ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ നായകനായ ചിത്രമാണ് കേസരി ചാപ്റ്റര്‍ 2. ഏപ്രില്‍ 18 നാണ് ചിത്രം തിയേറ്ററ്ററുകളിലെത്തിയത്. എന്നാല്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷം പുതിയ വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ് കേസരി ചാപ്റ്റര്‍ 2. പശ്ചിമ ബംഗാളിനെയും സംസ്ഥാനത്തെ സ്വാതന്ത്ര്യ ചരിത്ര വസ്തുതകളെ അപമാനിക്കുകയും വളച്ചൊടിക്കുകയും ചെയ്തുവെന്നാരോപിച്ച് ചിത്രത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കേസരി ചാപ്റ്റര്‍ 2 വിനെതിരെ ബിധാന്‍നഗര്‍ സൗത്തില്‍ താമസിക്കുന്ന രണജിത് ബിശ്വാസ് പൊലീസില്‍ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 18 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്നുണ്ട്.
മുസാഫര്‍പൂര്‍ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട കോടതിമുറി രംഗത്ത് വിപ്ലവകാരികളായ ഖുദിറാം ബോസിനെയും ബരീന്ദ്ര കുമാര്‍ ഘോഷിനെയും തെറ്റായി ചിത്രീകരിക്കുന്നുവെന്ന് പരാതിക്കാരനായ ബിശ്വാസ് ആരോപിച്ചു. ഖുദിറാം ബോസിനെയും ബരീന്ദ്ര കുമാറിനെയും അമൃത്സറില്‍ നിന്നുള്ള ഖുദിറാം സിങ്, ബീരേന്ദ്ര കുമാര്‍ എന്നിങ്ങനെയാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്.
ഖുദിറാം ബോസിനെയും പ്രഫുല്ല ചാക്കിയെയും കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നല്‍കിയത് ബംഗാളിനെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സംഭാവന നല്‍കിയ അതിന്റെ സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്നതാണ് എന്ന് പരാതിയില്‍ പറയുന്നുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ഭാഷാപരവും പ്രാദേശികവുമായ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും പരാതിക്കാരന്‍ ആരോപിച്ചു.
ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) സെക്ഷന്‍ 352 മനപൂര്‍വം അപമാനിക്കല്‍, സെക്ഷന്‍ 353 (1) (സി) പൊതുജനങ്ങളെ ദ്രോഹിക്കല്‍, 353 (2) തെറ്റായ പ്രസ്താവനകളോ വിവരങ്ങളോ പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Content Highlight: FIR registered against Kesari Chapter 2 movie for insulting Bengal’s freedom struggle