ലോകമൊന്നാകെ ഒരു കാല്‍പന്തിലേക്ക് ചുരുങ്ങാന്‍ ഇനി ആറ് ദിവസങ്ങളുടെ ദൂരം മാത്രമുള്ളത്. മെക്സിക്കോ, കാനഡ, യു.എസ്.എ എന്നിവര്‍ സംയുക്തമായി ആതിഥേയത്വമുരളുന്ന 2026 ലോകകപ്പിന് ജൂണ്‍ 11ന് തുടക്കമാകും. ജൂലൈ 19 വരെ അതിന്റെ ആരവങ്ങള്‍ ലോകത്തിന്റെ വിവിധ തെരുവോരങ്ങളില്‍ ഉയര്‍ന്ന് കേള്‍ക്കും. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ലോകകപ്പില്‍ കിരീടത്തിനായി മാറ്റുരക്കുന്നത് 48 രാജ്യങ്ങളാണ്.
ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് എന്ന ഖ്യാതിയോടെത്തുന്ന ടൂര്‍ണമെന്റ് ആരാധകര്‍ക്ക് ഓര്‍ത്തുവെക്കാന്‍ ഒരുപാട് മികച്ച നിമിഷങ്ങള്‍ സമ്മാനിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ 22 എഡിഷനുകളും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിരുന്നൊരുക്കിയിട്ടുണ്ട്.
അത്തരത്തില്‍ ആരാധകര്‍ ആവേശത്തിലാഴ്ത്തുന്നതാണ് ഹാട്രിക്കുകള്‍. ഫുട്‌ബോളില്‍ പ്രത്യേക സ്ഥാനമുള്ള ഈ റെക്കോഡ് വിശ്വവേദിയില്‍ സംഭവിക്കുമ്പോള്‍ മറ്റ് കൂടും. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ 54 ഹാട്രിക്കുകളാണ് പിറന്നത്.
1930 ലോകകപ്പിൽ പരാഗ്വേക്കെതിരെ ഗോൾ നേടുന്ന ബെർട്ട് പട്‌നൗഡ്. Photo: World Football Galleries/facebook.com
അമേരിക്കന്‍ ഫോര്‍വേഡ് ബെര്‍ട്ട് പട്നൗഡാണ് ആദ്യമായി ലോകകപ്പില്‍ ഹാട്രിക്ക് നേടിയത്. 1930 ലോകകപ്പില്‍ പരാഗ്വേക്കെതിരെയായിരുന്നു താരത്തിന്റെ നേട്ടം. അതിന് പിന്നാലെ ഒട്ടുമിക്ക ലോകകപ്പിലും ഹാട്രിക്കുകള്‍ പിറന്നിട്ടുണ്ട്. 2006ല്‍ മാത്രമാണ് ആര്‍ക്കും ട്രെബിള്‍ നേടാന്‍ സാധിക്കാതിരുന്നത്.
ലോകകപ്പ് ചരിത്രത്തിലെ ഈ 54 ഹാട്രിക്കുകളില്‍ ഈ നേട്ടത്തിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരമാരെന്ന് അറിയുമോ? ബ്രസീല്‍ ഇതിഹാസം പെലെയാണ് ഈ റെക്കോഡ് ഇപ്പോഴും കൈപിടിയിലൊതുക്കിയിരിക്കുന്നത്. 1958 ലോകകപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരെ മൂന്ന് ഗോളുകള്‍ അടിച്ചായിരുന്നു താരത്തിന്റെ ഈ നേട്ടം. 17 വയസും 244 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു പെലെ ചരിത്രം സൃഷ്ടിച്ചത്.
പെലെ.
പ്രായം കുറഞ്ഞത് പെലെയെങ്കില്‍ ലോകകപ്പ് ചരിത്രത്തിലെ പ്രായം കൂടിയ ഹാട്രിക്കുകാരന്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 2018 ലോകകപ്പിലായിരുന്നു റോണോ മൂന്ന് ഗോളടിച്ച് പുതുചരിത്രമെഴുതിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ.
സ്‌പെയ്‌നിനെതിരെയായിരുന്നു റോണോയുടെ ഹാട്രിക്ക് നേട്ടം. അന്ന് താരത്തിന്റെ പ്രായം 33 വയസും 130 ദിവസവുമായിരുന്നു. 1978ലെ ലോകകപ്പില്‍ ട്രെബിള്‍ നേടിയ നെതര്‍ലാന്‍ഡ്സ് താരം റോബ് റെന്‍സെന്‍ബ്രിങ്കിന്റെ 30 വര്‍ഷത്തെ റെക്കോഡ് തിരുത്തികുറിച്ചായിരുന്നു റോണോയുടെ ഈ നേട്ടം.
Content Highlight: FIFA World Cup 2026: Pele is the youngest and Cristiano Ronaldo is oldest to score hat trick in FIFA World Cups