായി.

‘നിങ്ങളെ എവിടെയോ കണ്ടിട്ടുണ്ട്’ എന്നായിരുന്നു പുള്ളി പറഞ്ഞത്. യൂട്യൂബ് ചാനലിന്റെ കാര്യം പറഞ്ഞപ്പോള്‍ അയാള്‍ക്ക് മനസിലായി. കുറച്ചുനേരം എന്നോട് സംസാരിച്ചു. ഒരു പരിചയവുമില്ലാത്തവര്‍ വന്ന് അടുത്ത വീഡിയോ ഏതാണെന്ന് ചോദിക്കാറുണ്ട്. ‘പന്നിയെ പൊരിക്കാമോ’ എന്ന് ചോദിച്ച് ഒരുപാട് കമന്റുകള്‍ വീഡിയോയുടെ താഴെ വരാറുണ്ട്. നമുക്ക് അത് ചെയ്യാന്‍ പറ്റാത്ത കാര്യമാണ്. എന്നിരുന്നാലും ചെയ്യാന്‍ ശ്രമിക്കും.

ചന്തുവിനെ തോല്പിക്കാനാകില്ല മക്കളേ എന്നാണ് ഇക്കാര്യത്തില്‍ എന്റെയൊരു ലൈന്‍. ഇതിനെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് പറയാനുള്ളത്, ഓരോരുത്തര്‍ക്കും അവരവരുടേതായ സംസ്‌കാരവും വിശ്വാസവുമുണ്ട്. ഇപ്പോള്‍ ചൈനയിലാണെങ്കില്‍ പോലും അവിടെ പല പ്രവിശ്യകളാണുള്ളത്. ചൈനയിലെ എല്ലാവരും പാമ്പിനെ തിന്നുന്നവരാണെന്ന തെറ്റിദ്ധരാണ എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, പാമ്പിനെ തിന്നാത്ത ആളുകളുള്ള സ്ഥലങ്ങളും ചൈനയിലുണ്ട്.

ഒരു സംസ്‌കാരത്തെയും മുറിവേല്പിക്കാന്‍ പാടില്ലെന്നാണ് എന്റെ ലൈന്‍. പന്നിയെ പൊരിക്കാമോ എന്ന് ചോദിച്ചാല്‍ എനിക്ക് അത് ചെയ്യേണ്ട കാര്യമില്ല. അതിന് പകരം വേറെ കുറച്ച് കാര്യങ്ങള്‍ ഞാന്‍ കണ്ടുവെച്ചിട്ടുണ്ട്. അതുമായി മുന്നോട്ടുപോവാനാണ് തീരുമാനം,’ ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു.

Content Highlight: Firoz Chuttippara about the comments he got from Youtube

We use cookies to give you the best possible experience. Learn more