2026 ഫിഫ ലോകകപ്പില്‍ ആവേശ ജയം സ്വന്തമാക്കി സ്‌കോട്‌ലാന്‍ഡ്. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് സി – യിലെ രണ്ടാം മത്സരത്തില്‍ ഹെയ്തിയെ പരാജയപ്പെടുത്തിയാണ് ടീമിന്റെ വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്‌കോട്‌ലാന്‍ഡ് ലോകകപ്പിന്റെ 23ാം എഡിഷനില്‍ തങ്ങളുടെ ആദ്യ വിജയം രുചിച്ചത്.
മത്സരത്തിന്റെ ആദ്യ വിസില്‍ മുതല്‍ തന്നെ സ്‌കോട്‌ലാന്‍ഡും ഹെയ്തിയും ആക്രമണമഴിച്ചുവിട്ടു. ആദ്യ നിമിഷങ്ങളില്‍ ഹെയ്തി സ്‌കോട്ട്‌ലാന്‍ഡിന് കടുത്ത വെല്ലുവിളികളുയര്‍ത്തി. പക്ഷേ, ഈ സമ്മര്‍ദങ്ങളെ അതിജീവിച്ച് സ്‌കോട്‌ലാന്‍ഡ് 28ാം
മിനിട്ടില്‍ മുന്നിലെത്തി.
ഗോൾ നേട്ടം ആഘോഷിക്കുന്ന ജോൺ മക്ഗിൻ. Photo: Onefootball/x.com
സ്‌കോട്ടിഷ് മിഡ്ഫീല്‍ഡര്‍ ജോണ്‍ മക്ഗിനാണ് ടീമിന് വേണ്ടി പന്ത് വലയിലെത്തിച്ചത്. ഇതോടെ സ്‌കോട്‌ലാന്‍ഡിനായി ലോകകപ്പില്‍ സ്‌കോര്‍ ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും മക്ഗിന്‍ കുറിച്ചു. 31 വയസും 238 ദിവസവും പ്രായവുമുള്ളപ്പോളാണ് താരത്തിന്റെ നേട്ടം. 1982 ലോകകപ്പില്‍ 31 വയസും 103 ദിവസവും പ്രായത്തില്‍ കെന്നി ഡാല്‍ഗ്ലിഷിന്റെ റെക്കോഡ് തകര്‍ത്താണ് മക്ഗിന്റെ ഈ നേട്ടം കുറിച്ചത്.
അതേസമയം, മത്സരത്തില്‍ ഗോള്‍ വന്നതോടെ ഹെയ്തി താരങ്ങളുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി. രണ്ടാം പകുതിയില്‍ മികച്ച ചില അവസരങ്ങളുമായി ഹെയ്തി ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍, സ്‌കോട്ടിഷ് പ്രതിരോധം അത് തടയിട്ടു.
ഒടുവില്‍ ഫൈനല്‍ വിസിലെത്തിയതോടെ സ്‌കോട്‌ലാന്‍ഡ് വിജയം സ്വന്തമാക്കി. 36 വര്‍ഷത്തിന് ശേഷമാണ് സ്‌കോട്‌ലാന്‍ഡ് ലോകകപ്പില്‍ ഒരു വിജയം നേടുന്നത്. 1990 ലോകകപ്പില്‍ സ്വീഡനെതിരായായിരുന്നു ടീമിന്റെ അവസാന വിജയം.
ചരിത്രവിജയത്തോടെ സ്‌കോട്‌ലാന്‍ഡ് ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്തി. മൊറോക്കോയെയും ബ്രസീലിനെയും പിന്തള്ളിയാണ് ടീമിന്റെ മുന്നേറ്റം.
Content Highlight: FIFA World Cup 2026: Scotland register their first win in World Cup after 36 years by defeating Haiti