| Thursday, 3rd July 2025, 11:46 am

38 പേരുടെ മരണത്തിന് കാരണമായ സ്ഫോടനം; തെലങ്കാനയിലെ ഫാക്ടറിയിൽ ഉപയോഗിച്ചത് പഴയ ഉപകരണങ്ങളെന്ന് റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയിൽ 38 പേരുടെ മരണത്തിന് കാരണമായ സ്ഫോടനമുണ്ടായ ഫാക്ടറിയിൽ ഉപയോഗിച്ചത് പഴയ ഉപകരണങ്ങളെന്ന് റിപ്പോർട്ട്. കേസിൽ പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറിൽ ഫാക്ടറിയിൽ പഴയ യന്ത്രങ്ങൾ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.

തെലങ്കാനയിലെ പട്ടാഞ്ചേരുവിനടുത്തുള്ള പശമൈലാറമിലുള്ള സിഗാച്ചി ഇൻഡസ്ട്രീസ് പ്ലാന്റിലായിരുന്നു മാരകമായ സ്‌ഫോടനമുണ്ടായത്. ജൂൺ 30 ന് നടന്ന അപകടത്തിൽ മരിച്ച ജീവനക്കാരൻ വെങ്കട്ട് ജഗൻ മോഹന്റെ മകൻ രാജനല സായ് യശ്വന്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

പഴയ യന്ത്രസാമഗ്രികൾ ഉപയോഗിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് തന്റെ പിതാവും കമ്പനിയിലെ മറ്റ് ജീവനക്കാരും പലതവണ മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് യശ്വന്ത് തന്റെ പരാതിയിൽ ആരോപിച്ചു.

പഴയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഫാക്ടറിയിൽ വലിയ അപകടം ഉണ്ടാക്കുമെന്ന് എന്റെ പിതാവും മറ്റുള്ളവരും ചൂണ്ടിക്കാട്ടിയിരുന്നു. വളരെ പഴയ യന്ത്രസാമഗ്രികൾ മാറ്റാൻ അവർ കമ്പനിയോട് അഭ്യർത്ഥിച്ചു. എന്നാൽ മാനേജ്മെന്റ് അവരുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ പഴയ യന്ത്രങ്ങൾ തന്നെ ഉപയോഗിക്കുന്നത് തുടർന്നു,’ യശ്വന്തിന്റെ പരാതിയിൽ പറയുന്നു.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത മനപൂർവമല്ലാത്ത നരഹത്യ), സെക്ഷൻ 110 (മനപൂർവ്വം കൊലപാതക ശ്രമം), സെക്ഷൻ 115 (സ്വമേധയാ ഗുരുതരമായി പരിക്കേൽപ്പിക്കൽ) എന്നിവ പ്രകാരം മാനേജ്‌മെന്റിനെതിരെ പൊലീസ് കേസെടുത്തു.

ഫാക്ടറിയിലെ റിയാക്ടർ പൊട്ടിത്തെറിച്ചല്ല അപകടം ഉണ്ടായതെന്ന് സംസ്ഥാന വ്യവസായ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ദി വയറിനോട് പറഞ്ഞു.

ദ്രാവകത്തെയോ സ്ലറിയെയോ ഉണങ്ങിയ പൊടിയാക്കി മാറ്റാൻ ഉപയോഗിക്കുന്ന ഒരു സ്പ്രേ ഡ്രയറിന്റെ പരിസരത്ത് കത്തുന്ന വസ്തുക്കളുടെ സാന്നിധ്യം ഉണ്ടായതാണ് തീപിടിത്തത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് പ്രാഥമിക കണ്ടെത്തലാണെന്നും ഉന്നതതല വിദഗ്ധ സമിതി വിശദാംശങ്ങൾ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ ഫാക്ടറികളിലെയും ബോയിലർ വകുപ്പുകളിലെയും വൃത്തങ്ങൾ പറയുന്നത്, ഉണക്കൽ യൂണിറ്റിലെ താപനില 700°C നും 800°C നും ഇടയിൽ വർധിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നാണ്.

ബ്ലോ എയർ ഹാൻഡ്‌ലറുകൾ ശരിയായി വൃത്തിയാക്കുന്നതിൽ പരാജയപ്പെട്ടതുകൊണ്ടാകാം സ്ഫോടനം സംഭവിച്ചത്. ഇത് സ്പ്രേ ഡ്രയറിലെ താപനില വളരെ ഉയർന്ന നിലയിലേക്ക് ഉയരാൻ കാരണമായേക്കാം. ബ്ലോ എയർ ഹാൻഡ്‌ലറുകളുടെ മോശം കൈകാര്യം ചെയ്യൽ മൂലമുണ്ടായ ഇതുപോലുള്ള അപകടങ്ങൾ ഉത്തർപ്രദേശിലെ പ്ലാന്റുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്‌തു.

Content Highlight: FIR Alleges Use of Aged Equipment In Telangana Factory Where Explosion Killed 38

We use cookies to give you the best possible experience. Learn more