ദല്‍ഹി: സമാജ്‌വാദി പാര്‍ട്ടി എം.പി ഡിംപിള്‍ യാദവിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ മുസ്‌ലിം പുരോഹിതന്‍ മൗലാന സാജിദ് റാഷിദിക്കെതിരെ കേസെടുത്ത് യു.പി. പൊലീസ്. കഴിഞ്ഞദിവസം നടന്ന ടെലിവിഷന്‍ ചര്‍ച്ചക്കിടെയാണ് റാഷിദി ഡിംപിള്‍ യാദവിന്റെ വസ്ത്രധാരണത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്.
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും തന്റെ ഭര്‍ത്താവുമായ അഖിലേഷ് യാദവിനൊപ്പം ഡിംപിള്‍ യാദവ് ദല്‍ഹിയിലെ ഒരു പള്ളി സന്ദര്‍ശിക്കുകയും പുരോഹിതരോടൊപ്പം സംസാരിക്കുകയും ചെയ്തതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സാരി ധരിച്ച്, തല മറയ്ക്കാതെ ഇരുന്ന ഡിംപിളിനെതിരെ റാഷിദി രംഗത്തെത്തുകയായിരുന്നു. മാന്യമായ രീതിയില്‍ വസ്ത്രധാരണം നടത്തണമെന്നായിരുന്നു റാഷിദി പ്രതികരിച്ചത്. ഡിംപിളിന്റെ പെരുമാറ്റം അനിസ്‌ലാമികമെന്നും റാഷിദി പറഞ്ഞു.
ഇതിനെതിരെയാണ് വിഭൂതി ഖണ്ട് പ്രദേശവാസിയായ പ്രവേശ് യാദവ് നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. റാഷിദിയുടെ വാക്കുകള്‍ സ്ത്രീവിരുദ്ധവും പ്രകോപനപരവുമാണെന്നായിരുന്നു പ്രവേശ് യാദവ് തന്റെ പരാതിയില്‍ പറഞ്ഞത്. ഒരു സ്ത്രീയുടെ വ്യക്തിപരമായ അന്തസ്സിനെ ബാധിക്കുന്ന വാക്കുകളാണ് അവയെന്നും പരാതിയില്‍ പറയുന്നു.
ഭാരതീയ ന്യായ് സംഹിതയിലെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 79(ഒരു സ്ത്രീയുടെ എളിമയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി), സെക്ഷന്‍ 196 (മതം, വംശം എന്നിവക്കിടയില്‍ ശത്രുത വളര്‍ത്തല്‍), സെക്ഷന്‍ 197 (ദേശീയോദ്ഗ്രഥനത്തിന് വിരുദ്ധമായ പ്രസ്താവനകള്‍, ആരോപണങ്ങള്‍) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
എന്നാല്‍ ചാനല്‍ ചര്‍ച്ചയിലെ വാക്കുകള്‍ വിവാദമായതോടെ ന്യായീകരണവുമായി റാഷിദി രംഗത്തെത്തി. താന്‍ ഉപയോഗിച്ചത് ഒരു സാധാരണ വാക്കാണെന്നും അതിനെ അനാവശ്യമായി മറ്റ് പല കാര്യങ്ങളിലേക്കും വലിച്ചിഴക്കപ്പെടുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ പറഞ്ഞത് സാധാരണമായ കാര്യമാണ്. ഞാന്‍ വരുന്ന ചുറ്റുപാടില്‍ ഒരു സ്ത്രീ തല മറച്ചില്ലെങ്കില്‍ അത് ചര്‍ച്ചയാകും. അവര്‍ ഇതുപോലെ ഒരു ക്ഷേത്രം സന്ദര്‍ശിക്കുമോ? എന്റെ വാക്കുകള്‍ അനാവശ്യമായി ഒരു പ്രശ്‌നമാക്കി മാറ്റുകയാണ്. തെറ്റായി ഒന്നും ഞാന്‍ ഞാന്‍ പറഞ്ഞിട്ടില്ല. വെറുതേ ഈ വിഷയം ഊതിപ്പെരുപ്പിക്കുകയാണ്,’റാഷിദി പറഞ്ഞു.
റാഷിദിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ബി.ജെ.പി. എം.പിമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പുരോഹിതന്റെ പ്രസ്താവനയില്‍ പ്രതിഷേധിക്കുന്നതിന് പകരം മണിപ്പൂരിലെ സ്ത്രീകള്‍ക്ക് വേണ്ടി ബി.ജെ.പി നിലകൊണ്ടിരുന്നെങ്കില്‍ നന്നായേനെ എന്നായിരുന്നു ഡിംപിളിന്റെ പ്രതികരണം.
Content Highlight: FIR Registered against Muslim cleric about the objectionable remarks on Dimple Yadav