| Wednesday, 18th June 2025, 4:11 pm

വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കാണ് അനുമതി ലഭിച്ചത്. 2134 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഉപാധികളോടെയാണ് പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്.

പദ്ധതി പ്രകാരം നാലുവരി തുരങ്ക പാതയാണ് നിര്‍മിക്കുക. പൊതുമരാമത്ത്, കിംഫി, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് തുരങ്കപാതയുടെ നിര്‍മാണം നടക്കുക. ജൂലൈയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം നടത്തുമെന്ന് എം.എല്‍.എ ലിന്‍ഡോ ജോസഫ് പറഞ്ഞു.

മെയ് 14, 15 തീയതികളില്‍ നടന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തില്‍ തുരങ്കപാതയുടെ നിര്‍മാണം വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നടത്താന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. സംസ്ഥാന വിദഗ്ധ സമിതിയും തുരങ്കപാതയ്ക്ക് അനുകൂലമായി ശുപാര്‍ശ നല്‍കിയിരുന്നു.

എന്നാല്‍ പരിസ്ഥിതി ആഘാതം സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തണമെന്ന് സംസ്ഥാന സമിതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പഠനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പരിസ്ഥിതി മന്ത്രാലയം ഇപ്പോള്‍ അന്തിമ അനുമതി നല്‍കിയിരിക്കുന്നത്.

മെയ്യില്‍ 60 കര്‍ക്കശമായ നിബന്ധനകളോട് കൂടിയാണ് കേന്ദ്രം തുരങ്കപാതയ്ക്ക് അനുമതി നല്‍കിയത്. ഈ നിബന്ധനകള്‍ അംഗീകരിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട് നല്‍കിയതോടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ദ സമിതി അനുമതി നല്‍കുകയായിരുന്നു.

ഡ്രില്ലിങ്ങിലെ പ്രകമ്പനങ്ങള്‍ അളക്കാന്‍ നാല് ഭൂമാപിനികള്‍ സ്ഥാപിക്കണമെന്നടക്കമുള്ള നിബന്ധനകളാണ് പരിസ്ഥിതി മന്ത്രാലയം നേരത്തെ മുന്നോട്ടുവെച്ചിരുന്നത്.

ഭൂമിക്കടിയിലെ ഉരുള്‍പ്പൊട്ടലുകളടക്കം മനസിലാക്കാനാണ് ഈ ഭൂമാപിനികള്‍ സ്ഥാപിക്കുന്നത്. നിലവില്‍ 2236 കോടി ചെലവ് വരുന്ന പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ കേരള സര്‍ക്കാര്‍ പൂര്‍ത്തികരിച്ചിരുന്നു.

Content Highlight: Final approval from the Ministry of Environment for the Wayanad Tunnel

We use cookies to give you the best possible experience. Learn more