| Sunday, 20th September 2026, 7:28 pm

ദല്‍ഹിയില്‍ അദ്വാനിക്കും സിസോദിയക്കും എസ്.ഐ.ആര്‍ നോട്ടീസ്; 33 ലക്ഷം വോട്ടര്‍മാരുടെ പട്ടികയില്‍ ക്രമക്കേട്

നിഷാന. വി.വി

ന്യൂദല്‍ഹി: ദല്‍ഹി എസ്.ഐ.ആറില്‍ മുന്‍ ഉപപ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ എല്‍.കെ അധ്വാനിക്കും മുന്‍ ദല്‍ഹി മുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും നോട്ടീസ്. ഇത്തരത്തില്‍ 33 ലക്ഷത്തിലധികം വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

വിവരങ്ങളിലെ അപാകത കാരണമാണ് നോട്ടിസ് അയച്ചിരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. 98 വയസുള്ള എല്‍.കെ. അദ്വാനി, അദ്ദേഹത്തിന്റെ മകള്‍ പ്രതിഭ, മരുമകള്‍ ഗീതിക എന്നിവര്‍ക്ക് 2002-ലെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ വോട്ടര്‍പട്ടികയുമായി വിവരങ്ങള്‍ മാപ്പ് (ബന്ധിപ്പിക്കാന്‍) ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

മനീഷ് സിസോദിയ, ഭാര്യ സീമ, മകന്‍ മീര്‍ എന്നിവര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. സിസോദിയക്ക് നോട്ടീസ് അയച്ചതിന്റെ കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ മകന്‍ മീറിന് നല്‍കിയ നോട്ടീസില്‍ ‘രക്ഷിതാവിന്റെ പേരില്‍ വ്യത്യാസമുണ്ട്’ എന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഭാര്യ സീമയ്ക്ക് നല്‍കിയ നോട്ടീസില്‍ ‘സ്വന്തം പേരില്‍ പൊരുത്തക്കേടുണ്ട്’ എന്നാണ് കാരണം.

വോട്ടര്‍മാര്‍ നല്‍കിയ വിവരങ്ങളിലെ സാങ്കേതികപരമായ പൊരുത്തക്കേടുകള്‍ കാരണമാണ് ഈ നോട്ടീസുകള്‍ വന്നിരിക്കുന്നതെന്ന് മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അദ്വാനി, സിസോദിയ എന്നിവരുടെ പേരുകള്‍ നോട്ടീസ് അയച്ച 33.13 ലക്ഷം വോട്ടര്‍മാരുടെ പട്ടികയിലുണ്ടെന്ന് സ്ഥിരീകരിച്ച അദ്ദേഹം, ‘വോട്ടര്‍മാര്‍ സമര്‍പ്പിക്കുന്ന രേഖകളും വിവരങ്ങളും പരിശോധിച്ച ശേഷം ഇവരുടെ പേരുകള്‍ അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തും’ എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിവരങ്ങളും രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തുന്ന പ്രക്രിയ നിലവില്‍ പുരോഗമിക്കുകയാണ്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബ്യൂറോക്രാറ്റുകള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്ക് എസ്.ഐ.ആര്‍ പ്രകാരം നോട്ടീസ് നല്‍കിയിട്ടുണ്ട്. ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, എ.എ.പി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ എന്നിവര്‍ക്കും സമാനമായ കാരണങ്ങളാല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രേഖ ഗുപ്ത സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച ശേഷം അവരുടെ വോട്ടര്‍ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും നവംബര്‍ നാലിന് പ്രസിദ്ധീകരിക്കുന്ന ഷാലിമാര്‍ ബാഗ് മണ്ഡലത്തിലെ അന്തിമ വോട്ടര്‍പട്ടികയില്‍ ഇവരുടെ പേര് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടണ്ടെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ എസ്.ഐ.ആര്‍ വോട്ടര്‍പട്ടികയുമായി വിവരങ്ങള്‍ ലിങ്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും മുന്‍ പട്ടികയുമായി തത്തുല്യ വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉള്ളവര്‍ക്കുമാണ് നോട്ടീസ് അയക്കുന്നതെന്ന് ദല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഓഫീസ് വ്യക്തമാക്കി.

കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏകദേശം 97 ലക്ഷം വോട്ടര്‍മാരില്‍, 33.13 ലക്ഷം പേരുടെ ഫോമുകളിലാണ് അപാകതകള്‍ കണ്ടെത്തിയതെന്നാണ് വിവരം. ഇതില്‍ 31.63 ലക്ഷത്തിലധികം പേര്‍ക്ക് നോട്ടീസുകള്‍ അയച്ചിട്ടുണ്ട്.

2002-ല്‍ നടന്ന മുന്‍ എസ്.ഐ.ആറില്‍ തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ വിവരങ്ങള്‍ ഇല്ലാത്തതുമായി ബന്ധപ്പെട്ടാണ് ഭൂരിഭാഗം നോട്ടീസുകളും. സെപ്റ്റംബര്‍ 30-ന് അവസാനിക്കുന്ന എസ്.ഐ.ആറിന്റെ അവകാശവാദങ്ങളും എതിര്‍പ്പുകളും ഉന്നയിക്കാനുള്ള ഘട്ടത്തിന്റെ ഭാഗമായാണ് ഈ നോട്ടീസുകള്‍ നല്‍കുന്നത്. ഒക്ടോബര്‍ 29നകം മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് മറുപടിയും ആവശ്യമായ രേഖകളും സമര്‍പ്പിക്കാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: FIR notice issued to Advani and Sisodia in Delhi; irregularities found in the list of 33 lakh voters.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more