| Thursday, 1st October 2026, 8:27 am

ഒന്നരലക്ഷം രൂപയാണ് ഒരു പോത്തിന്, വില പേശി വാങ്ങി നിര്‍ത്തിപൊരിച്ചു; അനുഭവം പങ്കുവെച്ച് ഫിറോസ് ചുട്ടിപ്പാറ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് വരെ സുപരിചിതനായ യൂട്യൂബ് വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. വെല്‍ഡിങ് തൊഴിലാളിയായി പ്രവാസ ജീവിതം നയിച്ച ഫിറോസ് തിരിച്ച് നാട്ടിലെത്തുകയും യൂട്യൂബറായി കരിയര്‍ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ മലയാളത്തിലെ ഏറ്റവുമധികം ഫോളോവേഴ്സുള്ള ചാനലായി അദ്ദേഹത്തിന്റെ വില്ലേജ് ഫുഡ് ചാനല്‍ മാറുകയായിരുന്നു.

ആദ്യകാല വീഡിയോകളില്‍ കുറഞ്ഞ അളവിലുള്ള ഭക്ഷണവിഭവങ്ങള്‍ പാകം ചെയ്താണ് ഫിറോസ് ചുട്ടിപ്പാറ വ്ളോഗിങ് കരിയര്‍ ആരംഭിച്ചതെങ്കിലും പിന്നാലെ വലിയ അളവിലുള്ള പാചകത്തിലൂടെ അദ്ദേഹം ശ്രദ്ധ നേടുകയായിരുന്നു. ഭക്ഷണം പാകം ചെയ്ത് തന്റെ നാട്ടിലുള്ളവര്‍ക്കും അനാഥാലയങ്ങളിലും വിതരണം ചെയ്യുന്ന അദ്ദേഹത്തിന്റെ കണ്ടന്റുകള്‍ക്കും വലിയ പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. കുഴിയിലിട്ടുണ്ടാക്കിയ ബീഫ് റോസ്റ്റ്, ഒട്ടക റോസ്റ്റ്, ഒട്ടകപക്ഷിയുടെ മുട്ട ഓംലെറ്റ് തുടങ്ങി വിവിധങ്ങളായ ഭക്ഷണവിഭവങ്ങളിലൂടെ കോടിക്കണക്കിന് കാഴ്ചക്കാരെയാണ് ഫിറോസ് തന്റെ യൂട്യൂബ് ചാനലിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

ഫിറോസ് ചുട്ടിപ്പാറ. Photo: Village Food channel/ Youtube.com

വില്ലേജ് ഫുഡ് ചാനലില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട വീഡിയോകളിലൊന്നായിരുന്നു 600 കിലോയിലധികം ഭാരമുള്ള ഭീമന്‍ പോത്തിനെ കുഴിയിലിട്ട് ചുട്ടെടുക്കുന്നത്. അടുത്തിടെ സുജിത്ത് ഭക്തന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഒരു ലക്ഷം രൂപയിലധികം നല്‍കി ഭീമന്‍ പോത്തിനെ വാങ്ങിയതിനെ കുറിച്ച് പറയുകയാണ് ഫിറോസ്.

‘ഒരു വീഡിയോ ചെയ്യണമെങ്കില്‍ ഞങ്ങള്‍ക്ക് നല്ല ചെലവ് വരുന്നുണ്ട്. ഒരു പോത്തിനെ വാങ്ങാന്‍ എല്ലാം നല്ല പൈസയാവും. ഒരിക്കല്‍ ചെയ്ത വീഡിയോയിലെ പോത്തിന് ഒന്നര ലക്ഷം രൂപയാണ്. അത്രയും വലിയ പോത്താണ്. അവസാനം കുറേ ദിവസം കഴിഞ്ഞിട്ടും കച്ചവടമായി പോകാതായതോടെ അതിന്റെ ഉടമയുടെ കൈയില്‍ നിന്നും ഞാനതിനെ വാങ്ങി.

ഫിറോസ് ചുട്ടിപ്പാറ. Photo: Village Food channel/ Youtube.com

പതിനായിരം രൂപ വേറെ ഒരാള്‍ക്ക് കമ്മീഷന്‍ കൊടുത്തതടക്കം ഒരു ലക്ഷം രൂപയ്ക്കാണ് ഞാനതിനെ വാങ്ങിച്ചത്. അയാളായിരുന്നു ദിവസവും ഉടമയുടെ വീട്ടില്‍ പോയി വില പേശിയത്. കാരണം അത്രയും വലിയ പോത്താണ്. അത്രയും വലിയ കച്ചവടക്കാരന് മാത്രമേ അതിനെ മേടിക്കാന്‍ പറ്റുള്ളൂ. ജീവനോടെ ഇതിന് ഒരു ടണ്ണിന് മേലെ വെയിറ്റുണ്ട്. അതെല്ലാമാണ് ഇതിലെ പ്രശ്‌നം,’ ഫിറോസ് പറഞ്ഞു.

Content Highlight: Firoz chutiippara talks about his video making expenses

We use cookies to give you the best possible experience. Learn more