| Friday, 1st August 2025, 12:29 pm

ദിയ കൃഷ്ണയുടെ ഓഫീസിലെ സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ കീഴടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍ പ്രതികള്‍ കീഴടങ്ങി. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളായ വിനീത, രാധാകുമാരി എന്നിവരാണ് തിരുവനന്തപുരം ക്രൈം ബ്രാഞ്ചിലെത്തി കീഴടങ്ങിയത്.

ദിയ കൃഷണ നടത്തുന്ന ഓ ബൈ ഓസി എന്ന ആഭരണക്കടയിലെത്തിയിരുന്ന പണം മൂന്ന് ജീവനക്കാരികള്‍ ചേര്‍ന്ന് ക്യൂ.ആര്‍ കോഡില്‍ കൃത്രിമം കാണിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്. ഇത്തരത്തില്‍ 69 ലക്ഷത്തിലേറെ രൂപയുടെ സാമ്പത്തിക തിരിമറി ജീവനക്കാര്‍ നടത്തിയെന്നാണ് പരാതി. പണം തട്ടിയതിനുള്ള തെളിവുകളും കൃഷ്ണകുമാറും ദിയയും നല്‍കിയിരുന്നു. സ്ഥാപനത്തിലെ വിനീത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികള്‍ക്കെതിരെയാണ് പരാതി നല്‍കിയിരുന്നത്.

കൃഷ്ണകുമാറും മകളും ചേര്‍ന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുക്കുകയായിരുന്നുവെന്നാരോപിച്ച് ജീവനക്കാരികളും മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രണ്ട് പേരുടെയും കീഴടങ്ങല്‍.

നേരത്തെ വിനീത, ദിവ്യ, രാധകുമാരി എന്നീ വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കൈ ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വെച്ചായിരുന്നു കോടതിയുടെ നടപടി. മൂന്ന് ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ജാമ്യാപേക്ഷ സെഷന്‍ കോടതി തള്ളിയതിന് പുറകെയാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്.

Content Highlight: Financial fraud in Diya Krishna’s office, Accused surrender

We use cookies to give you the best possible experience. Learn more