ഷാഹി കബീര്‍ ചിത്രങ്ങളില്‍ എന്താണോ പ്രേക്ഷകരെ ആകര്‍ഷിക്കാറുള്ളത്, ആ ചേരുവകള്‍ എല്ലാം പാകത്തിന് ചേര്‍ത്തൊരുക്കിയ ചിത്രമാണ് റോന്ത്. ജോസഫ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, നായാട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥാകൃത്തായും ഇല വീഴാ പൂഞ്ചിറയില്‍ സംവിധായകനുമായ ഷാഹി കബീര്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്.
റോന്തിന്റെ ഹീറോ തിരക്കഥയാണ്. വൃത്തിയായി ഒരുക്കിയ തിരക്കഥ കാണുന്ന പ്രേക്ഷകരെ ഓരോ നിമിഷവും ചിത്രത്തിലേക്ക് പിടിച്ചിരുത്തുന്നു. ഒരു ദിവസം നടക്കുന്ന കഥയാണ് റോന്ത്. റോന്തിലേയും പൊലീസുകാര്‍ അമാനുഷീക ശക്തിയുള്ള സൂപ്പര്‍ഹീറോകളല്ല. എന്നെയും നിങ്ങളെയും പോലെ ഇമോഷണലി വീക്കായ, ഇടക്കൊക്കെ തകര്‍ന്നുപോകുന്ന സാധാരണ മനുഷ്യരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ്. രണ്ട് പതിറ്റാണ്ടിലേറെയായി യൂണിഫോം ധരിക്കുന്ന എസ്.ഐ. യോഹന്നാനും സര്‍വീസില്‍ കയറി അധികമാകാത്ത പൊലീസ് ഡ്രൈവര്‍ ദിന്‍നാഥിലൂടെയുമാണ് റോന്ത് സഞ്ചരിക്കുന്നത്.
യോഹന്നാനായി ദിലീഷ് പോത്തനും ദിന്‍നാഥായി റോഷന്‍ മാത്യുവുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ സിംഹഭാഗവും ഈ രണ്ടുപേരും മാത്രമായിരുന്നിട്ടുകൂടി ഒരു ശതമാനം പോലും ബോറടിച്ചില്ല എന്നതാണ് സത്യം. പട്രോളിങ് നടത്തുന്ന പൊലീസുകാരായ യോഹന്നാനില്‍ നിന്നും ദിന്‍നാഥില്‍ നിന്നുമാണ് റോന്ത് തുടങ്ങുന്നത്. പട്രോളിങ്ങിനിടയില്‍ അവര്‍ കണ്ടുമുട്ടുന്ന ആളുകളും ചെന്നെത്തുന്ന സംഭവങ്ങളുമാണ് ചിത്രത്തിലാകമാനം. പട്രോളിങ് നടത്തുന്ന പൊലീസുകാരുടെ ജീവിതം ഇതിലൂടെ കാണാം എന്നുമാത്രമല്ല ഈ നൂറായിരം സംഭവങ്ങളില്‍ ചിലത് ചേര്‍ന്ന് ഒന്നാകുന്നതും വളരെ നന്നായിത്തന്നെ റോന്തില്‍ കാണിച്ചിട്ടുണ്ട്.
പൊലീസ് ജീപ്പില്‍ നിന്നിറങ്ങുന്ന രണ്ട് സ്ത്രീകളെ കണ്ട് ഏത് ലോഡ്ജില്‍ നിന്ന് പിടിച്ചതാണെന്ന് അവിടെയുള്ള രണ്ട് ‘ആണുങ്ങള്‍’ ചോദിക്കുമ്പോള്‍ ദിലീഷ് പോത്തന്റെ യോഹന്നാന്‍ പറയുന്ന ഡയലോഗ് തിയേറ്ററില്‍ കയ്യടി നേടിയിരുന്നു. കാലഘട്ടം ആവശ്യപ്പെടുന്ന ഇത്തരം ചില ചിന്തകള്‍ തമാശയായും അല്ലാതെയും കൃത്യമായിത്തന്നെ ചിത്രത്തില്‍ പ്ലേസ് ചെയ്തിട്ടുണ്ട്.
ദിലീഷ് പോത്തന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ഇതിന് മുമ്പ് എത്രയോ സിനിമകളില്‍ അദ്ദേഹം പൊലീസ് യൂണിഫോം ഇട്ടിട്ടുണ്ട്, എത്രയോ സിനിമകളില്‍ കര്‍ക്കശക്കാരനായ മൊരടനായിട്ടുണ്ട്. എന്നാലും എന്തോ യോഹന്നാന്‍ മാത്രം മനസില്‍ തറച്ചിരിക്കുന്നു. സലോമിയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും ദിനാഥിനോടുള്ള പെരുമാറ്റവും ഇടക്ക് മാത്രം വന്നുപോകുന്ന റെയര്‍ ആയിട്ടുള്ള പുഞ്ചിരിയും നമ്മളെ യോഹന്നാനിലേക്ക് അടുപ്പിക്കുന്നു. സലോമിയെ അവതരിപ്പിച്ച ലക്ഷ്മിയും തന്റെ ഭാഗം ഭംഗിയായി ചെയ്തിട്ടുണ്ട്.
ഓരോനിമിഷവും രസച്ചരട് പൊട്ടാതെ നമ്മളെ റോന്തിന്റെ ലോകത്തേക്ക് സംവിധായകന്‍ ആകര്‍ഷിക്കുകയും ഇനിയെന്തെന്ന ആകാംഷ ഉണ്ടാകുന്നതില്‍ വിജയിക്കുകയും ചെയ്തു. ചിത്രത്തിന്റെ ആ ഒഴുക്കിനോട് ചേര്‍ന്നുപോകുന്നതാണ് അനില്‍ ജോണ്‍സന്റെ സ്‌കോറും. മനീഷ് മാധവന്റെ സിനിമാട്ടോഗ്രഫിയും പ്രവീണ്‍ മങ്കലത്തിന്റെ കട്ടുകളും മികച്ചുനിന്നു.
ഡിപ്രെഷനെ കുറിച്ചുകൂടി ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. മനുഷ്യന്‍ എത്ര ദുര്‍ബലരാണെന്നും അതേസമയം ശക്തരാണെന്നും ഷാഹി കബീര്‍ കാണിച്ചുതരുന്നുണ്ട്. ചില നായാട്ട് റെഫറന്‍സുകളും ചിത്രത്തിലുണ്ട്.
ആദ്യ പകുതി ത്രില്ലറും ചെറിയ തമാശകളും നിറച്ച് പോകുന്ന റോന്ത് ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ കൂടുതല്‍ ആളിക്കത്താന്‍ തുടങ്ങും. യോഹന്നാന്റെയും ദിന്നാഥിന്റെയും നിഹായാവസ്ഥ പ്രേക്ഷകരുടെ നെഞ്ചില്‍ പൊള്ളേലേല്‍പ്പിക്കും. റോന്ത് ചുറ്റിക്കഴിയുമ്പോള്‍ മനസില്‍ വല്ലാത്തൊരു വിങ്ങലാണ്.
Content Highlight: Film Review Of Ronth Movie