തിരുവനന്തപുരം: 2026- 2027 സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവുമാണ് പ്രതീക്ഷിക്കുന്ന ബജറ്റെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു.
എഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപയും റവന്യൂ കമ്മി 34,587 കോടി രൂപയുമാണെന്നും ഇത് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനമാണെന്നും അദ്ദേഹം അറിയിച്ചു. ധനക്കമ്മി 55,420 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)
റവന്യൂ വരുമാനത്തില്‍ 45,889.49 കോടി രൂപയുടെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തനത് നികുതി വരുമാനത്തില്‍ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1595.05 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപയും. അങ്കണവാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനം 500 രൂപയുമാക്കി ഉയര്‍ത്തി. ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപയും പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1000 രൂപയുമാക്കി ഉയര്‍ത്തി. സ്കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 25 രൂപ വര്‍ധിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.
സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി. ദിവസവേതന ജീവനക്കാരുടെ പ്രതിദന വേതനത്തില്‍ 5 ശതമാനം വര്‍ധനവ് വരുത്തി. പത്രപ്രവര്‍ത്തക പെന്‍ഷന്‍ പ്രതിമാസം 1500 രൂപ വര്‍ധിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈബ്രേറിയന്‍മാരുടെ പ്രതിമാസ അലവന്‍സില്‍ 1000 രൂപ വര്‍ധിപ്പിച്ചു. കാന്‍സര്‍, ലെപ്രസി, എയ്ഡ്സ്, ക്ഷയ രോഗബാധിതരുടെ പ്രതിമാസ പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു. ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തില്‍ അഞ്ചുവര്‍ഷത്തെ തത്വം പാലിക്കുകയെന്നത് ഇടതുപക്ഷ സര്‍ക്കാരുകളുടെ നയമാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
12ാമത് പേ കമ്മീഷനും ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് വാങ്ങി സമയബന്ധിതമായി അത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവശേഷിക്കുന്ന ഡി.എ, ഡി.ആർ ഗഡുക്കള്‍ പൂര്‍ണമായും നല്‍കും. ഒരു ഗഡു ഡി.എ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പവും അവശേഷിക്കുന്ന ഡി.എ, ഡി.ആര്‍ ഗഡുക്കള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പംവും നൽകുമെന്നും മന്ത്രി പറഞ്ഞു.
ഡി.എ, ഡി.ആര്‍ കുടിശ്ശിക ഘട്ടം ഘട്ടമായി കൊടുത്തുതീര്‍ക്കും. ആദ്യ ഗഡു ബജറ്റ് ഈ വര്‍ഷം നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനസ്ഥാപിക്കും.പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍ നൽകും. അഷ്വേര്‍ഡ് പെന്‍ഷനില്‍ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്‍ഷന്‍ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlight: Finance Minister K.N. Balagopal presented the 2026-2027 state budget in the assembly