ഒരു രാത്രികൊണ്ട് ഒരാളുടെ ജീവിതം എങ്ങനെയെല്ലാം മാറാം? സാധാരണ ഈ ഒരു വണ്‍ ലൈനില്‍ പോകുന്ന ചിത്രമെല്ലാം ത്രില്ലറിന്റെ കുടപിടിച്ച് ആക്ഷനും വയലന്‍സും മാസും ചേര്‍ത്തായിരിക്കും കാണികള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. എന്നാല്‍ മനസ് നിറയ്ക്കുന്നൊരു ഫീല്‍ ഗുഡ് ചിത്രവും ഈ വണ്‍ ലൈനില്‍ എടുക്കാം എന്ന് കാണിച്ചുതരുന്നൊരു ചിത്രമാണ് സര്‍ക്കീട്ട്.
1001 നുണകള്‍ എന്ന സിനിമക്ക് ശേഷം താമര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് സര്‍ക്കീട്ട്. സമാധാനമായി കണ്ടിരിക്കാവുന്ന ഒരു മനോഹരമായ ചിത്രമാണ് സര്‍ക്കീട്ട് എന്ന് ഒറ്റവാക്കില്‍ പറയാം. പൂര്‍ണമായും ദുബായില്‍ ചിത്രീകരിച്ചിക്കുന്ന സര്‍ക്കീട്ടില്‍ ആസിഫ് അലിയും ദീപക് പറമ്പോലും ദിവ്യ പ്രഭയും ഓര്‍ഹാന്‍ (ORHAN) എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
ദീപക് അവതരിപ്പിച്ച ബാലുവിന്റേയും ദിവ്യ പ്രഭ അവതരിപ്പിച്ച സ്റ്റെഫിയുടെയും മകനാണ് ജെപ്പു. അടങ്ങിയിരിക്കാത്ത, മഹാ വികൃതിയായ ജെപ്പുവിന് ADHD (Attention-deficit/hyperactivity disorder) എന്ന മാനസികാവസ്ഥയാണ്. യു.എ.ഇയിലെ തിരക്കേറിയ ജീവിതത്തില്‍ തളക്കപ്പെട്ട മാതാപിതാക്കള്‍ കൃത്യമായി ജെപ്പുവിനെ ശ്രദ്ധിക്കാന്‍ പാടുപെടുകയാണ്. നെറ്റും ഡേയുമായി ഷിഫ്റ്റുകള്‍ മാറി മാറി ജോലിയെടുക്കുമ്പോള്‍ ബാലുവും സ്റ്റെഫിയും മകനെ മുറിയില്‍ പൂട്ടിയിട്ട് ജോലിക്ക് പോകുകയാണ് പതിവ്. ഇതിനിടയിലേക്ക് ക്ഷണിക്കപ്പെടാത്ത വരുന്ന ആസിഫ് അലിയുടെ അമീറില്‍ ഒട്ടിപ്പോകുന്ന ജെപ്പുവില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. മനുഷ്യരെ തമ്മില്‍ ഒട്ടിക്കാന്‍ ഒരു പശയും ആവശ്യമില്ലെന്ന് സര്‍ക്കീട്ട് പറഞ്ഞുവെക്കുന്നു.
പ്രധാന കഥാപാത്രങ്ങളുടെ പെര്‍ഫോമന്‍സ് തന്നെയാണ് സര്‍ക്കീട്ടിന്റെ കാതല്‍. ആസിഫ് അലിയിലെ നടനെ മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. എന്നാലും എന്തൊരു നടനാണ് അയാള്‍! ഓരോ സിനിമ കഴിയുമ്പോഴും ആസിഫ് എന്ന നടനോട് കൂടുതല്‍ കൂടുതല്‍ അസൂയ തോന്നുന്നു. ആസിഫിന്റെ അമീര്‍ നമുക്കെല്ലാവര്‍ക്കും പരിചിതമാണ്, ചിലപ്പോള്‍ നമ്മള്‍ തന്നെയാവും. അമീറിന്റെ കണ്ണ് നിറയുമ്പോള്‍ കാണുന്നവരുടെയും കണ്ണുനിറക്കുന്ന രീതിയില്‍, നെഞ്ചില്‍ ഒരു വിങ്ങലെങ്കിലും തോന്നുന്ന രീതിയില്‍ അത്ര മനോഹരമായി ആസിഫ് അമീര്‍ ആയി ജീവിച്ചു.
ജെപ്പുവായ ഓര്‍ഹാന്റെയും പ്രകടനം അതികിടിലം തന്നെയാണ്. ഒരു ഏഴു വയസുകാരന്‍ എങ്ങനെയാണ് ഇത്രനന്നായി കഥാപാത്രമായി മാറുന്നതെന്ന് അത്ഭുതം തോന്നുന്നു. സിനിമയുടെ ആദ്യം എന്തൊരു വികൃതിയാണ് ഈ ചെറുക്കന്‍ എന്നുതോന്നുന്നിടത്തുനിന്നും കഥയുടെ അവസാനത്തോടടുക്കുമ്പോള്‍ ജെപ്പുവിനെ മനസിലാക്കാന്‍ നമുക്ക് കഴിയുന്നത് ഓര്‍ഹാന്‍ ആ കഥാപാത്രത്തെ അത്രയും കയ്യടക്കത്തോടെ അവതരിപ്പിച്ചതുകൊണ്ടുകൂടിയാണ്. സിനിമയില്‍ എത്തിയ ഓരോ കഥാപാത്രങ്ങളുടെയും തെരഞ്ഞെടുപ്പ് മികച്ചതായിരുന്നു. ഒരു കല്ലുകടിയായി തോന്നിയ ആരുംതന്നെ ചിത്രത്തിലില്ലതാനും.
സംഭാഷണങ്ങള്‍ വളരെ കുറച്ചുമാത്രമുള്ള സര്‍ക്കീട്ടിന്റെ മെയിന്‍ ഗോവിന്ദ് വസന്തയുടെ മ്യൂസിക്കാണ്. വളരെ സോള്‍ഫുള്ളാണ് ചിത്രത്തിന്റെ സംഗീതം. ലൗഡ് ആയിട്ടുള്ള ബി.ജി.എമ്മോ രോമാഞ്ചം വരുന്ന പാട്ടുകളോ ഒന്നും തന്നെ ഇല്ലെങ്കിലും പ്രേക്ഷകരെ സിനിമയിലേക്ക് പിടിച്ചിരുത്തുന്നതില്‍ ഗോവിന്ദ് വസന്തയുടെ കരങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അമല്‍ ഡേവിസായി പ്രേക്ഷകരുടെ മനസില്‍ കേറിയ, എഡിറ്റിങ്ങില്‍ സ്റ്റേറ്റ് അവാര്‍ഡ് നേടിയ സംഗീത് പ്രതാപിന്റെ കട്ടുകളും സര്‍ക്കീട്ടിനെ കൂടുതല്‍ ഇന്‍ട്രസ്റ്റിങ്ങാക്കി. ഗള്‍ഫ് മണ്ണിന്റെ ഭംഗിയും ജീവിതവും സിനിമാട്ടോഗ്രാഫര്‍ അയാസ് നന്നായി ഒപ്പിയെടുത്തിട്ടുണ്ട്.
പ്രേക്ഷകര്‍ ഏറ്റെടുത്ത പൊന്‍മാന്‍ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്, ഫ്‌ളോറിന്‍ ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണിത്. പ്രധാന താരങ്ങള്‍ക്ക് പുറമെ രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.
നെഗറ്റീവ് ഒന്നും അധികം പറയാനില്ലാത്ത കുടുംബമായി പോയാല്‍ മനസും കണ്ണും നിറക്കുന്ന ഫീല്‍ ഗുഡ് ചിത്രമാണിത്. ഈ സര്‍ക്കീട്ട് കഴിഞ്ഞുള്ള മടങ്ങിവരവില്‍ എന്തൊക്കയോ നേടി എന്ന തോന്നലും ഉള്ളിലുണ്ടാവും.
Content Highlight: Film Review Of Sarkeet Movie