| Monday, 29th September 2025, 5:43 pm

കേന്ദ്രം ഞെരുക്കിയിട്ടും കേരളം മുന്നോട്ട് പോയി; അടിയന്തര പ്രമേയത്തിന് മന്ത്രി നല്‍കിയ മറുപടിയുടെ സംഗ്രഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഞെരുക്കങ്ങള്‍ക്കിടയിലും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെല്ലാം ഒരു തടസ്സവും ഇല്ലാതെ മുന്നോട്ടുപോവുകയാണ്.  ഇത്തവണ ഓണം സുഭിക്ഷമായി തന്നെ ആഘോഷിച്ചിട്ടുണ്ട്.  അക്കാര്യത്തില്‍ ആര്‍ക്കും അഭിപ്രയ വ്യത്യാസമില്ല.

ധനപ്രതിസന്ധിയിലായിരുന്നുവെങ്കില്‍ സര്‍ക്കാരിന് അത്തരത്തില്‍ പ്രവര്‍ത്തിക്കുവാനാകുമായിരുന്നില്ല.  ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന വര്‍ഷത്തെ ആകെ ചെലവ് 1.30 ലക്ഷം കോടി രൂപയായിരുന്നു.  കഴിഞ്ഞവര്‍ഷം അത് 1.75 ലക്ഷം കോടി രൂപയിലേക്ക് എത്തി.  ഈ സാമ്പത്തികവര്‍ഷം രണ്ട് ട്രില്യണിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

മുഖ്യമന്ത്രി പിണറായി വിജയന്‍

ഈ സര്‍ക്കാരിന്റെ ആദ്യ വര്‍ഷം കേന്ദ്രസര്‍ക്കാരില്‍ നിന്നും ഗ്രാന്റിനത്തില്‍ കിട്ടിയത് 33,000 കോടി രൂപയായിരുന്നു.  ഈ സാമ്പത്തിക വര്‍ഷം ആകട്ടെ 6000 കോടിയിലേക്ക് ചുരുങ്ങി.  ഗ്രാന്റിനത്തില്‍ ഈ വര്‍ഷം 27,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.

ഇതുപോലെ തന്നെയാണ് വായ്പാ ആനുപാതത്തിലും വലിയതോതില്‍ വെട്ടിക്കുറവ് ഉണ്ടാകുന്നത്.  കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവയുടെ മുന്‍കാല കടത്തിന്റെ പേരില്‍ ഈ വര്‍ഷം വായ്പാ അനുമതിയില്‍ 4700 കോടി രൂപ കുറച്ചു. ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ടിന്റെ പേരില്‍ 3330 കോടി രൂപയും കുറച്ചു.

കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുക്കുന്ന സംസ്ഥാനത്തിന്റെ  ജി.എസ്.ഡി.പിയുമായി ബന്ധപ്പെട്ട പ്രശ്‌നം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടുകവഴി കേരളത്തിന് 1522 കോടി രൂപയുടെ വായ്പാ അനുമതി കൂടി ലഭിച്ചിരുന്നു. അതും ഈ വര്‍ഷം അനുവദിച്ചിട്ടില്ല.  ദേശീയപാതയുടെ ഭൂമിയേറ്റെടുക്കലിനായി കേരളം നല്‍കേണ്ടിവന്ന 6000 കോടി രൂപയ്ക്ക് പകരമായി ഈ തുക സംസ്ഥാനത്തിന് കടമെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. 

ഇത്രയേറെ വരുമാന നഷ്ടം ഉണ്ടായിട്ടും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പിന്നോട്ടുപോകുകയായിരുന്നില്ല.  പൊതുചെലവ് 50 ശതമാനം ഉയര്‍ത്തുകയായിരുന്നു.  സംസ്ഥാനം കടക്കെണിയിലാണെന്ന വാദം ശരിയല്ല.  ഓരോ അഞ്ചുവര്‍ഷം കഴിയുന്തോറും കടം ഇരട്ടിക്കുന്നതാണ് സംസ്ഥാനത്തിന്റെ പൊതുരീതി.

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍

വി.എസ്. സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഏതാണ്ട് 80,000 കോടി രൂപയായിരുന്നു കേരളത്തിന്റെ കടം.  ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ 1.6 ലക്ഷം കോടിയായി ഉയര്‍ന്നു.  ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2.9 ലക്ഷം കോടി രൂപയായി.  ഇത്തരത്തിലുള്ള വര്‍ദ്ധനവ് അനുസരിച്ച് ഈ സര്‍ക്കാരിന്റെ കാലത്ത് അത് 6 ലക്ഷം കോടിയിലേക്ക് എത്തണം.   എന്നാല്‍ അത് 4.7 ലക്ഷത്തില്‍ താഴെയായി ചുരുങ്ങുകയാണുണ്ടായത്.

ഈ നാലര വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് ഒന്നേകാല്‍ ലക്ഷം കോടിയോളം രൂപയുടെ വായ്പാ അനുമതിയാണ് നിഷേധിക്കപ്പെട്ടത്.  ഈ പണവും കൂടി കിട്ടിയിരുന്നെങ്കില്‍ തീരാവുന്നതേയുള്ളൂ നമ്മുടെ ബാധ്യതകളെല്ലാം.

2022-23ലെ സംസ്ഥാനങ്ങളുടെ ധനകാര്യങ്ങള്‍ വിലയിരുത്തി സി.എ.ജി ഇറക്കിയ റിപ്പോര്‍ട്ടില്‍ കേളത്തെ സംബന്ധിച്ച് പ്രതീക്ഷാ നിര്‍ഭരമായ കാര്യങ്ങളാണ് നടന്നിട്ടുള്ളത്.  കടം 6 ലക്ഷം കോടി എന്നും നവകേരളകടം എന്നൊക്കെ ആക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ കേരളം കടകാര്യത്തില്‍ അപകടാവസ്ഥയില്‍ അല്ലന്ന് തിരുത്തേണ്ടി വന്നിട്ടുണ്ട്.

ജി.എസ്.ഡി.പിയുടെ 25 ശതമാനത്തില്‍ താഴെ കടം നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവുമുണ്ടെന്നാണ് സി.എ.ജി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  കടമെടുക്കുന്ന തുകയുടെ 90 ശതമാനവും മൂലധന നിക്ഷേപത്തിനായിട്ടാണ് കേരളം ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍

ഒരു മേഖലയിലും ചെലവ് ചുരുക്കല്‍ ഉണ്ടായിട്ടില്ല.  മരാമത്ത് രംഗത്തും എം.എല്‍.എ ആസ്തിവികസന ഫണ്ടിലും എല്ലാം കൃത്യമായ തുകകള്‍ നല്‍കിയിട്ടുണ്ട്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പദ്ധതിയില്‍ ആയിരം കോടി രൂപയാണ് അധികമായി നല്‍കിയത്.

നവകേരള പദ്ധതിയുടെ ഭാഗമായി എല്ലാ മണ്ഡലത്തിനും 7 കോടി രൂപ അടങ്കലില്‍ രണ്ട് പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട്.  നവകേരള സദസ്സുമായി സഹകരിക്കാത്ത എം.എല്‍.എമാരുടെ മണ്ഡലങ്ങള്‍ക്കും ഈ പദ്ധതികള്‍ കിട്ടിയിട്ടുണ്ട്.  

പുതിയ ജി.എസ്.ടി നിരക്ക് മാറ്റം മൂലം സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാനനഷ്ടം ഉണ്ടാകുമെന്നുതന്നെയാണ് ഡല്‍ഹിയില്‍ ചേര്‍ന്ന എട്ട് പ്രതിപക്ഷ സംസ്ഥാനങ്ങളുടെ യോഗം വിലയിരുത്തിയത്.  ഹിമാചല്‍പ്രദേശ്, കര്‍ണ്ണാടക, തെലങ്കാന എന്നീ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളും ഈ യോഗത്തിന്റെ ഭാഗമായിരുന്നു. 

കേരളത്തിന് ഇതുമൂലം വര്‍ഷം 8000 മുതല്‍ 10000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ നടത്തിയ പ്രാഥമിക പഠനത്തില്‍ മനസ്സിലാക്കിയിട്ടുള്ളത്.  ആട്ടോമൊബൈല്‍, ഇന്‍ഷുറന്‍സ്, ഇലക്ട്രോണിക്‌സ്, സിമന്റ് മേഖലയില്‍ മാത്രം വര്‍ഷം 2500 കോടി രൂപയുടെ നഷ്ടമുണ്ടാകും.

ഇത്തരത്തിലുള്ള നഷ്ടം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉണ്ടാകുമെന്നാണ്വി ലയിരുത്തിയിട്ടുള്ളത്.  ജി.എസ്.ടിയ്ക്ക് മുമ്പുള്ള നികുതി നിരക്ക് വര്‍ദ്ധന തുടരുന്ന സാഹചര്യം ഉണ്ടായിരുന്നുവെങ്കില്‍ സംസ്ഥാനത്തിന് വര്‍ഷം 51,500 കോടി രൂപ നികുതി വരുമാനമായി ലഭിക്കുമായിരുന്നു.

ജി.എസ്.ടിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്ന 14 ശതമാനം വാര്‍ഷിക നികുതി വര്‍ദ്ധന സാധ്യമായിരുന്നുവെങ്കില്‍ വര്‍ഷം 54,000 കോടി രൂപയെങ്കിലും വര്‍ഷം ലഭിക്കണമായിരുന്നു.  എന്നാല്‍ കിട്ടുന്നത് 32,000 കോടി രൂപയാണ്.  എന്നിട്ടും നമ്മുടെ തനത് വരുമാനം ഉയര്‍ത്തിയാണ് നാം പിടിച്ചുനില്‍ക്കുന്നത്. 

ഈ സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ 47,606 കോടി രൂപയായിരുന്നു തനത് വരുമാനം.  കഴിഞ്ഞ സാമ്പത്തികവര്‍ഷം 76,682 കോടി രൂപയായി ഉയര്‍ന്നു.  നികുതിയേതര വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായി.  2021-22 ല്‍ 7327 കോടി രൂപയായിരുന്നത് കഴിഞ്ഞ സാമ്പത്തികവര്‍ഷം 16,586 കോടി രൂപയായി ഉയര്‍ന്നു.

സംസ്ഥാനത്തിന്റെ ഐ.ജി.എസ്.ടി വിഹിതത്തില്‍ 965 കോടി രൂപ ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പിരിച്ചെടുത്തു.  ഐ.ജി.എസ്.ടി പൂളില്‍ നിന്നുള്ള 36,000 കോടി രൂപ ഏതൊക്കെയോ സംസ്ഥാനങ്ങള്‍ അധികമായി നേടിയെടുത്തു എന്നതിന്റെ പേരിലാണ് നമ്മുടെ സംസ്ഥാനത്തിന്റെ വിഹിതത്തില്‍ നിന്ന് ഈ തുക പിടിച്ചത്.  ഇല്ലെങ്കില്‍ ഈവര്‍ഷം ജി.എസ്.ടി നികുതി വര്‍ദ്ധന 10 ശതമാനം പിന്നിട്ടേനെ.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും

യു.ഡി.എഫ് ഭരണകാലങ്ങളില്‍ ട്രഷറി അടച്ചിടേണ്ടിവരുന്ന അവസ്ഥ പത്രങ്ങളിലടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.  അത്തരത്തിലുള്ള ഒരു സ്ഥിതിവിശേഷവും ഇപ്പോഴില്ല.  കരാറുകാര്‍ക്ക് ബില്‍ ഡിസ്‌കൗണ്ടിംഗ് വഴി കൃത്യമായി പണം ലഭിക്കുന്നുണ്ട്.  പണം ലഭിക്കാത്തതുമൂലം പണി നിര്‍ത്തിവെയ്ക്കുന്ന അവസ്ഥയുമുണ്ട്. 

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എക്കാലത്തേക്കാളും ഉയര്‍ന്ന നിലയില്‍ പണം അനുവദിക്കുന്നുണ്ട്.  സംസ്ഥാന തനത് നികുതി വരുമാനത്തിന്റെ 3.5 ശതമാനം ജനറല്‍ പര്‍പ്പസ് ഫണ്ട് നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 4 ശതമാനമാണ് നല്‍കുന്നത്.

മെയിന്റനന്‍സ് ഫണ്ടും 6 ശതമാനത്തില്‍ നിന്നും 6.5 ശതമാനമായി ഉയര്‍ന്നു.  2014-15 ല്‍ സംസ്ഥാന പദ്ധതിയുടെ 22.95 ശതമാനമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നത്.  ഇപ്പോഴത് 28.35 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം 110 ശതമാനമായിരുന്നു തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം അനുവദിച്ചത്.  ഇതില്‍ സ്പില്‍ഓവറും ഉള്‍പ്പെടുന്നുണ്ട്.  ഈ വര്‍ഷം മെയിന്റനന്‍സ് ഗ്രാന്റിന്റെയും ഡെവലപ്‌മെന്റ് ഫണ്ടിന്റെയും രണ്ടുഗഡുക്കളും ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ 6 ഗഡുക്കളും ഇതിനകം നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ച മുഴുവന്‍ തുകയും നീക്കിവെച്ചിട്ടുണ്ട്. എല്ലാ മേഖലയിലും ചെലവുകളില്‍ കാര്യമായ വര്‍ദ്ധനവ് വരുത്താന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചുവര്‍ഷം നല്‍കിയത് 9,011 കോടി രൂപയാണ്.  ഒന്നാം പിണറായി സര്‍ക്കാര്‍ 35,054 കോടി രൂപ വിതരണം ചെയ്തു.  ഈ സര്‍ക്കാര്‍ ഇതിനകം 42,841 കോടി രൂപ നല്‍കിയിട്ടുണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 50,000 കോടി രൂപയെങ്കിലും ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്യപ്പെടും. 

കെ.എസ്.ആര്‍.ടി.സിയ്ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയത് 1466 കോടി രൂപയാണ്.  ഒന്നാം പിണറായി സര്‍ക്കാര്‍ 5002 കോടി രൂപ നല്‍കി.  ഈ സര്‍ക്കാര്‍ ഇതിനകം 7830 കോടി രൂപ സഹായിച്ചിട്ടുണ്ട്.  ബസ് സ്റ്റാന്‍ഡുകളുടെ വികസനത്തിനടക്കമുള്ള തുകകളും കൂടി ചേര്‍ത്താല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സഹായം 10,000 കോടി രൂപ കവിയും.

മുഖ്യമന്ത്രി പിണറായി വിജയന്‍

ജലജീവന്‍ മിഷന് ഒന്നാം പിണറായി സര്‍ക്കാര്‍ 756 കോടി രൂപയാണ് നല്‍കിയത്.  ഈ സര്‍ക്കാര്‍ ഇതിനകം 6080 കോടി രൂപ നല്‍കിയിട്ടുണ്ട്.  സംസ്ഥാനം നല്‍കിയ 500 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഇനിയും മടക്കിനല്‍കിയിട്ടില്ല.

എസ്.സി/എസ്.ടി പിന്നോക്ക/ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ കാര്യത്തില്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.  ഇതിനകം 5126 കോടി രൂപയാണ് ഈ ഇനങ്ങളില്‍ വിതരണം ചെയ്തിട്ടുള്ളത്.  ഒന്നാം പിണറായി സര്‍ക്കാര്‍ 3853 കോടി രൂപയാണ് നല്‍കിയത്.  ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താകട്ടെ, അഞ്ചുവര്‍ഷത്തില്‍ നല്‍കിയത് 2069 കോടി രൂപയും.

ഇങ്ങനെ ഏതാണ്ട് എല്ലാ മേഖലയിലും മികച്ച രീതിയിലുള്ള ചെലവ് നിര്‍വ്വഹിക്കാന്‍ എല്ലാ സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. യു.ഡി.എഫ് കാലത്ത് ഹൃദയശസ്ത്രക്രിയകളുടെയടക്കം ചികിത്സാ ചെലവ് നല്‍കാന്‍ ഉണ്ടായിരുന്നില്ല എന്ന പ്രതിപക്ഷവാദം ശരിയാണ്.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്‌

കാരണം അന്ന് അത്തരം സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല.  ആകെ 5 ഇടത്തുമാത്രമാണ് കാത്ത് ലാബുകള്‍ ഉണ്ടായിരുന്നത്.  ഇന്ന് സംസ്ഥാനത്താകെ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ ഹൃദയ ശസ്ത്രക്രിയ നടക്കുന്നത്.  ‘ഐ ഡോണ്ട് കെയര്‍’ അല്ല   ‘വി കെയര്‍’ ആണ് ഈ സര്‍ക്കാരിന്റെ നയം.

കിഫ്ബിയും ലൈഫും ഒക്കെ ഇല്ലാതാക്കുമെന്ന് 2021-ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പറഞ്ഞു.  ഇവയെല്ലാം തുടരുമെന്ന് പറഞ്ഞ എല്‍.ഡി.എഫിനെ ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുത്തു.  അവരുടെ ആഗ്രഹം സാക്ഷാല്‍ക്കരിച്ച് തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.  എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും വന്നിരുന്നില്ലെങ്കില്‍ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല.

കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവന്തപുരം ഉള്‍പ്പെടെ വിമാനത്താവളങ്ങളുടെ വികസനത്തിനും എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ പങ്ക് വലുതാണ്.  വിദ്യാര്‍ത്ഥികളും യുവജനങ്ങളും വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത് തടയാനുള്ള വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്.

കേന്ദ്രസര്‍ക്കാരിന്റെ സമീപനങ്ങള്‍ മൂലം നാം നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളാണ്.  നമ്മുടെ കേന്ദ്ര നികുതി വിഹിതത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.  പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് ലഭിച്ചിരുന്ന 3.8 ശതമാനം വിഹിതം നിലവില്‍ 1.92 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്.

സംസ്ഥാനങ്ങളുമായി വീതം വെയ്ക്കുന്ന കേന്ദ്രപൂളിന്റെ ഭാഗം 41 ശതമാനമായി കുറച്ചു.  സംസ്ഥാനങ്ങളുമായി പങ്കുവെയ്‌ക്കേണ്ടതായിട്ടില്ലാത്ത സെസ്സുകളുടെയും സര്‍ചാര്‍ജ്ജുകളുടെയും അളവ് ഗണ്യമായി ഉയര്‍ന്നതോടെ ഫലത്തില്‍ കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന നികുതി വിഹിതത്തിന്റെ 31- 32 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കായി വിഭജിക്കുന്നത്.  ഇതില്‍ തന്നെ കേരളത്തിന് ലഭിക്കുന്നത് വളരെ തുച്ഛമായ ശതമാനമാണ്.

പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഏതാണ്ട് സമാന അഭിപ്രായമാണുള്ളത്.  അതുകൊണ്ട് തന്നെ നമുക്ക് അര്‍ഹതപ്പെട്ടത് കിട്ടാന്‍ സമരം തുടരേണ്ടിവരും.  നമ്മുടെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ഈ നാട്ടില്‍ തന്നെ പിടിച്ചുനിര്‍ത്തുന്നതിനാവശ്യമായ വിപുലമായ പദ്ധതികളും ആവശ്യമായി വരും.  ഇക്കാര്യത്തില്‍ നമുക്ക് ഒന്നിച്ചുനില്‍ക്കാനാകണം.

content highlights: Finance Minister K.N. Balagopal’s reply to the motion debate in the Assembly

We use cookies to give you the best possible experience. Learn more