‘ഡീയസ് ഈറെ’യ്ക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷന്റെ’ ചിത്രീകരണം പൂർത്തിയായി. അനൗൺസ്മെന്റ് മുതൽ വളരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. സെപ്റ്റംബർ 14ന് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഏകദേശം രണ്ട് മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. പൃഥ്വിരാജും മഞ്ജു വാര്യരുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
പൃഥ്വിരാജിന് പത്ത് ദിവസവും മഞ്ജു വാര്യർക്ക് 15 ദിവസവുമായിരുന്നു ചിത്രീകരണമുണ്ടായിരുന്നത്. അതിവേഗത്തിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിൽ വിഷ്വൽ എഫക്ട്സിനും വലിയ പ്രാധാന്യമുണ്ടെന്നാണ് വിവരം. 2027 മെയ് മാസത്തിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒടിയൻ. Photo. Fcebook.com
പൃഥ്വിരാജ് പ്രൊഡക്ഷൻസും കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ, അപൂർവ മേത്ത, അദാർ പൂനവാല എന്നിവരും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും നിർമാണത്തിൽ പങ്കാളികളാണ്.
കേരളത്തിന്റെ വാമൊഴി പാരമ്പര്യത്തിൽ ഇടംപിടിച്ച ഒടിയൻ എന്ന സങ്കൽപ്പത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രൂപം മാറാനും മായയെ ആയുധമാക്കാനുമുള്ള അമാനുഷിക കഴിവുകളുള്ള ഒടിയന്റെ കഥയാണ് ചിത്രം പറയുന്നത്. ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’യിലും ഒടിയൻ എന്ന കഥാപാത്രത്തെ ദുൽഖർ സൽമാൻ അവതരിപ്പിച്ചിരുന്നു. 2018ൽ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ‘ഒടിയനി’ലും ഇതേ കഥാപാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ കഥയിൽ നിന്നും എത്രത്തോളം വ്യത്യസ്താമായികൊണ്ടാകും രാഹുൽ സദാശിവൻ ഒടിയനെ ഒരുക്കുന്നതെന്ന് നോക്കി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.
രാഹുൽ സദാശിവൻ. Photo. Screen Grab/ Youtube
ഭൂതകാലം (2022), ഭ്രമയുഗം (2024), ഡീയസ് ഈറെ (2025) എന്നീ ചിത്രങ്ങൾക്കു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ഹൊറർ ചിത്രമാണ് ‘ഒടിയൻ’. മലയാളത്തിൽ ചിത്രീകരിച്ച സിനിമ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി റിലീസ് ചെയ്യും. ക്രിസ്റ്റോ സേവ്യറാണ് സംഗീതസംവിധായകൻ. ഷഫീഖ് മുഹമ്മദ് അലിയാണ് ചിത്രത്തിന്റെ എഡിറ്റിങ്.
Content Highlight: Filming for the new movie ‘Odiyan: The Age of Illusion’, directed by Rahul Sadashivan, has been completed