കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാന്‍ഡിന് സമീപം വൻ തീപ്പിടുത്തം. ബസ് സ്റ്റാന്‍ഡിലെ കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയിലാണ് തീപ്പിടുത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഇതുവരെ തീ നിയന്ത്രണവിധേയമായിട്ടില്ല. ഫയർ ഫോഴ്‌സ് തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
സമീപത്തെ കടകളിലേക്കും ചെറിയ തോതിൽ തീ പടർന്നിട്ടുണ്ടെന്നാണ് വിവരം. ഇപ്പോൾ കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
വെള്ളമൊഴിച്ച് മാത്രം തീയണക്കുക എന്നത് ആസാധ്യമെന്നാണ് വിലയിരുത്തൽ. കെട്ടിടം പൂർണമായും എയർകണ്ടീഷനിലായിരുന്നതിനാൽ വെള്ളമൊഴിക്കുമ്പോൾ വീണ്ടും തീ ആളിപടരുകയാണ് ചെയ്യുന്നത്.
അതേസമയം ഓക്സിജൻ സിലിണ്ടറുമായി കെട്ടിടത്തിന്റെ ഉള്ളിലേക്ക് കടക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വിമാനത്താവള അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടമുണ്ടായ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. പുക ഉയർന്നപ്പോൾ തന്നെ ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. സമീപത്തുള്ള കടകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.
ടെക്സ്റ്റൈൽസിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായതെന്ന് നാട്ടുകാർ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ഒന്നര മണിക്കൂറോളമായി കെട്ടിടത്തിൽ തീ ആളിപടരുകയാണെന്നും നാട്ടുകാർ പറയുന്നു.
നിലവിൽ കോഴിക്കോട് പുതിയ സ്റ്റാൻഡിന് സമീപത്തായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിൽ മെഡിക്കൽ സൗകര്യങ്ങൾ ഉൾപ്പെടെ സജ്ജമാണ്.
അഗ്നിരക്ഷാ സേനകളുടെ വാഹനം മാത്രമാണ് കടത്തിവിടുന്നത്. ജില്ലയിലെ ഉന്നതരായ എല്ലാ അധികൃതരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീയണക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് എസ്.പി ടി. നാരായണൻ പറഞ്ഞു.
Content Highlight: Fire breaks out near new bus stand in Kozhikode