| Tuesday, 15th July 2025, 7:47 am

കാട്ടാക്കട പോക്സോ കോടതിയിൽ തീപിടിത്തം; അട്ടിമറി തള്ളാതെ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാട്ടാക്കാട അതിവേഗ പോക്‌സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ച സംഭവത്തിൽ അട്ടിമറി സാധ്യത തള്ളാതെ പൊലീസ്. ഇന്നലെ രാത്രിയോടെയായിരുന്നു കാട്ടാക്കട പോക്സോ കോടതിയിൽ തീപിടിത്തമുണ്ടായത്. പുതിയ കെട്ടിടമായതിനാൽ തീപിടിത്തത്തിന് കാരണം ഷോർട്ട്സർക്യൂട്ട് ആവില്ലെന്നാണ് പൊലീസ് പറയുന്നത്.

തൊണ്ടിമുതലുകളും ഫയലുകളും അടക്കം സൂക്ഷിച്ചിരുന്ന ഓഫീസ് മുറിയിലാണ് തീപിടിത്തമുണ്ടായത്. തീ പടർന്ന മുറിയിൽ പകുതി കത്തിയ മെഴുകുതിരി കണ്ടെത്തിയിട്ടുണ്ട്. ബോധപൂർവം ആരെങ്കിലും തീയിട്ടതാണോയെന്ന് പരിശോധിക്കും. ഇന്ന് ഫോറൻസിക് വിദഗ്ദർ ഉൾപ്പടെയുള്ള സംഘം കെട്ടിടത്തിൽ പരിശോധന നടത്തും.

ഓഫീസ് മുറിയില്‍ നിന്ന് തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ പൊലീസിനേയും അഗ്നിശമന സേനയേയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാട്ടാക്കടയില്‍ നിന്ന് അഗ്നിരക്ഷാ യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി.

അഗ്നിരക്ഷാസേന യഥാസമയം എത്തിയതുകൊണ്ട് തീ മറ്റ് ഭാഗങ്ങളിൽ പടരുന്നത് തടയാൻ കഴിഞ്ഞു. ജഡ്ജി സി. രമേഷ്കുമാറും ഡി.വൈ.എസ്.പിയും, സി.ഐയും വിവരമറിഞ്ഞ് രാത്രി സ്ഥലത്ത് എത്തിയിരുന്നു. ഇന്ന് കൂടുതൽ പരിശോധനകൾ നടക്കും. കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് എതിർവശത്തുള്ള മൂന്നുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് പോക്സോ കോടതി പ്രവർത്തിക്കുന്നത്.

Content Highlight: Fire breaks out at Kattakada POCSO court; Police do not rule out sabotage

We use cookies to give you the best possible experience. Learn more