| Friday, 19th December 2025, 5:06 pm

ഒടുവില്‍ പാസാക്കി; പ്രതിപക്ഷ ബഹളങ്ങള്‍ക്കിടയിലും വിദ്വേഷ പ്രസംഗം തടയാനുള്ള ബില്ല് പാസാക്കി കര്‍ണാടക സര്‍ക്കാര്‍

നിഷാന. വി.വി

ബെംഗളൂരു: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും വിദ്വേഷ പ്രസംഗം തടയാനുളള ബില്ല് പാസാക്കി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാന ആഭ്യന്തരമന്ത്രി ജി. പരമേശ്വര ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു.

ദി ഹൈയ്റ്റ് സ്പീച്ച് ആന്‍ഡ് ഹൈയ്റ്റ് ക്രൈംസ് പ്രിവന്‍ഷന്‍ ബില്‍ [വിദ്വേഷ പ്രസംഗവും വിദ്വേഷ കുറ്റകൃത്യങ്ങളും തടയാനുളള ബില്‍] പ്രകാരം ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ നീട്ടാവുന്ന തടവും ശിക്ഷയും 50,000 രൂപ വരെ പിഴയും ചുമത്താം.

കുറ്റം ആവര്‍ത്തിച്ചാല്‍ 2 വര്‍ഷത്തില്‍ കുറയാത്ത ഏഴ് വര്‍ഷം വരെ നീട്ടാവുന്ന തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാം.

വാമൊഴിയായോ അച്ചടിയായോ ഓണ്‍ലൈനായോ പൊതുജന ശ്രദ്ധയില്‍ വരുന്ന പ്രസംഗങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ വിഷയത്തില്‍ വന്‍ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബില്ല് അഭിപ്രായ സ്വാതന്ത്രത്തെയും മാധ്യമ സ്വാതന്ത്രത്തെയും ഹനിക്കുന്നുവെന്നും ബില്ലിലെ എല്ലാ നിര്‍ദേശങ്ങളും ഭാരതീയ നിയമസംഹിതയില്‍ ഉള്‍പ്പെടുന്നവയാണെന്നും പ്രതിപക്ഷ നേതാവ് ആര്‍. അശോക പറഞ്ഞു.
ഈ ബില്ല് ലക്ഷ്യം വെക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികളേയും മാധ്യമങ്ങളെയും മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ രാജ്യത്ത് അടിയന്താരവസ്ഥ കൊണ്ട് വന്ന കോണ്‍ഗ്രസില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബി.ജെ.പി നേതാവ് പ്രതികരിച്ചു.

തീരദേശ കര്‍ണാടക വിദ്വേഷത്തില്‍ കത്തുകയാണെന്നുള്ള നഗര വികസന മന്ത്രി ബൈരതി സുരേഷ് ചര്‍ച്ചയ്ക്കിടയില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് മേഖലയിലെ ബി.ജെ.പി നേതാക്കള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

എന്നാല്‍ ബില്ല് അനിവാര്യമാണെന്നും വിദ്വേഷ പ്രസംഗങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും പ്രചാരണം, പ്രസിദ്ധീകരണം, പ്രോത്സാഹനം തുടങ്ങിയവ തടയുന്നതിന് നിയമം സഹായകമാവുമെന്നും വിഷയത്തില്‍ ആഭ്യന്തരമന്ത്രി പ്രതികരിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വര്‍ഗീയ വിദ്വേഷവും പ്രചാരണവും ശക്തമായി നേരിടണമെന്ന സുപ്രീംകോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് നിയമ നിര്‍മാണം അനിവാര്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highligjht : Finally passed; Karnataka government passes bill to curb hate speech amid opposition uproar

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more