| Sunday, 14th June 2026, 8:43 am

ചരിത്രം കുറിച്ച് ഖത്തർ; അന്നാബികൾക്ക് ഇത് ആവേശ'തുടക്കം'

സ്പോര്‍ട്സ് ഡെസ്‌ക്

2026 ഫിഫ ലോകകപ്പില്‍ ആവേശ സമനില സ്വന്തമാക്കി ഖത്തര്‍. സാന്‍ഫ്രാന്‍സിസ്‌കോ അരീനയില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെയാണ് ടീമിന്റെ സ്വപ്നതുല്യമായ സമനില.

ഖത്തറും സ്വിറ്റ്‌സര്‍ലാന്‍ഡും ഓരോ ഗോള്‍ വീതം നേടിയാണ് സമനില സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം വല കുലുക്കിയത് ബ്രീല്‍ എംബോളോയാണ് സ്‌കോര്‍ ചെയ്തത്. 17ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

സഹതാരത്തോടൊപ്പം ഗോൾ നേട്ടം ആഘോഷിക്കുന്ന ബ്രീൽ എംബോളോ.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ഖത്തര്‍ സമനില പിടിച്ചത്. മിറോ മുഹൈമിന്റെ ഓണ്‍ ഗോളാണ് ഖത്തറിനെ ഒപ്പമെത്തിച്ചത്. ഖത്തര്‍ ക്യാപ്റ്റന്‍ 90+ 5ാം മിനിട്ടില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ബോക്‌സില്‍ ലഭിച്ച പന്ത് ഖത്തര്‍ ക്യാപ്റ്റന്‍ ബൗലം ഖൗഖി ഹെഡ് ചെയ്‌തെങ്കിലും മുഹൈമിന്റെ തലയില്‍ തട്ടി വലയിലെത്തുകയായിരുന്നു.

മലയാളി താരം തഹ്സിന്‍ മുഹമ്മദ് കളിക്കുമെന്ന് മലയാളി ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും പകരക്കാരന്റെ ലിസ്റ്റിലുണ്ടായിരുന്ന താരം കളത്തിലിറങ്ങിയില്ല. പക്ഷേ, ചരിത്ര നിമിഷത്തിന് സാക്ഷിയായില്ലെങ്കിലും ലോകകപ്പില്‍ അക്കൗണ്ട് തുറന്ന് ഖത്തര്‍ ചരിത്രം സൃഷ്ടിച്ചു.

സമനിലയിലൂടെ ഖത്തര്‍ ഫിഫ ലോകകപ്പില്‍ തങ്ങളുടെ ആദ്യ പോയിന്റ് സ്വന്തമാക്കി. ഈ നിമിഷം വിജയത്തിനോട് സമാനമായ രീതിയിലാണ് ഖത്തര്‍ താരങ്ങള്‍ ആഘോഷിച്ചത്. ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് ശേഷം താരങ്ങളെല്ലാം ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയാണ് ആദ്യ പോയിന്റ് നേട്ടത്തിന്റെ സന്തോഷം പ്രകടിപ്പിച്ചത്.

മത്സരത്തിനിടെ ഖത്തർ താരങ്ങൾ.

അതേസമയം, ഖത്തര്‍ പരിശീലകന്‍ ജൂലന്‍ ലോപെറ്റെഗിയും തന്റെ പേര് ചരിത്രത്തില്‍ കുറിച്ചു. ഖത്തറിന് ലോകകപ്പില്‍ പോയിന്റ് നേടികൊടുക്കുന്ന ആദ്യ പരിശീലകന്‍ എന്ന നേട്ടമാണിത്.

2022ല്‍ സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പില്‍ ഖത്തര്‍ കളത്തിലിറങ്ങിയിരുന്നെങ്കിലും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ടീം ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരുന്നു.

മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും തോല്‍വി വഴങ്ങുന്ന ആദ്യ ആതിഥേയ രാജ്യമെന്ന നാണക്കേടുമായാണ് അന്ന് ടീം ലോകകപ്പ് അവസാനിപ്പിച്ചത്. എന്നാല്‍, നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യ പോയിന്റ് നേടി ഖത്തര്‍ ലോകകപ്പില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ്.

Content Highlight: FIFA  World Cup 2026: Qatar register their first World Cup point with the draw against Switzerland

Latest Stories

We use cookies to give you the best possible experience. Learn more