ഇന്ത്യ – ശ്രീലങ്ക വനിതാ ടി – 20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തെയും മത്സരം ഇന്ന് (ഡിസംബര്‍ 30) നടക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ തന്നെയാണ് ഈ മത്സരത്തിന്റെയും വേദി. പരമ്പരയിലെ മൂന്നും നാലും മത്സരങ്ങളും ഇവിടെ തന്നെയായിരുന്നു അരങ്ങേറിയത്.
പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് കാര്യവട്ടത്ത് കളിക്കാന്‍ ഇറങ്ങുക. അതിനായി ഇറങ്ങുമ്പോള്‍ മികച്ച ഫോമില്‍ തുടരുന്ന ഷെഫാലി വര്‍മയിലാണ് ഇന്ത്യയുടെ പ്രതീക്ഷകളത്രയും. കഴിഞ്ഞ മത്സരത്തില്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ പ്രകടനവും ഈ മത്സരത്തില്‍ ഇന്ത്യയ്ക്ക് കരുത്താവും.
സ്‌മൃതി മന്ഥാനയും ഷെഫാലി വർമയും. Photo: BCCI Women/x.com
എന്നാല്‍, മറുവശത്ത് ആശ്വാസ ജയം തേടിയാണ് ലങ്കന്‍ വനിതകള്‍ ഇറങ്ങുന്നത്. പരമ്പരയില്‍ ഇതുവരെ ചമാരി അത്തപത്തുവിനും സംഘത്തിനും ജയിക്കാന്‍ സാധിച്ചിട്ടില്ല. നാലാം മത്സരത്തില്‍ കടുത്ത പോരാട്ടം കാഴ്ചവെച്ചിട്ടും ടീം പരാജയപ്പെട്ടിരുന്നു. അതിനാല്‍ തന്നെ അവസാന മത്സരത്തില്‍ ലങ്കന്‍ വനിതകള്‍ രണ്ടും കല്‍പ്പിച്ചാവും കാര്യവട്ടത്ത് കളിക്കുക.
നിലവില്‍ ഇന്ത്യ പരമ്പരയില്‍ 4 – 0 ന് മുന്നിലാണ്. പരമ്പരയിലെ ആദ്യ നാല് മത്സരത്തിലും ആധികാരമായ വിജയമാണ് ഹര്‍മന്‍പ്രീത് കൗറും കൂട്ടരും സ്വന്തമാക്കിയത്. വിശാഖപട്ടണത്ത് നടന്ന ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം എട്ട് വിക്കറ്റിനും ഏഴ് വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ വിജയങ്ങള്‍.
ഇന്ത്യൻ ക്രിക്കറ്റ് ടീം. Photo: BCCI Women/x.om
കാര്യവട്ടത്തെ ആദ്യ മത്സരത്തില്‍ അഥവാ പരമ്പരയിലെ മൂന്നാം മൂന്നാം മത്സരത്തിലും ലങ്കന്‍ വനിതകള്‍ക്ക് ഇന്ത്യന്‍ വനിതകള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. അന്ന് എട്ട് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയെടുത്തത്. രണ്ട് ദിവസങ്ങള്‍ക്കപ്പുറം വീണ്ടും ഇറങ്ങിയപ്പോഴും ഹര്‍മനും കുട്ടികളും തങ്ങളുടെ ആധിപത്യം തുടര്‍ന്നു.
30 റണ്‍സിനായിരുന്നു ഈ മത്സരത്തില്‍ ഇന്ത്യന്‍ സംഘത്തിന്റെ വിജയം. എന്നാല്‍, നാലാം മത്സരത്തില്‍ ശക്തമായ ചേര്‍ത്ത് നില്‍പ്പ് നടത്തിയാണ് ലങ്ക ഇന്ത്യയ്ക്ക് മുമ്പില്‍ കീഴടങ്ങിയത്. ഈ പോരാട്ടം തന്നെ തുടരാമെന്ന് ഉറച്ചാവും അഞ്ചാം മത്സരത്തില്‍ കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ അത്തപത്തുവിന്റെ സംഘം ഇറങ്ങുക.
ചമാരി അത്തപതു.Photo: X.com
ഇന്ത്യയും ശ്രീലങ്കയും ജയം എന്ന ഒറ്റ ലക്ഷ്യത്തില്‍ ഇറങ്ങുമ്പോള്‍ അന്തപുരിയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മികച്ചൊരു വിരുന്ന് തന്നെയായിരിക്കും. ഇവിടെ നടന്ന ബാക്കി മത്സരങ്ങളിലും ഇന്ത്യന്‍ വനിതകള്‍ നടത്തിയ മികച്ച ബാറ്റിങ് പ്രതീക്ഷിച്ചാവും ഓരോ ആരാധകനും ഗാലറിയില്‍ എത്തുക.
Content Highlight: Final T20I match between Indian women and Sri Lakan women will be at Karyavattam Greenfield stadium