കല്ലേക്കാട്: പാലക്കാട് കല്ലേക്കാട്ടില്‍ കടകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ നിര്‍ണായകമായ കണ്ടെത്തല്‍. കടകള്‍ക്ക് തീവെച്ചതാണെന്ന് പൊലീസ് കണ്ടെത്തി. ശനിയാഴ്ച രാത്രി 10.30ഓടെ പൊലീസ് ക്യാമ്പിന് സമീപത്തായാണ് സംഭവം നടന്നത്.
സംഭവത്തില്‍ പരിസരവാസിയായ വി. രാധാകൃഷ്ണന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തേനൂര്‍ സ്വദേശികളായ ലക്ഷ്മണന്റെ ചായക്കടയിലും ഗിരിജയുടെ പച്ചക്കറി കടയിലുമാണ് തീപിടിച്ചത്. ഇവരുടെ കടകള്‍ക്കിടയിലെ രമേശ് എന്നയാളുടെ കടയ്ക്ക് ഭാഗികമായും തീപിടിച്ചിരുന്നു. ഇതാണ് പൊലീസില്‍ സംശയമുണ്ടാക്കിയത്.
മൂന്ന് കടകളും തമ്മില്‍ പത്തടി അകലമാണ് ഉള്ളതെന്നാണ് പൊലീസ് പറയുന്നത്. അപ്പോള്‍ എങ്ങനെയാണ് രമേശിന്റെ കടയ്ക്ക് മാത്രം ഭാഗികമായി തീപിടിക്കുമെന്ന സംശയം പൊലീസിന് ഉണ്ടായി. തുടര്‍ന്നുണ്ടായ പരിശോധനയിലാണ് രാധാകൃഷ്ണനെ കസ്റ്റഡിയിലെടുക്കുന്നത്.
വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഇയാള്‍ കടകള്‍ക്ക് തീവെച്ചത്. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. നേരത്തെ ഇയാള്‍ കടകള്‍ക്ക് തീവെക്കുമെന്ന രീതിയില്‍ പലരോടും സംസാരിച്ചതായും വിവരമുണ്ട്.
നേരത്തെ തേനൂര്‍ സ്വദേശികളുടെ കടകള്‍ക്ക് സമീപത്തായി രാധാകൃഷ്ണന് ഒരു കടമുറിയുണ്ടായിരുന്നു. ഈ കടയിലാണ് ലക്ഷ്മണ്‍ ആദ്യം ചായക്കട നടത്തിയിരുന്നത്.
ചില തര്‍ക്കങ്ങളെ തുടര്‍ന്ന് മറ്റൊരു കടയിലേക്ക് ലക്ഷ്മണ്‍ കച്ചവടം മാറ്റുകയായിരുന്നു. പിന്നീട് പച്ചക്കറി കടയിലെ മാലിന്യങ്ങള്‍ തന്റെ പറമ്പിലേക്കാണ് തള്ളുന്നതെന്ന് ആരോപിച്ച് ഗിരിജ, ലക്ഷ്മണ്‍ എന്നിവരുമായി രാധാകൃഷ്ണന്‍ നിരന്തരം തര്‍ക്കത്തിലേര്‍പ്പെടുകയിരുന്നു.
ഇതിനുപിന്നാലെയാണ് ഇയാള്‍ കടകള്‍ക്ക് തീവെച്ചത്. തീവെക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്.
സംഭവത്തില്‍ ടൗണ്‍ നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് പച്ചക്കറി കടയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചിരുന്നു. ഓലയും ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച കടകളായതിനാല്‍ തീ ആളിപടരാന്‍ കാരണമായെന്നും പൊലീസ് പറഞ്ഞിരുന്നു.
Content Highlight: Fire incident at Palakkad shops; local resident arrested