ചെന്നൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് അറസ്റ്റില്‍. ചെന്നൈയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കൊച്ചി സൗത്ത് പൊലീസാണ് ഷര്‍ഷാദിനെ അറസ്റ്റ് ചെയ്തത്.
40 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിലാണ് നടപടി. കൊച്ചി സ്വദേശികളാണ് ഷര്‍ഷാദിനെതിരെ പരാതി നല്‍കിയത്. മുഹമ്മദ് ഷര്‍ഷാദ് ഡയറക്ടറായ കമ്പനിയില്‍ ഓഹരിപങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്.
ഷര്‍ഷാദിന് പുറമെ കമ്പനി സി.ഇ.ഒയായ തമിഴ്‌നാട് സ്വദേശി ശരവണനും കേസില്‍ പ്രതിയാണ്. ഇയാളെ രണ്ടാം പ്രതിയാക്കിയാണ് എഫ്.ഐ.ആര്‍. ഷര്‍ഷാദിനെ ഇന്ന് (വെള്ളി) രാത്രിയോടെ കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരം.
2023ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പെന്‍ഡ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
അടുത്തിടെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനുമെതിരെ ഷര്‍ഷാദ് ആരോപണം ഉന്നയിച്ചിരുന്നു. 2022ല്‍ യു.കെ ഘടകം സി.പി.ഐ.എം നേതാവായ രാജേഷ് കൃഷ്ണയ്ക്കെതിരെ ഷര്‍ഷാദ് നല്‍കിയ പരാതിക്കത്ത് ഓഗസ്റ്റില്‍ പുറത്തുവന്നതോടെ സംഭവം വിവാദമാകുകയായിരുന്നു.
മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തിയതിനെതിരെയായിരുന്നു ഷര്‍ഷാദ് പരാതി നല്‍കിയത്.
എന്നാല്‍ പോളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും നല്‍കിയ പരാതി രാജേഷ് കൃഷ്ണയ്ക്ക് ചോര്‍ത്തി നല്‍കിയെന്നും ഇതിനുപിന്നില്‍ എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്നുമായിരുന്നു ഷര്‍ഷാദിന്റെ ആരോപണം.
രാജേഷ് കൃഷ്ണ കടലാസ് കമ്പനിയുണ്ടാക്കി കേരളത്തിലെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങള്‍ ഷര്‍ഷാദ് ഉന്നയിച്ചിരുന്നു. ശ്യാംജിത്തുമായി ചേര്‍ന്ന് രാജേഷ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും ഇയാള്‍ ആരോപിച്ചിരുന്നു.
ആരോപണങ്ങള്‍ക്ക് പിന്നാലെ എം.വി. ഗോവിന്ദന്‍, തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടിസയച്ചിരുന്നു.
Content Highlight: Financial fraud; Business man Sharshad arrested