| Friday, 6th November 2026, 4:04 pm

പഞ്ചാബില്‍ കര്‍മഭൂമി എക്‌സ്പ്രസില്‍ തീപിടിത്തം; തീ പടര്‍ന്നത് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ

റെന്വര്‍ പി

പട്യാല: പഞ്ചാബിലെ പട്യാലയില്‍, രാജ്പുരയ്ക്ക് സമീപം കര്‍മഭൂമി എക്‌സ്പ്രസ് ട്രെയിനിന്റെ നാല് കോച്ചുകളില്‍ വന്‍ തീപിടിത്തം. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് തീ പടര്‍ന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

എല്ലായിടത്തും പുക നിറഞ്ഞതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങിയതിനാലാണ് ആളപായം ഒഴിവായതെന്ന് ഹിന്ദി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ സംഭവത്തില്‍ യാത്രക്കാര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തം തിരിച്ചറിയുന്നതിനുള്ള അലാറം മുഴങ്ങിയതിനെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടുകയും, യാത്രക്കാര്‍ വേഗത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. പാന്‍ട്രിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രാജ്പുരയിലേക്ക് എത്തുന്നതിനിടെ, സരായ് ബഞ്ചാര ഗ്രാമത്തിന് സമീപമെത്തിയപ്പോഴാണ് തീപിടിത്തമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രെയിനില്‍ നിന്ന് തീയും കനത്ത പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കര്‍മ്മഭൂമി എക്‌സ്പ്രസ് ഉച്ചയ്ക്ക് 12.57-ന് നിര്‍ത്തിയിട്ടുവെന്നും അതിന് ശേഷം നീങ്ങിയിട്ടില്ലെന്നും ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍ നല്‍കുന്ന ഈ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ നിന്നുള്ള വിവരം വ്യക്തമാക്കുന്നു. അമൃത്‌സര്‍ ജംഗ്ഷനില്‍ നിന്ന് പശ്ചിമ ബംഗാളിലെ സിലിഗുരിയിലുള്ള ന്യൂ ജല്‍പായ്ഗുരി ജംഗ്ഷനിലേക്കുള്ള ട്രെയിന്‍ ഇന്ന് (നവംബര്‍ 06, വെള്ളി) രാവിലെ 9:49 നാണ് യാത്ര ആരംഭിച്ചത്.

ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് വലിയൊരു വിഭാഗം യാത്രക്കാര്‍ ഈ ട്രെയിനില്‍ ഉണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിന് പിന്നാലെ റെയില്‍വേ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും ഉടന്‍ തന്നെ സ്ഥലത്തെത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, റെയില്‍വേ പോലീസ് ഫോഴ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സമീപപ്രദേശങ്ങളില്‍ നിന്നുള്ള നിരവധി ആളുകളും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Fire at Karmabhoomi Express  Near Rajpura, Patiala, Punjab

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more