| Friday, 24th January 2025, 1:08 pm

ഗസയില്‍ വംശഹത്യ നടത്താന്‍ ഇസ്രഈല്‍ സൈന്യത്തിന് മൈക്രോസോഫ്റ്റ് അധികസഹായം നല്‍കിയതായി കണ്ടെത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഗസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം മൈക്രോസോഫ്റ്റ് ഇസ്രഈല്‍ സൈന്യത്തിന് നല്‍കിയിരുന്ന സഹായം വര്‍ധിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സാങ്കേതിക വിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമാണ് യുദ്ധസമയത്ത് ഇസ്രഈല്‍ സൈന്യം കൂടുതലായി ഉപയോഗിച്ചതെന്ന് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രഈല്‍-ഫലസ്തീന്‍ പ്രസിദ്ധീകരണമായ +972 മാഗസിനും ഹീബ്രു-ഭാഷാ ഔട്ട്‌ലെറ്റായ ലോക്കല്‍ കോളവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മൈക്രോസോഫ്റ്റിന്റെ ഇസ്രഈലി സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇരുവിഭാഗവും തമ്മില്‍ 10 മില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചതായാണ് വിവരം.

യുദ്ധസമയത്ത് ഇസ്രഈലിന്റെ സൈനിക കരാറുകള്‍ക്കായി കമ്പനികള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ മറ്റ് ടെക് കമ്പനികളെ മറികടക്കാന്‍ മൈക്രോസോഫ്റ്റ് കുത്തനെയുള്ള കിഴിവുകള്‍ ഇസ്രഈലിന് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡാറ്റ സംഭരണത്തിനും ഇന്റലിജന്‍സ് വിശകലനത്തിനുമായി ഐ.ഡി.എഫ് മൈക്രോസോഫ്റ്റ്, ആമസോണ്‍, ഗൂഗിള്‍ എന്നീ കമ്പനികളെ ആശ്രയിക്കുന്നത് ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട്. 2023 ജൂണിനും 2024 ഏപ്രിലിനും ഇടയില്‍, സൈന്യത്തിനുള്ളിലെ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ഉപയോഗം 155 ശതമാനത്തിലധികം ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വെസ്റ്റ് ബാങ്കിലെയും ഗസയിലെയും ഫലസ്തീനികള നിരീക്ഷിക്കാന്‍ ഇസ്രഈല്‍ സൈന്യത്തിന് ടെക് കമ്പനി സഹായം നല്‍കിയതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

2.3 ദശലക്ഷം ഗസ നിവാസികളുടെ ഡാറ്റ വിശകലനം ചെയ്യാനായി ലാവെന്‍ഡര്‍ പോലുള്ള ടൂളുകള്‍ മൈക്രോസോഫ്റ്റ് സൈനിയത്തിന് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇത്പ്രകാരം 37,000 ഫലസ്തീനികളെ ഈ സംവിധാനം സംശയിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും +972 മാഗസിന്‍ കണ്ടെത്തി.

മൈക്രോസോഫ്റ്റുമായുള്ള ഇസ്രഈല്‍ ഏര്‍പ്പെട്ട കരാറിന്റെ ആകെ മൂല്യം വ്യക്തമല്ലെങ്കിലും 30 മില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ ഇരുകൂട്ടരും പ്ലാന്‍ ചെയ്യുന്നതായാണ് വിവരം.

ലോകമെമ്പാടുമുള്ള സൈനിക, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളില്‍ യു.എസില്‍ നിന്നുള്ള ടെക് കമ്പനികള്‍ വലിയ രീതിയിലുള്ള പങ്ക് വഹിക്കാറുണ്ട്. മുമ്പ് ഗൂഗിളിനേതിരെയും സമാനമായ കണ്ടെത്തലുകളുണ്ടായിരുന്നു. അതേസമയം മൈക്രോസോഫ്റ്റ് ഈ വിഷയത്തിലല്‍ ഇതുവരെ പ്രതികരണങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

Content Highlight: Finding that Microsoft provided additional aid to the Israeli military after Gaza war started

We use cookies to give you the best possible experience. Learn more