ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ച് മെക്‌സിക്കന്‍ ഗോള്‍ കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോ. ആറ് ലോകകപ്പുകളില്‍ കളിക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് 40കാരന്‍ സ്വന്തമാക്കിയത്. ഇന്ന് മെക്‌സിക്കോ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കളത്തിലിറങ്ങിയതോടെയാണ് താരത്തിന്റെ നേട്ടം.
ചെക്ക് റിപ്പബ്ലിക്കിനെതിരെയുള്ള മത്സരത്തില്‍ 77ാം മിനിട്ടില്‍ പകരക്കാരനായാണ് ഒച്ചാവോ തന്റെ ആറാം ലോകകപ്പില്‍ ഇറങ്ങിയത്. ഇതോടെ ഇതിഹാസങ്ങളായ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കുമൊപ്പം ഏറ്റവുമധികം ലോകകപ്പില്‍ കളിക്കുന്നവരുടെ ലിസ്റ്റില്‍ താരം തന്റെ പേരും ചേര്‍ത്തു.
ഗില്ലർമോ ഒച്ചാവോ. Photo: Concacaf/x.com
ഒപ്പം ആറ് എഡിഷനുകളില്‍ ബൂട്ടുകെട്ടുന്ന ആദ്യ ഗോള്‍ കീപ്പര്‍ എന്ന നേട്ടവും ഒച്ചാവോ സ്വന്തമാക്കി. 2006ലാണ് മെക്‌സിക്കന്‍ വന്മതില്‍ ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, 2010, 2014, 2018, 2022 ലോകകപ്പുകളിലും താരം മെക്‌സിക്കോക്കായി കളത്തിലിറങ്ങി. ഇതില്‍ 2014ല്‍ ബ്രസീലിനെ ഗോള്‍ രഹിത സമനിലയില്‍ കുടുക്കിയ പ്രകടനം ആരാധകരുടെ മനസില്‍ എന്നുമുണ്ടാകും.
അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ക്ലീന്‍ ഷീറ്റോടെ വിജയിച്ച് മെക്‌സിക്കോ നോക്കൗട്ടിലേക്ക് മുന്നേറിയിട്ടുണ്ട്. ചെക്ക് റിപ്ലബിക്കിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഗ്രൂപ്പ് എ ചാമ്പ്യമാരായാണ് ആതിഥേയരുടെ കുതിപ്പ്.
മെക്സിക്കൻ ടീം. Photo: The Touchline | 𝐓/x.com
മത്സരത്തില്‍ ഒന്നാം പകുതില്‍ ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മെക്‌സിക്കോ ലീഡ് നേടി. 55ാം മിനിട്ടില്‍ മറ്റിയോ ഷാവേസാണ് ഗോളടിച്ചത്. ലൂയിസ് റൊമോയുടെ വകയാണ് അസിസ്റ്റ്.
ഏറെ വൈകാതെ മെക്‌സിക്കോ വീണ്ടും വല കുലുക്കി. ജൂലിയന്‍ ക്വിയോണ്‍സാണ് ഇത്തവണത്തെ ഗോള്‍ സ്‌കോറര്‍. 61ാം മിനിട്ടില്‍ ജോര്‍ജ് സാഞ്ചേസ് നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു താരം പന്ത് വലയിലെത്തിച്ചത്.
മത്സരം അവസാനിക്കും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആല്‍വാരോ ഫിദാല്‍ഗോ മെക്‌സിക്കോയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. റോബര്‍ട്ടോ അല്‍വാറാഡോയുടെ പന്ത് സ്വീകരിച്ച് 90+ 4ാം മിനിട്ടിലാണ് ഈ ഗോള്‍ പിറന്നത്.
Content Highlight: FIFA World Cup 2026: Mexico’s goal Keeper Guillermo Ochoa became third player to feature in sixth World Cup