| Thursday, 2nd July 2026, 9:36 am

ചരിത്രം കുറിച്ച് സെനഗല്‍; തോല്‍വിയിലും ചിരിച്ച് ആഫ്രിക്കന്‍ കരുത്തര്‍

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരെ പരാജയപ്പെട്ട് പുറത്തായിരിക്കുകയാണ് ആഫ്രിക്കന്‍ കരുത്തരായ സെനഗല്‍. 3 – 2ന്റെ തോല്‍വി വഴങ്ങിയതോടെയാണ് ടീമിന്റെ ലോകകപ്പ് യാത്ര അവസാനിച്ചത്. 85 മിനിട്ടുകള്‍ വരെ ലീഡ് നേടിയതിന് ശേഷമാണ് ടെരംഗ ലയണ്‍സിന്റെ തോല്‍വി.

തോല്‍വിയോടെ ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും തലയുയര്‍ത്തി തന്നെയാണ് സെനഗലിന്റെ മടക്കം. മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ രണ്ട് ഗോളുകള്‍ നേടിയതോടെ ഒരു സൂപ്പര്‍ നേട്ടം ടീം സ്വന്തമാക്കിയിരുന്നു.

ലോകകപ്പ് ചരിത്രത്തില്‍ ഒരു എഡിഷനില്‍ പത്ത് ഗോളുകള്‍ നേടുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന നേട്ടമാണ് സെനഗല്‍ കുറിച്ചത്. മത്സരത്തില്‍ ഇസ്മായില സാര്‍ അടിച്ച രണ്ടാം ഗോളാണ് ലയണ്‍സിനെ ഈ നേട്ടത്തിലെത്തിച്ചത്. നേരത്തെ, മത്സരത്തില്‍ തങ്ങളുടെ ആദ്യ ഗോളില്‍ സെനഗല്‍ ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ആഫ്രിക്കന്‍ ടീം എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

ഈ ലോകകപ്പില്‍ സെനഗല്‍ ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനെതിരെ ഒരു ഗോളും രണ്ടാം മത്സരത്തില്‍ നോര്‍വേക്കെതിരെ രണ്ട് ഗോളുകളും നേടിയിരുന്നു. പിന്നാലെ ഇറാഖിനെതിരെ അഞ്ച് തവണ വല കുലുക്കി. ഇപ്പോള്‍ ബെല്‍ജിയത്തിനെതിരെ രണ്ട് ഗോളുകളും നേടിയതോടെയാണ് ലയണ്‍സിന്റെ ഈ നേട്ടം.

അതേസമയം, മത്സരത്തില്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച് സെനഗല്‍ 24ാം മിനിട്ടില്‍ തന്നെ ആദ്യം ലീഡ് നേടി. ഹബീബ് ഡിയാറയാണ് ടീമിന്റെ ഗോള്‍ സ്‌കോറര്‍. രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ സെനഗല്‍ 51ാം മിനിട്ടില്‍ ഇസ്മായില സാറയുടെ ഗോളിലൂടെ വീണ്ടും ബെല്‍ജിയത്തെ ഞെട്ടിച്ചു.

സെനഗല്‍ വിജയം ഉറപ്പിച്ചുവെന്ന് ആരാധകര്‍ വിശ്വസിച്ചിരുന്ന സമയത്തായിരുന്നു ബെല്‍ജിയം ഏവരെയും ഞെട്ടിച്ചുകൊണ്ട് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. 86ാം മിനിട്ടില്‍ ലുക്കാക്കുവാണ് ബെല്‍ജിയത്തിനായി ആദ്യ ഗോള്‍ നേടിയത്. മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം ടൈലെമാന്‍സ് വീണ്ടും ഗോള്‍ നേടി ബെല്‍ജിയത്തിന് ആവേശ സമനില സമ്മാനിച്ചു.

ഒടുവില്‍ മത്സരം അധിക സമയത്തേക്ക് നീങ്ങുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ ടൈലെമാന്‍സ് ബെല്‍ജിയത്തിന് വേണ്ടി വീണ്ടും വല കുലുക്കി. ബെല്‍ജിയത്തിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അനായാസം ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് താരം ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം ബെല്‍ജിയത്തിന് നല്‍കുകയായിരുന്നു.

Content Highlight: FIFA World Cup 2026: Sengal first African Team to score 10 goals in a FIFA World Cup Edition

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more