| Thursday, 4th August 2016, 6:59 am

ദുബായ് വിമാനാപകടം: രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എമിറേറ്റ്‌സ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനം ലാന്റ് ചെയ്യുന്നതിനിടെയുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ മരിച്ചു. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥനായ ജാസിം എന്ന യു.എ.ഇ സ്വദേശിയാണ് മരിച്ചത്. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

അപകടം നടന്നയുടന്‍ എമര്‍ജന്‍സി വാതിലിലൂടെ യാത്രക്കാരെ മുഴുവന്‍ പുറത്തെത്തിച്ചിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ചെറിയ പരുക്കുകള്‍ മാത്രമാണ് ഏറ്റിട്ടുള്ളത്. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയിട്ടുണ്ടെന്ന് എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരത്തു നിന്നും ദുബായില്‍ എത്തിയ ഇ.കെ 521 വിമാനത്തിനാണ് തീപിടിച്ചത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എന്‍ജിന് തീപിടിക്കുകയായിരുന്നു. തീ വ്യാപകമാകുന്നതിനു മുമ്പ് എമര്‍ജെന്‍സി വാതിലിലൂടെ യാത്രക്കാര്‍ സുരക്ഷിതമായി രക്ഷപ്പെട്ടു.

യാത്രക്കാരും ജീവനക്കാരും ഉള്‍പ്പടെ 275 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. രാവിലെ തിരുവനന്തപുരത്ത് നിന്നും 10.19നാണ് വിമാനം യാത്ര തിരിച്ചത്. ഏകദേശം 60ഓളം മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്.

മണിക്കൂറുകള്‍ പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. വിമാനം പൂര്‍ണമായി കത്തിനശിച്ചു. യാത്രാക്കരുടെ ലഗേജുകളും പൂര്‍ണമായി അഗ്‌നിക്കിരയായി. അപകടത്തെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ദുബായിലേക്കുള്ള വിമാനങ്ങള്‍ സമീപ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിട്ടു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. അതിനിടെ വിമാനം ക്രാഷ് ലാന്‍ഡ് ചെയ്ത ഉടന്‍ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ വിമാനത്തിന് തീ പിടിച്ചതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ പുതിയത് അനുവദിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ രേഖകളുമായി കോണ്‍സുലേറ്റിനെ സമീപിക്കണം. ആവശ്യമുള്ളവര്‍ക്ക് മറ്റു സഹായങ്ങളും കോണ്‍സുലേറ്റ് നല്‍കും.

Latest Stories

We use cookies to give you the best possible experience. Learn more