| Wednesday, 17th September 2025, 10:17 pm

മയിലിനെ കറിവെച്ചാല്‍ ഇങ്ങോട്ട് വരണ്ട എന്നുവരെ ചിലര്‍ അന്ന് പറഞ്ഞിരുന്നു, അങ്ങനെയൊരു ചിന്ത എനിക്കുണ്ടായിരുന്നില്ല: ഫിറോസ് ചുട്ടിപ്പാറ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയ അളവില്‍ ഭക്ഷണമുണ്ടാക്കുന്ന യൂട്യൂബ് വീഡിയോയിലൂടെ ശ്രദ്ധ നേടിയ ഫുഡ് വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. സൗദി അറേബ്യയിലെ ജോലി മതിയാക്കി നാട്ടിലെത്തിയ ഫിറോസ് യൂട്യൂബില്‍ നിന്നും വരുമാനം ലഭിക്കുമെന്ന് മനസിലാക്കിയ ആദ്യകാല വ്‌ളോഗര്‍മാരില്‍ ഒരാളാണ്. ലോക്ക്ഡൗണ്‍ കാലത്ത് അദ്ദേഹത്തിന്റെ വീഡിയോകള്‍ വലിയ രീതിയില്‍ വൈറലായിരുന്നു.

യൂട്യൂബില്‍ നിന്നുള്ള വരുമാനം മാത്രം ആശ്രയിക്കാതെ മറ്റൊരു വരുമാനമാര്‍ഗം തെരഞ്ഞെടുക്കുകയും യൂട്യൂബ് വീഡിയോകളുടെ എണ്ണം കുറക്കുകയുമാണെന്നും ഫിറോസ് ചുട്ടിപ്പാറ അറിയിച്ചിരുന്നു. ഇപ്പോഴിതാ യൂട്യൂബില്‍ താന്‍ നേരിട്ട ഏറ്റവും വലിയ വിവാദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഫിറോസ് ചുട്ടിപ്പാറ. മയിലിനെ കറി വെക്കുമെന്ന് പറഞ്ഞ വീഡിയോ താന്‍ ഉദ്ദേശിച്ചതിലും വലിയ വിവാദമായെന്ന് അദ്ദേഹം പറഞ്ഞു.

‘മയിലിനെ കറിവെക്കുമെന്ന് പറഞ്ഞ വീഡിയോ വലിയ വിവാദമായി. സത്യം പറഞ്ഞാല്‍ അതൊരു പ്രൊമോഷന്‍ വീഡിയോയായിരുന്നു. എന്റെയൊരു സുഹൃത്ത് അയാളുടെ ട്രാവല്‍സിന് ഒരു പ്രൊമോഷന്‍ വേണമെന്നുള്ളതുകൊണ്ട് ഞങ്ങളെ ദുബായിലേക്ക് കൊണ്ടുപോയതായിരുന്നു. വെറുതേ ദുബായില്‍ പോകുന്നു എന്ന് പറഞ്ഞാല്‍ ഒരു ഗുമ്മില്ലാത്തതുകൊണ്ടാണ് അങ്ങനെയൊരു ഐഡിയ പുറത്തെടുത്തത്.

മയിലിനെ ദുബായില്‍ പോയി കറിവെക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ആളുകള്‍ക്ക് ആകാംക്ഷയായി. മൂന്ന് പാര്‍ട്ടുള്ള വീഡിയോയായാണ് അത് പ്ലാന്‍ ചെയ്തത്. ആദ്യത്തെ പാര്‍ട്ട് പുറത്തുവിട്ടപ്പോഴേക്ക് സംഗതി വിവാദമായി. ചാനലിലൊക്കെ അത് ചര്‍ച്ചാവിഷയമായി. മതത്തിന്റെ ആളുകളെല്ലാം ഇടപെട്ട് വേറൊരു ആംഗിളില്‍ അത് മാറിക്കഴിഞ്ഞു. അപ്പോള്‍ തന്നെ അത് പ്രാങ്കാണെന്ന് പറയാമായിരുന്നു. പക്ഷേ, രണ്ട് പാര്‍ട്ട് കൂടി പുറത്തുവരാനുണ്ടായിരുന്നു.

നാട്ടില്‍ നിന്നൊക്കെ കുറെ കോളുകളും വീഡിയോയുടെ താഴെ ഒരുപാട് കമന്റുകളും വരുന്നത് കണ്ടിരുന്നു. ‘മയിലിനെ കറിവെച്ചോ, കൂടെ ഞങ്ങളുണ്ട്’ എന്ന് ഒരു ടീം പറഞ്ഞപ്പോള്‍ ‘കറി വെച്ചാല്‍ നീ പിന്നെ ഇങ്ങോട്ട് വരണ്ട’ എന്നൊക്കെ ആള്‍ക്കാര്‍ പറയാന്‍ തുടങ്ങി. മയിലിനെ കറി വെക്കണമെന്ന ചിന്ത പോലും എനിക്കോ എന്റെ സുഹൃത്തുക്കള്‍ക്കോ ഉണ്ടായിരുന്നില്ല.

അത് മാത്രമല്ല, കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു പക്ഷിയാണ് മയില്‍. അതിന്റെ നിറവും പീലികളും എല്ലാവര്‍ക്കും ഇഷ്ടമാണ്. അപ്പോള്‍ അതിനെ കൊല്ലുന്നത് കാണിച്ചാല്‍ എനിക്ക് ക്രൂരനെന്ന ഇമേജായിരിക്കും കിട്ടുക. അതുകൊണ്ട് ഒരിക്കലും മയിലിനെ കൊല്ലുക എന്നൊരു ചിന്ത അടുത്തുകൂടി പോയിട്ടേയില്ല,’ ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു.

Content Highlight: Firoz Chuttipara explains the truth behind peacock issue

We use cookies to give you the best possible experience. Learn more