| Sunday, 18th May 2025, 12:38 pm

ചാര്‍മിനാറിന് സമീപം തീപ്പിടുത്തം; 17 മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ചരിത്രസ്മാരകമായ ചാര്‍മിനാറിന് സമീപമുണ്ടായ തീപ്പിടുത്തത്തില്‍ 17 മരണം. ഏകദേശം ഒമ്പതോളം പേര്‍ പൊള്ളലേറ്റും ബാക്കിയുള്ളവര്‍ ശ്വാസം മുട്ടിയുമാണ് മരിച്ചത്.

ചാര്‍മിനാറിനോട് ചേര്‍ന്നുള്ള ഒരു ജ്വല്ലറിയിലാണ് തീപ്പിടുത്തമുണ്ടായത്. മൂന്ന് നിലകളിലുള്ള ജ്വല്ലറിയുടെ താഴെത്തെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. തീയണയ്ക്കാനായി 11 ഫയര്‍ ടെണ്ടറുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ എട്ട് കുട്ടികളും അഞ്ച് സ്ത്രീകളും ഉള്‍പ്പെട്ടതായാണ് വിവരം. തീപ്പിടുത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ലെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

തീപിടുത്തത്തില്‍ ജീവന്‍ പൊലിഞ്ഞതില്‍ അഗാധമായ ദുഃഖമുണ്ടെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ കുറിച്ചു.

തീപ്പിടുത്തത്തില്‍ അനുശോചനം അറിയിച്ച തെലങ്കാന മുഖ്യമന്ത്രി കൂടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി അവര്‍ക്ക് എല്ലാ സഹായവും ഉറപ്പ് നല്‍കുമെന്നും വ്യക്തമാക്കി.

സംഭവം നടന്ന പ്രദേശത്ത് നിരവധി ആഭരണക്കടകളുണ്ട്. ഇതില്‍ പല കടകളും ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതും പരസ്പരം ചേര്‍ന്ന് കിടക്കുന്നവയുമാണ്. രക്ഷപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്ന് കോണ്‍ഗ്രസ് എം.പിയായ അനില്‍ കുമാര്‍ യാദവ് പ്രതികരിച്ചു.

Content Highlight: Fire breaks out near Charminar; 17 dead

We use cookies to give you the best possible experience. Learn more