കൊച്ചി: വിവാദമായ സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിയമപരമായ തടസമില്ലെന്ന് ഹൈക്കോടതി.
ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണമില്ലാതെ തന്നെ നേരിട്ട് എഫ്.ഐ.ആർ ഇടാമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതോടെ സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ തള്ളപ്പെടുകയും സർക്കാരിന് വലിയ തിരിച്ചടിയാവുകയും ചെയ്തിരിക്കുകയാണ്.
നേരത്തെ സി.എം.ആർ.എൽ–എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ.ടി എന്നിവരുൾപ്പെടെ 12 പേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിജിലൻസിന് കത്ത് നൽകിയിരുന്നു.
എന്നാൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണമാണ് വേണ്ടതെന്നും അതിനു ശേഷമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എന്ന് പരിശോധിക്കേണ്ടതുള്ളൂ എന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രധാന വാദം.
എന്നാൽ, ഇ.ഡി ഇതിനകം നടത്തിയത് ഒരു പ്രാഥമിക അന്വേഷണമാണെന്നും അത് നിലനിൽക്കുമ്പോൾ മറ്റൊരു പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്നുമുള്ള ഇ.ഡിയുടെ നിലപാട് ഹൈക്കോടതി പൂർണമായി അംഗീകരിക്കുകയായിരുന്നു.
ഇ.ഡി സംസ്ഥാന സർക്കാരിന് സീൽ വെച്ച കവറിൽ ചില വിവരങ്ങൾ കൈമാറിയിരുന്നു. ഇതേ വിവരങ്ങൾ ഹൈക്കോടതിക്കും കൈമാറിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്ന നിലപാടിൽ കോടതി എത്തിയത്.
അഴിമതി നിരോധന നിയമപ്രകാരം അന്വേഷണ ഏജൻസികൾക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് തടസമില്ലെന്നും, സി.ആർ.പി.സി സെക്ഷൻ 154 പ്രകാരം പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുന്ന സാഹചര്യങ്ങളിൽ നേരിട്ട് കേസെടുക്കാൻ നിയമപരമായ വ്യവസ്ഥകളുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇ.ഡി, വിജിലൻസ് എന്നിവയ്ക്ക് കേസുമായി ബന്ധപ്പെട്ട പരാതികളിലും ഇടപാടുകളിലും അന്വേഷണം നടത്തുന്നതിൽ കോടതി തടസം നിൽക്കില്ല. അഴിമതി നിരോധന നിയമത്തിലെ ഒഴിവാക്കലുകൾ ഈ കേസിൽ ലഭ്യമാകില്ലെന്നാണ് കോടതി നിലപാടിലൂടെ വ്യക്തമാകുന്നത്.
ഇ.ഡി നൽകിയ കത്തിൽ തെളിവുകൾ ഇല്ലെന്ന കാരണത്താൽ വരവിൽ കവിഞ്ഞ സ്വത്ത് ഉൾപ്പെടെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ ചുമതല നൽകിയിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ നിർണായക ഉത്തരവ്. ഇതോടെ പി.എം.എൽ.എ ആക്റ്റ് പ്രകാരം പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും പ്രതിയാക്കി മുന്നോട്ടു പോകാൻ കേന്ദ്ര ഏജൻസിക്ക് സാധിക്കും.
കോടതി ഉത്തരവോടെ കേരളം വലിയ രാഷ്ട്രീയ സംഭവവികാസങ്ങളിലേക്കാണ് നീങ്ങുന്നത്. സർക്കാരിന് ഭയമില്ലെങ്കിൽ നേരിട്ട് കേസെടുക്കണമെന്നും ഇനി യാതൊരു നിയമതടസവും നിലനിൽക്കുന്നില്ലെന്നും ഹരജിക്കാരായ ഷോൺ ജോർജ്, കെ.എം. ഷാജഹാൻ എന്നിവർ പ്രതികരിച്ചു.
ഇതിനിടെ പൊലീസ് മേധാവിയും ആഭ്യന്തര വകുപ്പും കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. സംസ്ഥാന സർക്കാർ ഇനി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമോ അതോ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.
ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ ഉടൻ തന്നെ പുതിയ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. നേരത്തെ ഐ.ടിയുടെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തലും ആർ.ഒ.സി അന്വേഷണവും കഴിഞ്ഞാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ എസ്.എഫ്.ഐ.ഒ അന്വേഷണവും കുറ്റപത്രവും വന്നത്.
സ്വന്തമായി ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യാനാകാത്തതിനാൽ എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി നേരത്തെ കേസെടുത്തത്. എന്നാൽ ബേസ് കേസിന്റെ പരിമിതികൾ കാരണം കടുത്ത നടപടികളിലേക്ക് കടക്കാൻ ഇ.ഡിക്ക് ഹൈക്കോടതിയിൽ അടക്കം തടസങ്ങളുണ്ടായിരുന്നു.
വിജിലൻസ് എഫ്.ഐ.ആർ വരുന്നതോടെ കരുവന്നൂർ കേസിലേതുപോലെ ശക്തമായ അടിത്തറയുള്ള പുതിയൊരു ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടികൾ കടുപ്പിക്കാൻ ഇ.ഡിക്ക് സാധിക്കും. നേരത്തെ നൽകിയ പട്ടികയിലുള്ള 12 പേർക്ക് പുറമേ, സി.എം.ആർ.എൽ നടത്തിയെന്ന് പറയപ്പെടുന്ന 182 കോടിയുടെ അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കൾ അടക്കമുള്ള മറ്റ് രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം നീളുമോ എന്നത് വരുംദിവസങ്ങളിൽ വ്യക്തമാകും. എഫ്.ഐ.ആർ ചെയ്താലുടൻ കടുത്ത തുടർനടപടികളിലേക്ക് കടക്കാനാണ് ഇ.ഡിയുടെ തീരുമാനം.
Content Highlight:FIR can be registered directly against Pinarayi Vijayan: High Court directive.