| Thursday, 27th December 2018, 12:11 pm

കീഴ്‌വെണ്‍മണി കൂട്ടക്കൊല: കര്‍ഷകര്‍ക്കുമേല്‍ സവര്‍ണ നരനായാട്ടിന്റെ ഇരുണ്ട ഓര്‍മയ്ക്ക് അമ്പതാണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജാതിവിരുദ്ധ സമരങ്ങള്‍ക്ക് കരുത്തായി കീഴ്‌വെണ്‍മണി ദളിത് കൂട്ടക്കുരുതിയുടെ അമ്പതാം വാര്‍ഷികാചരണം. സവര്‍ണ ഭീകരതയുടെ ഇരകളായി വെന്തുരുകിയത് 44 ജീവനുകളാണ്.കര്‍ഷകരുടെ രക്തം വീണ മണ്ണില്‍ നീതികേടിന്റെ അരനൂറ്റാണ്ടിന്റെ ചരിത്രം പറയാനെത്തിയത് ആയിരങ്ങളാണ്.

സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം ജി.രാമകൃഷ്ണന്‍, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറിയംഗം യു.വാസുകി എന്നിവരക്കം നിരവധി നേതാക്കളും പ്രവര്‍ത്തകരും കീഴ്‌വെണ്‍മണി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു.

സി.പി.ഐ.എമ്മിന്റേയും അയിത്തോച്ചാടന മുന്നണിയുടേയും നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ ഭൂസമരങ്ങളും ജാതിവിരുദ്ധ സമരവും ശക്തിപ്രാപിക്കുന്നതിന്റെ വിളംബരം കൂടിയായി രക്തസാക്ഷി ദിനാചരണം.

തമിഴ്‌നാട്ടിനടുത്തുള്ള കീഴ്‌വെണ്‍മണിയില്‍ 1968ലാണ് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ ഐതിഹാസിക സമരം നടക്കുന്നത്. സമരത്തിനെതിരെ കൂട്ടക്കുരുതിയിലൂടെയാണ് സവര്‍ണ മേലാളന്‍മാരായ ഭൂവുടമകള്‍ പ്രതികരിച്ചത്. വനിതകളും കുട്ടികളും ഉള്‍പ്പെടെ 44 ദളിത് കര്‍ഷകരെയാണ് ഡിസംബറിലെ ക്രിസ്മസ് രാവില്‍ അവര്‍ ചുട്ടുകൊന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടുകളിലൊന്നാണ് കീഴ്‌വെണ്‍മണി കൂട്ടക്കൊല.

കീഴ്‌വെണ്‍മണിയിലെ ഭൂരഹിതരായ കര്‍ഷകര്‍ കൂലി വര്‍ധനവ് ആവശ്യപ്പെട്ടാണ് സമരം ചെയ്തത്. എന്നാല്‍ സമരത്തെ അധികാരമുപയോഗിച്ച് അതിക്രൂരമായാണ് ഭുവുടമകള്‍ നേരിട്ടത്. അവകാശങ്ങള്‍ നേടിയടുക്കാതെ പിന്നോട്ടില്ലെന്ന്് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ അണിനിരന്ന കര്‍ഷകര്‍ തീരുമാനിച്ചത് ഭൂവുടമകളെ ചൊടിപ്പിച്ചു. അതിന്റെ പര്യവസാനമായിരുന്നു ഈ കൂട്ടക്കുരുതി.

1968 ലെ ഒരു ക്രിസ്മസ് രാത്രിയില്‍ രാത്രി പത്തിന് തൊഴിലാളികള്‍ താമസിച്ചിരുന്നിടത്തേക്ക് ഇവര്‍ ഇരച്ചുകയറി. പിന്നീട് കണ്ടത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കര്‍ഷക കൂട്ടക്കുരുതി. കണ്ണില്‍കണ്ടതെല്ലാം അവര്‍ നശിപ്പിച്ചു. ആക്രമണത്തില്‍ നിന്ന് അഭയം തേടി കുടിലില്‍ ഒളിച്ച സ്ത്രീകളേയും കുട്ടികളേയും കുടില് തന്നെ കത്തിച്ചാണ് സവര്‍ണ ഭൂവുടമകള്‍ അരിശം തീര്‍ത്തത്. പാതിവെന്ത ശരീരവുമായി തീയില്‍ നിന്ന് പുറത്തേക്ക് ചാടിയ കുട്ടികളെ അവര്‍ തീയിലേക്ക് വലിച്ചെറിഞ്ഞു. 20 സ്ത്രീകളും 19 കുട്ടികളും ഉള്‍പ്പെടെ 44 ജീവനുകള്‍ ആ രാത്രി വെന്തുരുകി.

പിന്നീട് സി.പി.ഐ.എം. നേതാവ് മൈഥിലി ശിവരാമന്റെ എഴുത്തുകളിലൂടെയാണ് കീഴ്‌വെണ്‍മണിയില്‍ ഭരണാധികാരികളും ഭൂവുടമകളും ചേര്‍ന്ന് നടത്തിയ സമാനതയില്ലാത്ത ക്രൂരതയുടെ ചരിത്രം ഇന്ത്യ അറിയുന്നത്.

haunted by fire: essays on caste, class, exploitation and emancipation എന്ന പുസ്തകത്തിലാണ് മൈഥിലി സംഭവം വിശദീകരിക്കുന്നത്. അധികാരത്തിലുണ്ടായ അണ്ണാദുരൈയുടെ ഡി.എം.കെ.സര്‍ക്കാര്‍ കലാപകാരികള്‍ക്കെതിരെ ചെറുവിരലനക്കിയില്ല. അന്നത്തെ പി.ഡബ്ല്യു.ഡി മന്ത്രിയായിരുന്ന കരുണാനിധി കൊലയാളികള്‍ക്കെതിരെ നടപടി സ്വീകരിക്കാനോ കര്‍ഷകരുമായി സംസാരിക്കാനോ തയ്യാറായില്ല. പകരം കൂട്ടക്കുരുതി നടത്തിയവര്‍ക്ക് പൊലീസ് സംരക്ഷം നല്‍കാന്‍ നിര്‍ദേശം നല്‍കി.

കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസും കര്‍ഷകരെ കയ്യൊഴിഞ്ഞു. പിന്നീട് 1978ല്‍ കീഴ്‌വെണ്‍മണിയിലെ കര്‍ഷകര്‍ക്ക് ഭൂമി നല്‍കാന്‍ കോടതി ഉത്തരവ് ഇറക്കിയെങ്കിലും അന്നത്തെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ വലിയ തുക ഈടാക്കി പട്ടയവിതരണം അട്ടിമറിച്ചു.

ഭൂവുടമകള്‍ മാത്രമല്ല പൊലീസും പ്രാദേശിക അധികാരികകളും മേലാളന്‍മാര്‍ക്കൊപ്പമായിരുന്നുവെന്ന് അതിജീവിച്ചവര്‍ ഓര്‍മ പുതുക്കി. 1968ല്‍ കോളജ് വിദ്യാര്‍ഥിയായ ത്യാഗു പറയുന്നത് കര്‍ഷക നേതാവായ പാക്കിരി സംഭവത്തിന് രണ്ട് ദിവസം മുമ്പ് പൊലീസ് വെടിവെയ്പ്പില്‍ മരിച്ചിരുന്നു. സഖാവ് എ.ജി. കസ്തൂരിരംഗന്‍ കൂട്ടക്കരുതിക്ക് ദിവസം മുമ്പെ ഭൂവുടമകളില്‍ നിന്ന് ഭീഷണി നേരിട്ടിരുന്നു.

Image result for keezhvenmani

മറ്റു തമിഴ് നാട്ടിലെ പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കീഴ്‌വെണ്‍മണിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുണ്ടായിരുന്നുവെന്ന് ത്യാഗി പറയുന്നു. പശുവിന്‍ മൂത്രം കുടിപ്പിച്ചും പകലും രാത്രിയും ഒരുപോലെ പണിയെടുപ്പിച്ചും എന്നാല്‍കൃത്യമായ വേതനം നല്‍കാതെയും കര്‍ഷകരെ അവര്‍ പീഡിപ്പിച്ചു. ഈ സാഹചര്യം കൃത്യമായ രീതിയില്‍ സി.പി.ഐ.എം. ഉപയോഗിച്ചവെന്ന് ത്യാഗി പറഞ്ഞു.

പലയിടത്തും കര്‍ഷകര്‍ ഭൂവുടമകള്‍ക്കെതിരെ സംഘടിതമല്ലാത്ത പോരാട്ടം നടന്നിരുന്നു. അതുകൊണ്ട് തന്നെ ഭൂവുടമമകള്‍ ഭയത്തിലായിരുന്നു. ഇതായിരുന്നു കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് ത്യാഗി പറയുന്നു.

Image result for keezhvenmani

ഇന്ത്യന്‍ കര്‍ഷകരുടെ ചരിത്രത്തിലെ കറുത്ത ഏട് അര നൂറ്റാണ്ട് പിന്നിടുമ്പോളും നീതി നടപ്പിലാക്കിയിട്ടില്ല. ഭരണവര്‍ഗവും അധികാരവും കൊലയാളിക്കൂട്ടത്തിനൊപ്പം കൂട്ട് നിന്ന ചരിത്രമാണ് 1968ലെ ക്രിസ്മസ് രാവിന് ഇന്ത്യയോട് പറയാനുള്ളത്

Latest Stories

We use cookies to give you the best possible experience. Learn more