| Sunday, 17th May 2026, 9:00 am

സാക്ഷാല്‍ ഗെയ്ല്‍ വാഴുന്ന വമ്പന്‍ റെക്കോഡില്‍ പറന്നിറങ്ങി അലന്‍; വെടിക്കെട്ട് വീരന്‍മാര്‍ക്കിടയില്‍ ഇനി ഇവനും!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 29 റണ്‍സിനാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 248 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഗുജറാത്തിന് മുന്നില്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ കൊല്‍ക്കത്ത 11 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് കുതിച്ചു.

ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്ക്കായി കിടിലന്‍ പ്രകടനം നടത്തിയത് ഫിന്‍ അലനാണ്. 35 പന്തില്‍ 10 സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 93 റണ്‍സാണ് താരം അടിച്ചെടുത്തത്. 265.71 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും ഫിന്നിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ തവണ 10+ സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാമനായി ഇടം നേടാനാണ് ന്യൂസിലാന്‍ഡ് ബാറ്റര്‍ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി എന്നിവര്‍ക്കൊപ്പമാണ് ഫിന്നിന്റെ സ്ഥാനം. ലിസ്റ്റിലെ ഒന്നാമന്‍ സാക്ഷാല്‍ ക്രിസ് ഗെയ്‌ലാണ്.

ഐ.പി.എല്ലിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ തവണ 10+ സിക്‌സര്‍ നേടുന്ന താരങ്ങള്‍

ക്രിസ് ഗെയ്ല്‍ – 4

അഭിഷേക് ശര്‍മ – 2

വൈഭവ് സൂര്യവംശി – 2

ഫിന്‍ അലന്‍ – 2

ഫിന്നിന് പുറമെ അംഗ്രിഷ് രഘുവംശി 44 പന്തില്‍ 82 റണ്‍സ് നേടി. പുറത്താകാതെ ഏഴ് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കാമറൂണ്‍ ഗ്രീന്‍ പുറത്താകാതെ 28 പന്തില്‍ 52 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.

ഗുജറാത്തിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ശുഭ്മന്‍ ഗില്ലാണ്. 49 പന്തില്‍ നിന്ന് 85 റണ്‍സാണ് താരം നേടിയത്. ഏഴ് സിക്‌സും അഞ്ച് ഫോറുമായിരുന്നു ഗില്‍ നേടിയത്. ജോസ് ബട്‌ലര്‍ 35 പന്തില്‍ 57 റണ്‍സും നേടി. കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റും സൗരഭ് ദുബെ, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

റിട്ടയേര്‍ഡ് ഹാര്‍ട്ടായെങ്കിലും പിന്നീട് തിരിച്ചെത്തിയ സായ് സുദര്‍ശന്‍ 28 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 53 റണ്‍സാണ് നേടിയത്.

Content Highlight: Finn Allen In Great Record Achievement In IPL History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more