ലഖ്‌നൗ: സ്‌കൂള്‍ അസംബ്ലിയില്‍ കന്‍വാര്‍ യാത്രയെ വിമര്‍ശിച്ച് കവിത ചൊല്ലിയതിന് സ്‌കൂള്‍ അധ്യാപകനെതിരെ പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്.
വീഡിയോ ഓണ്‍ലൈനില്‍ കണ്ടതിനെത്തുടര്‍ന്ന് പൊലീസ് കേസെടുക്കുകായിരുന്നു എന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബറേലിയിലെ എം.ജി.എം ഇന്റര്‍ കോളേജിലെ അധ്യാപനായ രജനീഷ് ഗാങ് വാറിനെതിരെയാണ് പൊലീസ് കേസെടുത്തത്.
മതപരമായ ആചാരങ്ങളേക്കാള്‍ വിദ്യാഭ്യാസത്തിനും മാനവികതയ്ക്കും മുന്‍ഗണന നല്‍കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും.
‘കൻവാറിനെ ഇങ്ങോട്ട് കൊണ്ടുവരരുത്. നിങ്ങള്‍ അറിവിന്റെ വിളക്ക് തെളിയിക്കുക. മനുഷ്യനെ സേവിച്ച് നല്ല മനുഷ്യനാകുക’ എന്നാണ് അദ്ദേഹം പാടിയത്. രജനീഷ് ചെല്ലിയ കവിതയില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതാക്കളും മഹാകള്‍ സേവാ സമിതി അംഗങ്ങളും ടീച്ചര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന്, തിങ്കളാഴ്ച രാത്രി ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 352(2) പ്രകാരം തെറ്റായ വിവരങ്ങള്‍ കിംവദന്തികള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
അധ്യാപകനെതിരെ കേസ് എടുത്തതായും അന്വേഷണം ആരംഭിച്ചിരിക്കുന്നതായും ബറേലിയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍ സിങ് പറഞ്ഞു.
അധ്യാപകന്റെ ഉദ്ദേശം ദുരുദ്ദേശപരമാണെന്ന് തോന്നുന്നില്ലെന്നും, വീഡിയോ പുതിയതല്ലെന്നും ഇത് വിവാദമുണ്ടാക്കാന്‍ മനപൂര്‍വം പ്രചരിപ്പിച്ചതാണെന്നും ബറേലിയിലെ ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ ഡോ. അജിത് കുമാര്‍ സിങ് പറഞ്ഞു. ശിവഭക്തരുടെ ഒരു പ്രധാന തീര്‍ത്ഥാടന സ്ഥലമാണ് കന്‍വാര്‍.
Content Highlight: FIR against teacher for allegedly reciting poetry criticizing Kanwar Yatra