ഫിഫ ലോകകപ്പ് 2026ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ. ഹ്യൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സഹ ആതിഥേയരായ കാനഡയെ തകര്‍ത്താണ് ടീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.
ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ദി അറ്റ്‌ലസ് ലയണ്‍സിന്റെ വിജയം. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മൊറോക്കോ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.
മത്സരത്തില്‍ മൂന്ന് ഗോളുകള്‍ അടിച്ചതോടെ ഒരു സൂപ്പര്‍ നേട്ടവും മൊറോക്കോ സ്വന്തമാക്കി. ഫിഫ ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ മൂന്ന് ഗോളുകള്‍ അടിക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീം എന്ന പട്ടമാണ് ദി അറ്റ്‌ലസ് ലയണ്‍സ് തങ്ങളുടെ പേരില്‍ ചാര്‍ത്തിയത്.
കാമറൂണിന്റെയും സെനഗലിന്റെയും റെക്കോഡ് തകര്‍ത്താണ് മൊറോക്കോയുടെ നേട്ടം. 1990ല്‍ കാമറൂണ്‍ കൊളംബിയക്കെതിരെയും 2002ല്‍ സെനഗല്‍ സ്വീഡനെതിരെയും രണ്ട് ഗോളുകള്‍ വീതമടിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ മൊറോക്കോ തകര്‍ത്തെറിഞ്ഞത്.
അതേസമയം, മത്സരത്തില്‍ ഇരു ടീമുകളും മുന്നേറ്റങ്ങളുമായി കുതിച്ചെങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മൊറോക്കോ ഗോള്‍ നേടി. 50ാം മിനിട്ടില്‍ അസെദിന്‍ ഔനാഹിയാണ് ടീമിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. അഷ്റഫ് ഹക്കിമി നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.
ഏറെ വൈകാതെ മൊറോക്കോ രണ്ടാം ഗോളും അടിച്ചു. ഇത്തവണയും ഔനാഹി തന്നെയാണ് വല കുലുക്കിയത്. 82ാം മിനിട്ടിലെ ഈ ഗോളിന് അസിസ്റ്റ് നല്‍കിയത് ബ്രാഹിം ഡയസാണ്.
മത്സരത്തിലെ മൂന്നാം ഗോള്‍ പിറന്നത് ഇഞ്ചുറി ടൈമിലെ എട്ടാം മിനിട്ടിലാണ്. സൂഫിയാന്‍ റഹിമിയാണ് പന്ത് കാനഡയുടെ വലയിലെത്തിച്ചത്. ഈ ഗോളിനും ബ്രാഹിം ഡയസ് തന്നെയാണ് വഴിയൊരുക്കിയത്.
Content Highlight: FIFA World Cup 2026: Morocco became the first African team to score three goals in a FIFA World Cup knockout match