| Thursday, 2nd July 2026, 2:51 pm

മതം പറഞ്ഞ് അധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കല്‍: അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ ഗുരുതര വകുപ്പുകള്‍

സിജൊ

കൊച്ചി: നടിയും എ.എം.എം.എ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് ഗുരുതര വകുപ്പുകളില്‍. മതവികാരം വ്രണപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംഭാഷണം എന്നിവയടക്കമുള്ള വകുപ്പുകളിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ടിനി ടോം അന്‍സിബയെ മതം പറഞ്ഞ് അധിക്ഷേപിച്ചതായും ലൈംഗിക അധിക്ഷേപ പരാമര്‍ശങ്ങള്‍ പറയുന്നതായും എഫ്.ഐ.ആറിലുണ്ട്. ആകെ ആറ് വകുപ്പുകള്‍ പ്രകാരമാണ് പരാതിയില്‍ ടിനി ടോമിനെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ കടവന്ത്രയില്‍ അമ്മ റിഹേഴ്‌സല്‍ ക്യാമ്പില്‍ വച്ച് ടിനി ടോം ജിഹാദി തീവ്രവാദി എന്ന് വിളിച്ചെന്നാണ് അന്‍സിബ പരാതിയില്‍ പറയുന്നത്. കോടതി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കടവന്ത്ര പൊലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ അന്‍സിബ കോടതിയെ സമീപിക്കുകയും കേസെടുക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയുമായിരുന്നു.

അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. തന്നെ ടിനിടോം ജിഹാദി എന്നത് അടക്കമുള്ള വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചതായി അന്‍സിബ പൊലീസിന് നല്‍കിയ പരാതിയിലുണ്ടായിരുന്നു. എന്നാല്‍ ടിനി ടോം ഇത്തരം വാക്കുകള്‍ ഉപയോഗിച്ചത് തമാശ രൂപേണയായിരുന്നും പരാമര്‍ശത്തില്‍ ക്രിമിനല്‍ ഉദ്ദേശമില്ലായിരുന്നെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പൊലീസ് റിപ്പോര്‍ട്ടിലെ ഈ വാദങ്ങള്‍ കോടതി തള്ളിയിരുന്നു. പരാമര്‍ശത്തില്‍ ക്രിമിനല്‍ ഉദ്ദേശമുണ്ടോ എന്ന കാര്യം തെളിയുക വിശദമായ അന്വേഷണത്തിലാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കേട്ടറിവിന്റെ അടിസ്ഥാനത്തിലുള്ള പരാതിയില്‍ കേസെടുക്കേണ്ടതില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും അന്‍സിബയുടെ പരാതിയില്‍ എ.എം.എം.എ എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പ് നല്‍കിയ മൊഴി നിര്‍ണായകമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

അതേസമയം, ലക്ഷ്മിപ്രിയക്കും ശ്വേത മേനോനും എതിരായ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് അന്‍സിബ വീണ്ടും കോടതിയെ സമീപിച്ചു. അന്‍സിബക്കെതിരെ ലക്ഷ്മി പ്രിയ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു പരാതി. ഈ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ എ.എം.എം.എ മുന്‍ പ്രസിഡന്റ് ശ്വേത മോനോന്റെ ഗൂഡാലോചനയുമുള്ളതായി പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ അന്‍സിബ സമര്‍പിച്ച പരാതിയില്‍ പറയുന്നു.

ഈ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ഇപ്പോള്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്‍സിബ ഹസ്സന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, വിഷയത്തില്‍ പാലാരിവട്ടം പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.

Content Highlight: FIR Charges against  Tini Tom on Petition of Ansiba

സിജൊ

We use cookies to give you the best possible experience. Learn more