ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി മറ്റൊരു ഫിഫ ലോകകപ്പിന് കൂടി അരങ്ങുണരുകയാണ്. ജൂണ്‍ 11 മുതലാണ് 2026 ലോകകപ്പിന് തിരി തെളിയുന്നത്. പിന്നീട് ജൂലൈ 19 വരെ ഒരു തുകല്‍ പന്തിന്റെ ചലനങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ലോകത്തിന്റെ വിവിധ കോണിലുള്ള കാല്‍പന്ത് ആരാധകരുടെ നെഞ്ചിടിപ്പിന്റെ വേഗത.
23ാം എഡിഷന്‍ തുടങ്ങാന്‍ ഇനി വെറും എട്ട് ദിവസങ്ങളുടെ ദൂരം മാത്രമാണുള്ളത്. ഈ വര്‍ഷം ആരാവും ജേതാവ് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒരിക്കല്‍ കപ്പെടുത്തവര്‍ തന്നെ ലോകകത്തിന്റെ നെറുകയിലെത്തുമോ അതോ ലോകരെ മൊത്തം മോഹിപ്പിക്കുന്ന കനകക്കപ്പിന് പുതിയ അവകാശികള്‍ എത്തുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.
ആദ്യ ലോകകപ്പ് നേടിയ ഉറുഗ്വേ ടീം. Photo: thesefootballtimes.co
പുതിയ ലോകകപ്പിന് അരങ്ങുണരുമ്പോള്‍ ഇതുവരെയുള്ള ലോകകപ്പ് ചാമ്പ്യന്മാരെ നമ്മുക്ക് പരിചയപ്പെടാം. 1930ന് തുടക്കമിട്ട ടൂര്‍ണമെന്റ് ഇതുവരെ 22 എഡിഷനുകളാണ് പിന്നിട്ടത്. ഓരോ ലോകകപ്പിലും പത്തിലധികം ടീമുകള്‍ പരസ്പരം പോരടിച്ചിട്ടും വെറും എട്ട് രാജ്യങ്ങള്‍ക്ക് മാത്രമാണ് ഏവരും കിനാവ് കാണുന്ന മോഹക്കപ്പില്‍ മുത്തമിട്ടത്.
ആദ്യ ലോകകപ്പില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഉറുഗ്വേയാണ് ജേതാക്കളായത്. 1950ന് ഒരിക്കല്‍ കൂടി ടീം ലോകകപ്പുയര്‍ത്തിയെങ്കിലും ടീമിന് പിന്നീട് ഒരിക്കല്‍ പോലും ആ ഭാഗ്യമുണ്ടായിട്ടില്ല. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണയും ഉറുഗ്വേന്‍പട വിശ്വവേദിയില്‍ എത്തുന്നത്.
രണ്ട് കിരീടങ്ങളുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ തവണ ലോക ചാമ്പ്യന്മാരായത് ഉറുഗ്വേയല്ല. അത് പെലെ, റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ എന്നീ പ്രതിഭകളെ ലോകഫുട്‌ബോളിന് സമ്മാനിച്ച ബ്രസീലാണ്. അഞ്ച് തവണയാണ് മഞ്ഞക്കുപ്പായക്കാര്‍ കിരീടത്തില്‍ മുത്തമിട്ടത്. 1958, 1962, 1970, 1994, 2002 എന്നീ വര്‍ഷങ്ങളിലായിരുന്നു ടീമിന്റെ കിരീടനേട്ടങ്ങള്‍.
ലോകകപ്പുമായി ബ്രസീൽ ടീം. Photo: theanalyst.com/
രണ്ടാം സ്ഥാനത്ത് നാല് വീതം ലോകകപ്പ് സ്വന്തമാക്കിയ ജര്‍മനിയും ഇറ്റലിയുമാണ്. 1954, 1974, 1990, 2014 എന്നീ വര്‍ഷങ്ങളിലാണ് ജര്‍മന്‍ ടീം കിരീടം ഉയര്‍ത്തിയത്. 1934, 1938, 1982, 2006 എന്നീ വര്‍ഷങ്ങളില്‍ അസൂറിപ്പടയും കപ്പുയര്‍ത്തി. എന്നാല്‍, കഴിഞ്ഞ മൂന്ന് എഡിഷനുകളിലായി ലോകകപ്പിന് യോഗ്യത പോലും നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്നത് നിര്‍ഭാഗ്യകരമാണ്.
കപ്പുയര്‍ത്തിയവരുടെ പട്ടികയില്‍ അടുത്തത് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ്. 2022ല്‍ കപ്പുയര്‍ത്തുന്നതിന് മുമ്പ് 1978ലും 1986ലും ചാമ്പ്യന്മാരായായിരുന്നു. ഒരിക്കല്‍ കൂടി ഈ വിജയത്തിന്റെ മധുരമറിയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ലോകകപ്പില്‍ ഈ പന്ത് തട്ടാന്‍ ഒരുങ്ങുന്നത്.
2022 ലോകകപ്പുമായി അർജന്റീന ടീം.
അടുത്തതായി ചാമ്പ്യന്മാരുടെ ലിസ്റ്റിലുള്ളത് രണ്ട് തവണ കിരീടമുയര്‍ത്തിയ ഉറുഗ്വേക്കൊപ്പം ഫ്രാന്‍സാണ്. 1998, 2018 ലായിരുന്നു ഫ്രഞ്ച് പട കിരീടം നേടിയെടുത്തത്. ഒറ്റ തവണ കപ്പുയര്‍ത്തിയ ഇംഗ്ലണ്ടും സ്‌പെയ്‌നുമാണ് ജേതാക്കളുടെ ലിസ്റ്റില്‍ അവസാന സ്ഥാനക്കാര്‍. ഇംഗ്ലണ്ട് 1966 കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ലാ റോജയുടെ കിരീട നേട്ടം 2010ലായിരുന്നു.
Content Highlight: FIFA World Cup 2026: List of Teams with most World Cups