| Thursday, 3rd September 2026, 10:49 pm

ട്രെയ്‌ലറിറങ്ങിയപ്പോള്‍ ട്രോള്‍ മെറ്റീരിയലാകുമെന്ന് കരുതിയ സീന്‍, പടത്തിലെ ഏറ്റവും കിടിലന്‍ ഏരിയയാക്കി മാറ്റി ദുല്‍ഖറും ടീമും

അമര്‍നാഥ് എം.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ ഐ ആം ഗെയിം. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം സ്വന്തം മണ്ണിലേക്കുള്ള ദുല്‍ഖറിന്റെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കുകയാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് ഐ ആം ഗെയിം ഒരുങ്ങിയത്.

അനൗണ്‍സ്‌മെന്റ് മുതല്‍ സ്വന്തമാക്കിയെടുത്ത ഹൈപ്പ് ഇടക്ക് അണിയറപ്രവര്‍ത്തകര്‍ക്ക് കൈമോശം വന്നു. കെട്ടിഘോഷിച്ച് ഒരുക്കിയ ട്രെയ്‌ലറിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അധികം പരീക്ഷിച്ചിട്ടില്ലാത്ത കളര്‍ ഗ്രേഡിങ്ങെല്ലാം വിമര്‍ശനത്തിന് വിധേയമായി. ട്രെയ്‌ലറില്‍ ഏറ്റവും വിമര്‍ശനം നേരിട്ട ഒന്നായിരുന്നു ബാര്‍ ഫൈറ്റ്.

ദുല്‍ഖറിന്റെ മാനറിസങ്ങളും എക്‌സ്പ്രഷനുകളും പോര എന്നായിരുന്നു ട്രെയ്‌ലര്‍ കണ്ടിട്ട് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ വിമര്‍ശിച്ചവരുടെ വായ പൂട്ടുന്ന തരത്തിലായിരുന്നു സിനിമയില്‍ ഈ സീന്‍ പ്ലെയ്‌സ് ചെയ്തത്. സമീപകാലത്ത് ഒരു മലയാളസിനിമയില്‍ കണ്ട ഗംഭീര ഫൈറ്റുകളിലൊന്നായിരുന്നു ഐ ആം ഗെയിമിലെ ബാര്‍ ഫൈറ്റ്.

അന്‍ബറിവ് കോമ്പോയുടെ ആക്ഷന്‍ കൊറിയോഗ്രഫിയും ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും ഈ ഫൈറ്റിനെ മറ്റൊരു തലത്തിലെത്തിച്ചു. ജേക്‌സ് ബിജോയയുടെ സംഗീതം കൂടിയായപ്പോള്‍ ബാര്‍ ഫൈറ്റ് വേറെ ലെവലായി മാറി. ദുല്‍ഖറിന്റെ പെര്‍ഫോമന്‍സും ഈ ഫൈറ്റ് സീക്വന്‍സില്‍ എടുത്തുപറയേണ്ട ഒന്നാണ്. മറ്റാര്‍ക്കും ചെയ്തുഫലിപ്പിക്കാനാകാത്ത വിധം ദുല്‍ഖര്‍ ഈ സീന്‍ മികച്ചതാക്കി.

സമീപകാലത്ത് തമിഴില്‍ ഒരുപാട് ചര്‍ച്ചയായ സിനിമയിലെ ഒരു ഫൈറ്റുമായി ഐ ആം ഗെയിമിലെ ബാര്‍ ഫൈറ്റിന് ചെറുതല്ലാത്ത സാമ്യമുണ്ട്. എന്നാല്‍ നഹാസിന്റെ മേക്കിങ് ഈയൊരു നൂന്യതയെ കവര്‍ ചെയ്തു. ഇന്റര്‍വെല്ലിന് മുമ്പുള്ള ഹാന്‍ഡ് ടു ഹാന്‍ഡ് ഫൈറ്റ് എടുത്തുപറയേണ്ട ഒന്നാണ്. മലയാളത്തില്‍ ഇന്നേവരെ വന്നിട്ടില്ലാത്ത തരത്തിലുള്ള ആക്ഷന്‍ സീനായിരുന്നു അത്.

രണ്ടാം പകുതിയില്‍ കുറച്ചൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില് വേറെ ലെവലിലെത്തേണ്ട സിനിമയായിരുന്നു ഐ ആം ഗെയിം. ദുല്‍ഖര്‍ എന്ന സ്റ്റാറിന്റെ ചുമലിലാണ് സിനിമ മുഴുവന്‍ നിന്നത്. ദുല്‍ഖറില്ലാത്ത സീനുകള്‍ മാത്രമാണ് ഐ ആം ഗെയിമിനെ പിന്നോട്ടടിച്ചത്. എല്ലാ ഏരിയയിലും മാക്‌സിമം ബജറ്റ് ചെലവാക്കിയതിന്റെ ഗ്രാന്‍ഡ്വര്‍ സിനിമയിലുടനീളം കാണാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ മോളിവുഡില്‍ നിന്ന് ഗംഭീര കൊമേഷ്‌സ്യല്‍ സംവിധായകനായി നഹാസ് മാറുമെന്ന് ഉറപ്പാണ്.

Content Highlight: Fight sequences of Anbarivu in I’m game movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more