| Sunday, 27th July 2025, 7:29 am

മൊറോക്കോയിൽ നിന്നും സ്പെയിനിലേക്ക് കടക്കാൻ കടൽ നീന്തിക്കടന്ന് കുട്ടികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാബത്ത്: മൊറോക്കോയിൽ നിന്നും സ്പെയിനിലേക്ക് കടക്കാൻ പ്രക്ഷുബ്ധമായ കടൽ നീന്തിക്കടന്ന് മൊറോക്കൻ വംശജർ. കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്ന ഈ സംഘത്തിൽ 54 കുട്ടികളും 30 മുതിർന്നവരുമായിരുന്നു ഉണ്ടായിരുന്നത്. പ്രക്ഷുബ്ധമായ കടലിനെയും മൂടൽമഞ്ഞും വകവെക്കാതെ ഇവർ സ്പെയിനിലെ വടക്കേ ആഫ്രിക്കൻ എൻക്ലേവായ സ്യൂട്ടയിലേക്ക് നീന്തിക്കയറുകയായിരുന്നു.

ഇവർ നീന്തിക്കയറുന്ന ദൃശ്യങ്ങൾ സ്പാനിഷ് ടെലിവിഷൻ ചാനലായ ആർ.ടി.വി.ഇ പുറത്ത് വിട്ടിട്ടുണ്ട്. ആർ.ടി.വി.ഇ പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങളിൽ നീന്തുന്നവരിൽ ചിലരെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവരാൻ സിവിൽ ഗാർഡ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതും മറ്റുള്ള ചിലർ നീന്തി അക്കരെ കയറുന്നതും കാണിക്കുന്നുണ്ട്.

നീന്തിക്കയറിയവരിലെ കുട്ടികളെ സ്യൂട്ടയിലെ താത്ക്കാലിക കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയതായാണ് റിപ്പോർട്ട്.

മൊറോക്കോയുടെ മെഡിറ്ററേനിയൻ തീരത്തുള്ള സ്പെയിനിന്റെ രണ്ട് എൻക്ലേവുകളാണ് സ്യൂട്ടയും മെലില്ലയും. യൂറോപ്യൻ യൂണിയൻ ആഫ്രിക്കയുമായി അതിർത്തി പങ്കിടുന്ന ഏക സ്ഥലമാണ് ഇവ രണ്ടും. യൂറോപ്പിലെത്താൻ ശ്രമിക്കുന്ന കുടിയേറ്റക്കാർ ഈ വഴിയാണ് പ്രധാനമായും ഉപയോഗിക്കുക.

അതിർത്തിയിലേക്ക് കടക്കാൻ ശ്രമിക്കവേ കസ്റ്റഡിയിലെടുക്കുന്ന മൊറോക്കൻ പൗരന്മാരിൽ പ്രായപൂർത്തിയാകാത്തവർ ഉണ്ടെങ്കിൽ അവരെ ഉടൻ തന്നെ മൊറോക്കോയിലേക്ക് തിരിച്ചയയ്ക്കും. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യാറ്. അവിടെ അവർക്ക് അഭയം നൽകുകയും കുറച്ച് ദിവസങ്ങൾക്ക് ശേഷം വിട്ടയക്കുകയും ചെയ്യുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 26ന്, കടുത്ത മൂടൽമഞ്ഞുള്ള സമയത്ത് മൊറോക്കോയിൽ നിന്ന് സ്യൂട്ടയിലേക്ക് നിരവധി കുടിയേറ്റക്കാർ കടക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 2021ൽ സ്യൂട്ടയിലെത്താൻ വേണ്ടി ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ശരീരത്തിൽ കെട്ടി കടലിലൂടെ നീന്താൻ ശ്രമിക്കുന്ന കുട്ടിയുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു.

മൂന്ന് വർഷം മുമ്പ്, അതിർത്തി വേലി തള്ളിമാറ്റി മെലില്ലയിലേക്ക് കയറാൻ 2,000ത്തോളം കുടിയേറ്റക്കാർ ശ്രമിച്ചിരുന്നു. അന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 23 പേർ മരണപ്പെട്ടിരുന്നു.

Content Highlight: Fifty-four children swim from Morocco to Spanish enclave Ceuta

We use cookies to give you the best possible experience. Learn more