പുനലൂര്: രാഹുല് ഗാന്ധിക്കെതിരായ പരാമര്ശത്തില് തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗണ്സിലര് ആര്. ശ്രീലേഖയ്ക്കെതിരെ കേസ്. മുന് ഡി.ജി.പി കൂടിയായ ശ്രീലേഖയ്ക്കെതിരെ പുനലൂര് പൊലീസാണ് ബി.എന്.എസ് 192 വകുപ്പ് പ്രകാരം കലാപാഹ്വാനം ഉള്പ്പെടെയുള്ള കുറ്റങ്ങള് ചുമത്തി കേസെടുത്തത്.
രാഹുല് ഗാന്ധിയെക്കുറിച്ചുള്ള പരമാര്ശങ്ങള് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്ത്തകര്ക്കിടയില് പ്രകോപനം സൃഷ്ടിച്ച് ലഹളക്ക് കാരണമാവുമെന്ന് പുനലൂര് പൊലീസിന്റെ എഫ്.ഐ.ആറില് പറയുന്നു. കോണ്ഗ്രസ് പുനലൂര് ബ്ലോക്ക് പ്രസിഡന്റ് വിജയകുമാര് നല്കിയ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തത്.
വിവിധ പാര്ട്ടികളുടെ പ്രവര്ത്തകര്ക്കിടയില് പ്രകോപനം സൃഷ്ടിച്ച് ലഹളയുണ്ടാക്കി സമൂഹത്തില് ക്രമസമാധാനഭംഗം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ബി.ജെ.പി കൗണ്സിലറുടെ പരാമര്ശമെന്നും എഫ്.ഐ.ആറില് ചൂണ്ടിക്കാട്ടുന്നു.
മയക്കുമരുന്ന് അമിതമായി ഉള്ളില് ചെല്ലുമ്പോഴുള്ള വെപ്രാളമാണ് രാഹുല് ഗാന്ധി ദല്ഹിയില് കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമര്ശം. ബുധനാഴ്ച വൈകിട്ട് പുനലൂര് മാര്ക്കറ്റ് ജങ്ഷനില് സംഘടിപ്പിച്ച ബി.ജെ.പി പ്രതിഷേധ ജനസഭയില് സംസാരിക്കവെയായിരുന്നു ശ്രീലേഖയുടെ ഈ പ്രതികരണം.
ഗ്യാനേഷ് കുമാര് അല്ല, പ്രധാനമന്ത്രിയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും നരേന്ദ്രമോദിയെ അപകീര്ത്തിപ്പെടുത്തി താഴെയിറക്കാന് നോക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
അതിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ട് വളരെയധികം നിരാശനായി മര്ദനമേറ്റുവാങ്ങി നടക്കുകയാണ് കോണ്ഗ്രസിന്റെയും ആളുകളെന്നും ഉണര്ന്നുപ്രവര്ത്തിക്കുന്നതിന് ദല്ഹി പൊലീസിന് നന്ദി പറയുകയാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
രാഹുലിനെതിരെ ശ്രീലേഖ നടത്തിയ പരാമര്ശത്തിനെതിരെ വ്യാപക വിമര്ശനം കോണ്ഗ്രസ് നേതാക്കള് അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് ഉയര്ന്നിരുന്നു. ശ്രീലേഖ രാഹുല് ഗാന്ധിക്കെതിരെ നടത്തിയ പരാമര്ശം പിന്വലിച്ച് മാപ്പുപറയണമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ശ്രീലേഖയ്ക്ക് എന്തോ പ്രശ്നമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ‘ഒരു ദിവസം രാജിവയ്ക്കും, പിന്നെ പിന്വലിക്കും. അവര്ക്ക് എന്തോ ഗുരുതര പ്രശ്നമുണ്ട്,’ എന്നായിരുന്നു ചെന്നിത്തലയുടെ പരാമര്ശം.
ഓപ്പറേഷന് തൂഫാന് വ്യാജമാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ഈ പരാമര്ശത്തെയും ചെന്നിത്തല വിമര്ശിച്ചു. മുന് ഡി.ജി.പി. പദവിയിലിരുന്ന ഒരാള് ഇത്തരത്തില് സംസാരിക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും ശ്രീലേഖ തന്റെ പരാമര്ശം പിന്വലിച്ച് മാപ്പുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
ശ്രീലേഖയ്ക്ക് എന്തു പറ്റി? ഡി.ജി.പി.യായി ഇരുന്ന ആളാണ്. ഇങ്ങനെ സംസാരിക്കുന്നത് ശരിയാണോ? അവര് ഇരുന്ന സ്ഥാനത്തെക്കുറിച്ച് ചിന്തിക്കേണ്ടേ? കേരള പൊലീസിന്റെ പ്രവര്ത്തനങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള് ഉന്നയിക്കുന്നത് ശരിയല്ല. കേരള പൊലീസിന്റെ പ്രവര്ത്തനങ്ങളെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്ന പരാമര്ശങ്ങള് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
Content Highlight: FIR at Punalur Police Station Against Thiruvananthapuram BJP Councilor and Ex DGP and R Sreelekha on Remarks against Rahul Gandhi