| Sunday, 14th June 2026, 7:00 am

ബ്രസീലിനെ ഞെട്ടിച്ച് മൊറോക്കോ; സമനിലയില്‍ തളച്ച് ആഫ്രിക്കന്‍ കരുത്തര്‍

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി -യിലെ ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങി ബ്രസീല്‍. ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചാണ് സമനില നേടിയത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ടീമിന്റെയും ഗോളുകള്‍ പിറന്നത്. ഇതോടെ മൊറോക്കോ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.

മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് മൊറോക്കോയായിരുന്നു. ഇസ്മായില്‍ സൈബാരിയാണ് വല കുലുക്കിയത്. 21ാം മിനിട്ടില്‍ താരം കാനറിപടയെ ഞെട്ടിച്ച് പന്ത് വലയിലെത്തിച്ചത്.

മൊറോക്കോക്ക് വേണ്ടി ഗോൾ നേടുന്ന ഇസ്മായിൽ സൈബാരി.

സ്വന്തം ഹാഫില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ബ്രാഹിം ഡിയാസ് നല്‍കിയ ത്രൂ ബോള്‍ സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ബ്രസീല്‍ ഡിഫന്‍ഡര്‍ ഗബ്രിയേലിനെ കാഴ്ചക്കാരനാക്കി സൈബാരി ഗോള്‍ കീപ്പര്‍ അലിസണ്‍ ബക്കറിന്റെ തലക്ക് മുകളിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

എന്നാല്‍, ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ ബ്രസീല്‍ തിരിച്ചടിച്ചു. 32ാം മിനിട്ടിലായിരുന്നു ടീമിന്റെ സമനില ഗോള്‍ പിറന്നത്. വിനീഷ്യസ് ജൂനിയറാണ് ഗോള്‍ വേട്ടക്കാരന്‍.

ഗോൾ നേട്ടം ആഘോഷിക്കുന്ന വിനീഷ്യസ് ജൂനിയർ.

ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗുയിമാറാ സുമായി നടത്തിയ മികച്ച മുന്നേറ്റത്തിലൂടെയാണ് വിനി വല കുലുക്കിയത്. ഇടത് വിങ്ങിലൂടെ പന്തുമായി ബോക്‌സിലേക്ക് പാഞ്ഞുകയറിയ താരം മൊറോക്കന്‍ പ്രതിരോധനിരയെ ഞെട്ടിച്ചാണ് ഗോള്‍ നേടിയത്.

ഏറെ വൈകാതെ ഒന്നാം പകുതി അവസാനിച്ചു. പിന്നീട് മത്സരം പുനരാംഭിച്ചപ്പോള്‍ ഇരു ടീമുകളും പന്തുമായി കുതിച്ചു. എന്നാല്‍, കിണഞ്ഞ് പരിശ്രമിച്ചിട്ടും സമനിലപൂട്ട് പൊളിക്കാന്‍ ബ്രസീല്‍ താരങ്ങള്‍ക്കും മൊറോക്കോ താരങ്ങള്‍ക്കും സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസിലെത്തിയതോടെ ഇരുവരും പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

Content Highlight: FIFA World Cup 2026: Morocco holds Brazil to a draw in first Group C match

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more