| Sunday, 21st September 2025, 11:57 am

തെങ്ങ് വീണ് മരിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ധനസഹായം; രണ്ട് ലക്ഷം വീതം നല്‍കാന്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കുന്നത്തുകാലില്‍ തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് വീണ് മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ തീരുമാനം. രണ്ട് ലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനമായത്. വരുന്ന 15 ദിവസത്തിനകം നിയമപരമായ അവകാശികള്‍ക്ക് ധനസഹായം കൈമാറുമെന്നാണ് വിവരം.

ഇന്നലെ (ശനി) കാട്ടാക്കട കുന്നത്തുകാല്‍ ചാവടിയിലാണ് തെങ്ങ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചത്. ജോലിക്കിടെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ തലയിലേക്ക് തെങ്ങ് വീഴുകയായിരുന്നു.

40 അടിയേക്കാള്‍ ഉയരമുള്ള തെങ്ങാണ് മറിഞ്ഞ് വീണത്. ചാവടി സ്വദേശികളായ ചന്ദ്രിക, വസന്ദ കുമാരി എന്നിവരാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് രണ്ട് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അപകടം നടക്കുമ്പോള്‍ 40ലധികം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരില്‍ സ്‌നേഹലത, ഉഷ എന്നിവരുടെ പരിക്ക് ഗുരുതരമാണ്.

ഇവര്‍ കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തെങ്ങ് കടപുഴകി വീഴുന്നത് കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കും പരിക്കുണ്ട്.

സമീപത്തുള്ള പാലത്തിന് മുകളിലേക്കാണ് തെങ്ങ് വീണത്. പിന്നാലെ പാലവും തെങ്ങും തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. കനാല്‍ വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

പാറശ്ശാല ഫയര്‍ഫോഴ്‌സും വെള്ളറട പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാല് ദിവസം മുമ്പാണ് കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ ചാവടി വാര്‍ഡിലെ തൊഴിലുറപ്പ് ജോലികള്‍ ആരംഭിച്ചത്.

നിലവില്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും വഹിക്കുമെന്ന് എന്‍.ആര്‍.ഇ.ജി.എസ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല, അപകടത്തില്‍പ്പെട്ടവര്‍ക്ക് തൊഴിലുറപ്പ് നിയമമനുസരിച്ച് പകുതി വേതനത്തിനും അര്‍ഹതയുണ്ട്.

Content Highlight: Financial assistance for kerala workers who died after falling coconut trees

We use cookies to give you the best possible experience. Learn more