| Sunday, 20th September 2026, 2:22 pm

ഐ.ഡി.എസ്.എഫ്.കെയിലെ സിനിമാ വിലക്ക്: കേന്ദ്രത്തിനെതിരെ കേരളം; തീരുമാനം പുനപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയായ ഐ.ഡി.എസ്.എഫ്.കെയിൽ 31 സിനിമകൾക്ക് ഒരു കാരണവും വ്യക്തമാക്കാതെ പ്രദർശനാനുമതി തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ രംഗത്ത്.

തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി ബന്ധപ്പെട്ട വകുപ്പിന് വീണ്ടും കത്തയച്ചതായി സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന ഐ.ഡി.എസ്.എഫ്.കെയിൽ പ്രദർശിപ്പിക്കുന്നതിനായി വിശദമായ സിനോപ്സിസും സ്ക്രീനറും അടക്കമാണ് സിനിമകൾ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ 31 സിനിമകൾക്ക് അനുവാദം നൽകിയിട്ടില്ല. ഇവയ്ക്ക് അനുമതി നിഷേധിച്ചു എന്ന ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ലെങ്കിലും, അയച്ചുകൊടുത്തവയിൽ ഇത്രയും ചിത്രങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളൂ എന്ന പട്ടികയാണ് കേന്ദ്രത്തിൽ നിന്ന് ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പ്രദർശനാനുമതി നൽകാതിരുന്നത്. അനുമതി ലഭിക്കാത്ത മുഴുവൻ സിനിമകൾക്കും പ്രദർശനാനുമതി നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. കേന്ദ്രത്തിൽ നിന്ന് മറുപടി ലഭിച്ച ശേഷം തുടർനടപടികൾ വിശദീകരിക്കാൻ മാധ്യമങ്ങളെ കാണുമെന്നും മന്ത്രി അറിയിച്ചു.

ലോകോത്തര നിലവാരമുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കുന്ന പ്രമുഖ മേളയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച വിവേചനപരമായ സമീപനത്തിനെതിരെ സിനിമ-സാംസ്കാരിക മേഖലകളിൽ നിന്നും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

Content Highlight:Film Ban at IDSFK: Kerala Opposes Centre; Minister P.C. Vishnunath Urges Reconsideration of Decision.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more