കൊച്ചി: ആഭ്യന്തര മന്ത്രിക്കെതിരായ സമൂഹമാധ്യമ പോസ്റ്റിൽ താൻ പറയാത്ത കാര്യങ്ങൾ പോലും എഫ്.ഐ.ആറിൽ എഴുതിച്ചേർത്തുവെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സി.പി.ഐ.എം നേതാവ് ഡോ. കെ.എസ്. അരുൺകുമാർ.
സർക്കാരിനെ വിമർശിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന കേന്ദ്ര നയമാണ് ഇവിടെയും നടപ്പിലാക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു അരുൺകുമാറിന്റെ സോഷ്യൽ മീഡിയ കുറിപ്പ്. ഇടത് മന്ത്രിമാരുടെ വിദേശയാത്രകൾ വലിയ തോതിൽ മാധ്യമ ചർച്ചയാകുമ്പോൾ വലതുപക്ഷത്തിന് മാധ്യമങ്ങൾ പ്രത്യേക പ്രിവിലേജ് നൽകുന്നുവെന്ന വിമർശനമാണ് താൻ ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
‘എൽ.ഡി.എഫ് കാലത്തെ ഏതെങ്കിലും മന്ത്രിമാർ ആയിരുന്നെങ്കിൽ അത് എത്ര ദിവസം ചാനലുകളിൽ ചർച്ചയാകുമായിരുന്നു? അതോടൊപ്പം തന്നെ ബ്രേക്കിങ് ന്യൂസ് ആകുമായിരുന്നു? അതുകൊണ്ട് യു.ഡി.എഫിന് എന്താണ് ഇത്ര പ്രിവിലേജ് എന്ന ചോദ്യങ്ങൾ ആണ് ഞാൻ രേഖപ്പെടുത്തിയത്.’ എന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, ആഭ്യന്തര മന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിച്ചെന്നും സർക്കാരിന്റെ കോടിക്കണക്കിന് രൂപ നഷ്ടമുണ്ടാക്കിയെന്ന് പ്രചരിപ്പിച്ചെന്നും കാണിച്ച് തന്നെ ഒന്നാം പ്രതിയാക്കി കടുത്ത വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നുവെന്ന് അരുൺകുമാർ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതിപക്ഷത്തിന്റെ നാവടപ്പിക്കാനുള്ള നീക്കമാണിതെന്നും ഒരു പ്രാഥമിക പരിശോധന പോലും നടത്താതെയാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പ്രതിഷേധങ്ങളെ കള്ളക്കേസുകളിൽ കുടുക്കി ഇല്ലാതാക്കുന്നതുപോലെ, കേരളത്തിൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും അതേ രീതിയിയ്ക്കാണ് നേതൃത്വം നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ചെന്നിത്തലയുടെ യാത്ര വ്യക്തിപരമായിരുന്നുവെങ്കിലും ചെയ്യാത്ത കാര്യങ്ങൾ എഫ്.ഐ.ആറിൽ എഴുതിച്ചേർത്ത് കേസെടുത്ത നടപടി ആഭ്യന്തര വകുപ്പും പൊലീസും പുനപരിശോധിക്കണമെന്ന വിമർശനവും പലയിടങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്.
Content Highlight:FIR contains details not mentioned in social media post; will approach High Court, says K.S. Arunkumar.